കണ്ണൂർ: ജീവിതത്തിൽ തനിക്ക് ലഭിച്ച ഭാഗ്യങ്ങളിലൊന്നാണ് ശബരിമല മേൽശാന്തി നിയമനമെന്ന് കണ്ണൂർ മലപ്പട്ടം അഡൂർ സ്വദേശി കെ.ജയരാമൻനമ്പൂതിരി പറഞ്ഞു.ഏതു ജോലിയും അതിനെ പൂർണമായി ഉൾക്കൊണ്ട് ചെയ്യുകയെന്നതാണ് തന്റെ രീതി.സന്നിധാനത്തും അത്തരത്തിൽ ആതമസമർപ്പണത്തോടെയാവും സ്ഥാനമേറ്റ് ജോലി ചെയ്യുകയെന്നും നിയുക്ത ശബരിമല മേൽശാന്തി ജയരാമൻനമ്പൂതിരി പറഞ്ഞു.താൻ നിത്യപൂജ ചെയ്തുവരുന്ന ചൊവ്വയിലപ്പന്റെ അനുഗ്രഹമാണ് ഈ നിയോഗത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ ചൊവ്വ ശിവ ക്ഷേത്രത്തിലെ മേൽശാന്തിയായി ജോലി ചെയ്തു വരികെയാണ് ശബരിമല മേൽശാന്തിയായി ജയരാമൻനമ്പൂതിരിയെ സന്നിധാനത്ത് നടന്ന നറുക്കെടുപിലൂടെ തിരഞ്ഞെടുക്കുന്നത്.15 വർഷങ്ങൾക്ക് ശേഷമാണ് കണ്ണൂരിൽ നിന്നും മറ്റൊരു മേൽശാന്തി കൂടി സന്നിധാനത്തേക്ക് എത്തുന്നത്.എസ്.എസ്.എൽ സി ഫസ്റ്റ് ക്‌ളാസോടെ വിജയിച്ച ജയരാമൻ പിന്നീട് പഠനം നിർത്തി ആത്മീയ മേഖലയിലേക്ക് തിരിയുകയായിരുന്നു.

പന്തളം കൊട്ടാരത്തിൽ നിന്നുള്ള കൃതികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. പത്തുപേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള പത്തുപേരുടെ അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അസ്വ കെ. അനന്ത ഗോപാൻ, ബോർഡ് അംഗം പി.എം തങ്കപ്പൻ , ദേവസ്വം കമ്മിഷണർ ബി.എസ് പ്രകാശ്, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ്, ഹൈ കോടതി നിയോഗിച്ചുള്ള നിരീക്ഷകൻ റിട്ട: ജസ്റ്റിസ് ആർ. ഭാസ്‌കരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു.പന്തളം കൊട്ടാരത്തിലെ പൗർണമി ജി. വർമയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. എട്ട് ശാന്തിമാരിൽ നിന്നാണ് ഹരിഹരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ റിട്ട. ജസ്റ്റിസ് എൻ. ഭാസ്‌കരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനായി സന്നിധാനത്ത് നിന്നും സംഘം മാളികപ്പുറത്തേയ്ക്ക് എത്തുകയായിരുന്നു.

അതേസമയം ശബരിമല മേൽശാന്തി നിയമനത്തിനായുള്ള നറുക്കെടുപ്പ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.എന്നാൽ മേൽശാന്തി നിയമനം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.