- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വന്തം മാറിടത്തില്‍ ഒരാള്‍ മനഃപൂര്‍വ്വം കൈമുട്ട് കൊണ്ട് തട്ടുന്നുണ്ടെങ്കില്‍ ആത്മാഭിമാനമുള്ള പെണ്ണിന്റെ ചുണ്ടില്‍ ഒരിക്കലും ചിരി വരില്ല! ഷിംജിതയ്ക്ക് വേണ്ടത് 'കണ്ടന്റ്'; ദീപക് വീണത് സൈബര്‍ ചതിയില്‍: ആഞ്ഞടിച്ച് ഷബ്‌ന ഷംസു

കോഴിക്കോട്: ബസിലെ ലൈംഗികാതിക്രമം ആരോപിച്ച് ഷിംജിത പങ്കുവെച്ച വീഡിയോയെയും തുടര്‍ന്നുണ്ടായ ദീപക്കിന്റെ ആത്മഹത്യയെയും വിശകലനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ കുറിപ്പ്. ഷിംജിത ഈ കേസില്‍ ഒരു 'കണ്ടന്റ്' മാത്രമാണ് ഉദ്ദേശിച്ചതെന്ന് ഷബ്‌ന ഷംസു തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. സ്വന്തം മാറിടത്തില്‍ ഒരാള്‍ മനഃപൂര്‍വ്വം കൈമുട്ട് കൊണ്ട് തട്ടുന്നുണ്ടെങ്കില്‍ ആത്മാഭിമാനമുള്ള പെണ്ണിന്റെ ചുണ്ടില്‍ ഒരിക്കലും ചിരി വരില്ലെന്ന് വീഡിയോയിലെ ഷിംജിതയുടെ ഭാവങ്ങളെ മുന്‍നിര്‍ത്തി അവര്‍ ചൂണ്ടിക്കാട്ടുന്നു.
ദീപക് ഒരു അന്തര്‍മുഖനായിരുന്നു (Introvert). തന്റെ ചെറിയ ലോകത്ത് അന്തസ്സോടെ ജീവിച്ച ഒരാളുടെ മേല്‍ പെട്ടെന്നുണ്ടായ അപകീര്‍ത്തി അയാളെ തകര്‍ത്തു കളഞ്ഞു. ചെയ്യാത്ത കുറ്റം തെളിയിക്കാന്‍ നില്‍ക്കാതെ അയാള്‍ ജീവിതം അവസാനിപ്പിച്ചത് ആത്മാഭിമാനം തകര്‍ന്നതുകൊണ്ടാവാം. അവള്‍ മാത്രമാണ് ശരി എന്ന് വാദിക്കുന്ന 'സ്യൂഡോ ഫെമിനിസ്റ്റുകള്‍' ഫെമിനിസം എന്ന ആശയത്തെ വികലമാക്കുകയാണ്. റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി മാത്രം നിലകൊള്ളുന്ന ഇക്കൂട്ടര്‍ യഥാര്‍ത്ഥ അതിജീവിതകളെ അപമാനിക്കുകയാണെന്നും ഷബ്‌ന കുറിക്കുന്നു. ഫെമിനിസം എന്നത് സ്ത്രീ-പുരുഷ വിദ്വേഷമല്ല, മറിച്ച് മനുഷ്യത്വമാണ്. ചതിക്കപ്പെടുന്നവരും മാനിപുലേറ്റ് ചെയ്യപ്പെടുന്നവരുമായ ആണും പെണ്ണും ട്രാന്‍സും അടങ്ങുന്ന മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ശരിയായ നിലപാടെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഓരോ മനുഷ്യന്റെയും ജീവിതം ഉള്ളംകൈയില്‍ പിടിച്ച റോസാപ്പൂവ് പോലെയാണെന്നും സ്‌നേഹത്തോടെ തലോടുമ്പോള്‍ മണമുണ്ടാകുമെന്നും എന്നാല്‍ അമര്‍ത്തി ഞെരുക്കിയാല്‍ ചോര പൊടിയുമെന്നും കുറിപ്പില്‍ പറയുന്നു. ദീപക്കിന്റെ അമ്മയുടെ 'മുത്തേ' എന്ന വിളി കാതില്‍ മുഴങ്ങുന്നുണ്ടെന്നും നഷ്ടം ആ അമ്മയ്ക്ക് മാത്രമാണെന്നും പറഞ്ഞാണ് ഷബ്‌ന കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഷബ്‌നയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
എല്ലാ ദിവസവും ബസില്‍ യാത്ര ചെയ്യുന്നത് കൊണ്ട് ബസിലെ ഞരമ്പ് രോഗികളുടെ കുല്‍സിതങ്ങള്‍ക്ക് ഇരയായിട്ടുണ്ട്..
ആ സമയത്ത് തന്നെ ശക്തമായ രീതിയില്‍ പ്രതികരിക്കുകയും കണ്ടക്ടര്‍ അടക്കം ഇടപെടുകയും ചെയ്തിട്ടുണ്ട്..
ചെറിയ പെണ്‍കുട്ടികള്‍ വരെ അനുവാദമില്ലാതെ ദേഹത്ത് തൊടരുതെന്ന് ചിന്തിക്കുന്നവരും കൃത്യ സമയത്ത് പ്രതികരിക്കുന്നവരുമാണ്..
ഇപ്പോ നടന്ന ഈ ഒരു മരണം കൊണ്ട് ഞരമ്പ് രോഗികളുടെ മാനസിക വൈകൃതത്തെ ഒരിക്കലും നിസാരവത്കരിക്കരുത്..
പക്ഷേ ഈ കേസില്‍ അവള്‍ ഒരു കൊണ്ടന്റ് ആണ് ഉദ്ദേശിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. അവിടെ സ്വന്തം ശരീരമോ അതിലേക്കുള്ള കടന്നുകയറ്റമോ ഒന്നും അവരെ ബാധിച്ചിട്ടില്ല.. സ്വന്തം മാറിടത്തില്‍ ഒരാള്‍ മനപൂര്‍വം കൈമുട്ട് കൊണ്ട് തട്ടുന്നുണ്ടെങ്കില്‍ ആത്മാഭിമാനമുള്ള പെണ്ണിന്റെ ചുണ്ടില്‍ ഒരിക്കലും ചിരി വരില്ല..
ദീപകിന്റെ കൂട്ടുകാരന്‍ പറയുന്നുണ്ട് അദ്ദേഹം വലിയ ഒരു ഇന്‍ട്രോവെര്‍ട്ട് ആയിരുന്നു എന്ന്.. ചെറിയ ലോകത്ത് ജീവിക്കുന്ന മനുഷ്യരാണ് അവര്‍. കുറച്ച് മനുഷ്യര്‍, അതിന് ചുറ്റും അവരുണ്ടാക്കി എടുക്കുന്ന വിരലില്‍ എണ്ണാവുന്ന ബന്ധങ്ങള്‍, സ്‌നേഹവും സന്തോഷവും സങ്കടവും ആ ഒരുപറ്റം മനുഷ്യര്‍ക്ക് ഇടയില്‍ പങ്കിട്ട് ജീവിച്ചു തീര്‍ക്കുന്നവര്‍.
ഒരു നിമിഷം കൊണ്ട് മുന്നിലേക്ക് വന്ന അപകീര്‍ത്തിയില്‍ ഇന്നോളം കെട്ടിപ്പടുത്ത ഇമേജൊക്കെയും വീണുടഞ്ഞപ്പോള്‍, ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മുന്നിലേക്ക് ഇട്ടു തന്ന് അയാള്‍ ഈ യാത്ര അവസാനിപ്പിച്ചു പോയിരിക്കുന്നു.
ചെയ്യാത്ത കുറ്റം തെളിയിക്കാനോ പോലീസിന്റെ സഹായം തേടാനോ ശ്രമിക്കാതെ ജീവനൊടുക്കിയത് ഒറ്റ മോനായി വളര്‍ന്നതിന്റെ സാഹചര്യം കൊണ്ടും അന്തര്‍മുഖ മനസ് കിട്ടിയത് കൊണ്ടുമാവാം.. തന്റെ പ്രിയപ്പെട്ട മനുഷ്യര്‍ക്ക് മുന്നില്‍ അയാളുടെ അഭിമാനം തകര്‍ന്നപ്പോ ഇനി ജീവിച്ചിട്ട് എന്ത് കാര്യം എന്നയാള്‍ക്ക് തോന്നിയിരിക്കാം.. ആത്മാഭിമാനത്തേക്കാള്‍ വലുതല്ലല്ലോ നമുക്ക് വേറെയൊന്നും.
ഇതിനിടയില്‍ ആ മനുഷ്യന്റെ മേല്‍ കുറ്റം ആരോപിച്ച്, അവളാണ് ശരി, അവള്‍ മാത്രമാണ് ശരി എന്ന് വാദിക്കുന്ന, അതിജീവിതകളെ സംരക്ഷിക്കുന്ന കുറച്ച് സ്യൂഡോ ഫെമിനിസ്റ്റുകള്‍ ഇറങ്ങിയിട്ടുണ്ട്..
എന്തിന്റെ പേരിലായാലും, എന്ത് കാരണങ്ങള്‍ കൊണ്ടായാലും മാനസികമായും ശാരീരികമായും മുറിവേറ്റ പെണ്ണുങ്ങളേ, നിങ്ങള്‍ക്ക് ഞാനുണ്ട് ഞങ്ങളുണ്ട് എന്നതാണ് അവരുടെ മുദ്രാവാക്യം.. ഇത്തരക്കാര്‍ ഫെമിനിസം എന്ന മഹത്തായ ആശയത്തെ പോലും വികലമായി കാണുന്നവരാണ്. ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത വെറും റീച്ചിനും പബ്ലിസിറ്റിക്കും മാത്രം നിലകൊള്ളുന്നവരായിട്ടാണ് അതില്‍ ഒരു വിഭാഗത്തെ പറ്റി തോന്നിയിട്ടുള്ളത്..
കൂട്ടത്തില്‍ പറയട്ടെ, ചില സമകാലിക സംഭവങ്ങളില്‍ പരസ്പര സമ്മതത്തോടെ എല്ലാം ചെയ്തിട്ട്, അവസാനം പരസ്പരം തെറ്റുമ്പോ അയാളെ മാത്രം സമൂഹത്തിന്റെ മുന്നിലേക്ക് കാള്‍ ഔട്ട് ചെയ്യുന്നതല്ല സ്ത്രീപക്ഷ നിലപാട്. അവരല്ല യഥാര്‍ത്ഥ അതിജീവതകള്‍.
ചതിക്കപ്പെടുന്നവര്‍, വീണു പോകുന്നവര്‍, മാനിപ്പുലേറ്റ് ചെയ്യപ്പെട്ടവര്‍, അങ്ങനെ നിരവധി മനുഷ്യര്‍ ഉണ്ട് നമുക്ക് ചുറ്റും. അതില്‍ ആണും പെണ്ണും ട്രാന്‍സും ഉണ്ട്.. അത്തരം മനുഷ്യര്‍ക്ക് ഒപ്പമാവുക എന്നത് കൂടിയാണ് ഫെമിനിസം.
ഫെമിനിസ്റ്റ് എന്നാല്‍ ആണും പെണ്ണും ട്രാന്‍സും എല്ലാം കൂടിയുള്ള മനുഷ്യരാണ്. മനുഷ്യത്വം എന്നതാണ് ഫെമിനിസത്തിന്റെ സത്ത. പുരുഷ - സ്ത്രീ വിദ്വേഷകരല്ല, നല്ല മനുഷ്യരാവുക എന്നതാണ് ഫെമിനിസ്റ്റ് ആവുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓരോ മനുഷ്യന്റെയും ജീവിതം ഉള്ളം കൈയില്‍ പിടിച്ച റോസാപൂവ് പോലെയാണ്. സ്‌നേഹത്തോടെ തലോടുമ്പോ അതിന് സ്‌നേഹത്തിന്റെ മണമുണ്ടാവും. അമര്‍ന്നു ഞെരുങ്ങിപ്പോയാല്‍ ചുടുചോര പൊടിയും.
ആ അമ്മയുടെ മുത്തേ എന്ന വിളി ചെവിയില്‍ ഇപ്പോഴുമുണ്ട്. നഷ്ടപ്പെട്ടത് അവര്‍ക്ക് മാത്രമാണ്. പാതിവഴിയില്‍ വീണുപോയ ആ മനുഷ്യന് ആദരാഞ്ജലികള്‍..


