ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോയെന്ന് സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഹൈക്കോടതിയില്‍ കേന്ദ്ര ഏജന്‍സിയുടെ അഭിഭാഷകന്‍ പറഞ്ഞു.

എക്‌സാലോജിക് സിഎംആര്‍എല്‍ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു. കേസില്‍ പ്രമുഖ രാഷ്ട്രീയനേതാവിന് കൈക്കൂലി കിട്ടിയോ എന്നതും ഏജന്‍സി പരിശോധിക്കുന്നുണ്ട്. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തില്‍ പണം നല്കിയതെന്നും എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ വാദം ഈ മാസം 23 ന് വീണ്ടും തുടരും.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ സിഎംആര്‍എല്ലാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നാണ് ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി വിശദമായ വാദം കേട്ടത്.

മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വാദിച്ചിരുന്നു. ആദായ നികുതി സെറ്റില്‍മെന്റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോണ്‍ ജോര്‍ജിന് രഹസ്യ രേഖകള്‍ എങ്ങനെ കിട്ടിയെന്നും സിഎംആര്‍എല്‍ ചോദിച്ചിരുന്നു.

ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. സെറ്റില്‍മെന്റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം.പക്ഷെ രഹസ്യ രേഖകള്‍ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്ന് സിഎംആര്‍എല്‍ ചോദിച്ചു. അതേസമയം, വീണാ വിജയനുമായി ബന്ധപ്പെട്ട മാസപടി കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും, അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുമെന്നും എസ്എഫ്‌ഐഒ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ എസ്എഫ്‌ഐഒ സത്യവാങ്മൂലം നല്‍കിയിരുന്നു. ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും സ്വതന്ത്ര അന്വേഷണമാണ് നടന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ വേണ്ടയോ എന്നത് കേന്ദ്രം തീരുമാനിക്കും.

ഷോണ്‍ ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു ജനുവരി 31ന് എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയത്. ഇതിനെതിരെ കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി അനുവദിച്ചിരുന്നില്ല. സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മടിച്ച സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തായെ ഇ.ഡി വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.