തിരുവനന്തപുരം: 25 വർഷത്തിന് ശേഷം ശബരി റെയിൽ പദ്ധതിക്ക് വീണ്ടു പ്രതീക്ഷയുടെ ജീവൻ വെക്കുന്നു.ശബരി റെയിൽ പദ്ധതിയെ കുറിച്ച് 14-ന് റെയിൽവേ ബോർഡും കെ റെയിലുമായി പുതുക്കിയ എസ്റ്റിമേറ്റിനെ കുറിച്ച് ന്യൂഡൽഹിയിൽ ചർച്ച നടക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് കേരളം.25 വർഷത്തിനിടക്ക് ഒട്ടേറെ തവണ റെയിൽ പാതയെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും ഇത്തവണ പദ്ധതിയിൽ എതിർപ്പുകൾ കുറഞ്ഞതടക്കം കേരളത്തിന് പ്രതീക്ഷ വെക്കാനേറെയുണ്ട്.

എന്നാൽ നിർദിഷ്ട അങ്കമാലി- എരുമേലി ശബരിപാതക്ക് പകരമായി ചെങ്ങന്നൂർ- പമ്പ ആകാശപാതയെന്ന പുതിയ പദ്ധതിക്കാവും കേന്ദ്രസർക്കാർ പരിഗണന നൽകുകയെന്നാണ് സൂചന.ഇക്കാര്യം ഔദ്യോഗികമായി തന്നെ ഇന്ത്യൻ റെയിൽവേ സമ്മതിച്ചിരുന്നു.187 ലക്ഷം രൂപ ചെലവിൽ അന്തിമ ലൊക്കേഷൻ സർവേ (എഫ്എൽഎസ്) നടത്തുമെന്നും അത് പൂർത്തിയായാൽ അന്തിമ ചെലവ് കണക്കാക്കി,ഡിപിആർ തയ്യാറാക്കാനുള്ള പദ്ധതിയുമായി മെട്രോമാൻ ശ്രീധരനാണ് മുൻകൈയെടുക്കുന്നത്.

പമ്പാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ് ആകാശപാതയുടെ 75 കിലോമീറ്റർ റൂട്ട്.പതിമൂവായിരം കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.പദ്ധതി യാഥാർത്ഥ്യമായാൽ പമ്പ വരെ ആകാശ പാതയിലൂടെ തീർത്ഥാടകർക്ക് എത്താനാകും.ശബരി റെയിൽ പാത എരുമേലിയിൽ അവസാനിക്കും.അതുകൊണ്ട് തന്നെ തീർത്ഥാടകർക്ക് കൂടുതൽ മെച്ചം ആകാശ പാതയാണ്.സ്ഥലം ഏറ്റെടുക്കലിലും വലിയ തടസ്സങ്ങളുണ്ടാകില്ലെന്നതും കേന്ദ്രത്തിന് മുന്നിൽ ആകാശപാതയക്ക് സാധ്യത വർദ്ദിപ്പിക്കും.

1998 ലാണ് ശബരിമല തീർത്ഥാടകർക്ക് യാത്രാസൗകര്യം കണക്കിലെടുത്തുകൊണ്ട് ശബരി റെയിൽപാത പ്രഖ്യാപിച്ചത്.എന്നാൽ അന്ന് പ്രഖ്യാപിച്ച പദ്ധതിയിൽ നീണ്ട കാലയളവിനിടെ നയ സമീപനങ്ങൾ ഏറെ മാറിയിട്ടുണ്ട്.അങ്കമാലി മുതൽ എരുമേലി വരെ നീളുന്ന ശബരി പദ്ധതിക്ക് ഇപ്പോൾ സ്ഥലമെടുപ്പിന്റെ വിഷയത്തിലടക്കം കാര്യമായ എതിർപ്പുകളില്ല എന്നതാണ് പാത നടപ്പിലാകുമെന്ന് പ്രതീക്ഷക്ക് ഇപ്പോഴും വക നൽകുന്നത്.ശബരിപാത ഉപേക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചപ്പോൾ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ച് പദ്ധതിക്ക് ജീവൻ വയ്പിച്ചിരുന്നു.ഇതിന്റെ പുതുക്കിയ എസ്റ്റിമേറ്റ് കെ- റെയിൽ നൽകി.പെരിയാറിനു കുറുകെ പാലം അടക്കം അങ്കമാലി- - പെരുമ്പാവൂർ ഖേലയിൽ എട്ടു കിലോമീറ്റർ പാത പൂർത്തിയായി. 250 കോടി രൂപയും ചെലവിട്ടു. തൊടുപുഴയ്ക്ക് അടുത്ത് കാഞ്ഞൂർവരെ സ്ഥലമേറ്റെടുപ്പും പൂർത്തിയായിരുന്നു.

ശബരി റെയിൽ പദ്ധതിക്ക് പ്രതീക്ഷ വർദ്ദിപ്പിച്ചുകൊണ്ട് അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ ഇന്ന് വലിയ പരിഗണനയാണ് നൽകുന്നത്.അതിവേഗ ട്രെയിനുകൾ, പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം, ചരക്ക് ഇടനാഴികൾ, സിഗ്‌നൽ നവീകരണം എന്നിവയ്ക്ക് റെയിൽവേ ഏറെ പ്രാധാന്യം നൽകുന്നു.പ്രധാന മന്ത്രിയുടെ ഗതിശക്തി മിഷനിലാണ് 111 കിലോമീറ്റർ ദൂരമുള്ള ശബരി പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
അടുത്തതായി കൂടാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കേരളത്തിൽനിന്നുള്ള അംഗങ്ങൾ പദ്ധതി നടപ്പാക്കുന്ന കാര്യം ഉന്നയിക്കുമെന്നാണ് സൂചന.

കേരള സർക്കാരിനും ശബരി പദ്ധതിക്ക് ജീവൻ വെക്കുന്നത് വലിയ വികസന ചുവടുവെയ്‌പ്പായി മാറും.25 വർഷത്തിനിടക്ക് പലവുരു ഭരിച്ച കോൺഗ്രസ്സ് സർക്കാർ കേന്ദ്രത്തിലും കേളത്തിലുമടക്കം ഭരണം കൈയാളിയിട്ടും ശബരി പാതയുടെ കാര്യത്തിൽ ഒരു മുന്നേറ്റവുമുണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് ഇടതുപക്ഷത്തിന് ആയുധമാക്കുകയും ചെയ്യാം.നേരത്തേ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തിനുണ്ടായ അതൃപ്തി ഉൾപ്പെടെ നീണ്ടനാളായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് പുതുജീവൻ നൽകിയാൽ ഒരു പരിധി വരെ മാറ്റാമെന്നും ഇടതുപക്ഷത്തിന് ചിന്തയുണ്ട്.

അതിനാൽ തന്നെ സിൽവർ ലൈൻ പദ്ധതി തത്കാലം സജീവമല്ലാത്തതിനാൽ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയും ഇപ്പോൾ ശബരി പദ്ധതിക്ക് ലഭിക്കുന്നുണ്ട്.പദ്ധതിയുടെ പകുതിച്ചെലവ് സംസ്ഥാനമാണ് വഹിക്കുന്നത്. രാമപുരത്തുനിന്ന് എരുമേലി വരെ പുതിയ അലൈന്മെന്റ് പ്രകാരം കൃത്യമായി സർവേ ചെയ്യാതെയാണ് മുൻപ് എസ്റ്റിമേറ്റ് റെയിൽവേ നൽകിയത്. 2021-ൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കെ റെയിലിനെ ഏൽപ്പിച്ചശേഷം ഹെലികോപ്റ്റർ ഉപയോഗിച്ച് ലിഡാർ സർവേ നടത്തി.ഈ മാർച്ചിൽ വിശദമായ എസ്റ്റിമേറ്റും നിർദേശങ്ങളും സമർപ്പിച്ചു.പുതിയ അലൈന്മെന്റ് അനുസരിച്ച് മൂന്നു ജില്ലകൾക്ക് വലിയ ഗുണം ലഭിക്കുന്ന ഒരു സാമൂഹിക റെയിൽ പദ്ധതിയായി ശബരി മാറും.

എന്നാൽ സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്ന ശബരി റെയിൽ പാതയും മെട്രോമാന്റെ അതിവേഗ ആകാശപാതയും തമ്മിൽ മാറ്റുരക്കുമ്പോൾ കേന്ദ്രം പ്രഥമ പരിഗണന ഏത് പദ്ധതിക്കാവും നൽകുക എന്നതാവും ശ്രദ്ദേയം.രണ്ട് പദ്ധതിയും പരിഗണിച്ചാൽ അത് കേരളത്തിനും ശബരിമല തീർത്ഥാടകർക്കും വലിയ നേട്ടമായി തന്നെ മാറും.രണ്ട് പദ്ധതികളുടേയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കേന്ദ്രം നിലപാടെടുത്താൽ ശബരിമലയിലേക്ക് ആകാശമാർഗ്ഗവും റെയിൽ മാർഗ്ഗവും എത്താനുള്ള വഴിയാകും തെളിയുക.