ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എക്‌സാലോജിക്കിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഇന്ന് കേസ് കോടതിയില്‍ പരിഗണിച്ചപ്പോള്‍ സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി കരാറില്‍ സിഎംആര്‍എല്ലിനെതിരെ എസ്എഫ്ഐഒ രംഗത്തുവന്നു. സിഎംആര്‍എല്‍ എക്സാലോജിക്കിന് പണം നല്‍കിയത് അഴിമതി തന്നെയെന്നാണ് എസ്ഐഫ്ഐഒ പറഞ്ഞത്.

രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറച്ചുവെക്കാനാണെന്നും എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. വാദങ്ങള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ എഴുതി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. അന്വേഷണം റദ്ദാക്കണമെന്ന് സിഎംആര്‍എല്ലിന്റെ ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. കേസില്‍ വസ്തുതാന്വേഷണം നടത്താന്‍ അധികാരമുണ്ടെന്നും എസ്എഫ്ഐഒ കൂട്ടിച്ചേര്‍ത്തു.

രേഖകള്‍ കൈമാറാന്‍ ആദായ നികുതി വകുപ്പിന് അധികാരമുണ്ട്. അതിന് കൃത്യം നിയമങ്ങള്‍ ഉണ്ടെന്ന് എസ്എഫ്‌ഐഒയെ പിന്തുണച്ചു കൊണ്ട് ഐടി വിഭാഗവും കോടതിയില്‍ വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിക്കേവ് ഭീരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കു സി.എം.ആര്‍.എല്‍ പണം നല്‍കിയോയെന്നു സംശയമുണ്ടെന്നു സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) കോടതിയില്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുന്നതായി കേന്ദ്ര ഏജന്‍സിയുടെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

എക്സാലോജിക് ഒരു സേവനവും നല്‍കിയിട്ടില്ലെന്നും എന്നാല്‍ പണം നല്‍കുന്നുണ്ടെന്നും സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. പണം നല്‍കിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എക്സാലോജിക് - സി.എം.ആര്‍.എല്‍ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചു. വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തില്‍ പണം നല്‍കിയത് കാലിത്തീറ്റ കുംഭകോണ കേസിനെ അനുസ്മരിപ്പിക്കുന്നെന്നും എസ്.എഫ്.ഐ.ഒയുടെ സത്യവാങ്മൂലത്തിലുണ്ട്.

മാസപ്പടിക്കേസിലെ എസ്.എഫ്.ഐ.ഒ അന്വേഷണം ചട്ടവിരുദ്ധമാണെന്നാണ് സി.എം.ആര്‍.എല്‍ കഴിഞ്ഞ തവണ വാദിച്ചത്. ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസാണിത്. അതില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കേസുമായി നേരിട്ടു ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോണ്‍ ജോര്‍ജിന് രഹസ്യരേഖകള്‍ എങ്ങനെ കിട്ടിയെന്നും സി.എം.ആര്‍.എല്‍ ചോദിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെ 20 പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് ഡിസംബര്‍ രണ്ടിന് എസ്.എഫ്.ഐ.ഒ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനാണ് വീണയുടെ മൊഴിയെടുത്തത്. എക്സാലോജികിന് പണം നല്‍കുന്നുണ്ടെന്നും, എന്നാല്‍ പ്രത്യേക സേവനമൊന്നും പകരം നല്‍കുന്നില്ലെന്നും കമ്പനി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എസ്.എഫ്.ഐ.ഒ വ്യക്തമാക്കി.