- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കനിവിൻ നാഥനെ..! ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ഷാഫി
കോട്ടയം: കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പ്രിയശിഷ്യനായിരുന്നു ഷാഫി പറമ്പിൽ. വടകരയിൽ നിർണായകമായ രാഷ്ട്രീയ പോരാട്ടം തുടങ്ങിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചാണ് ഷാഫി പ്രചരണം തുടങ്ങിയത്. വൈകാരികമായി തന്നെയായിരുന്നു ഷാഫി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ നെഞ്ചേറ്റിയത്. ഒടുവിൽ വടകരയിൽ കരുത്തയായ കെ കെ ശൈലജയെ ആധികാരികമായി തോൽപ്പിച്ചു ശേഷം കല്ലറയിൽ ഉറങ്ങുന്ന രാഷ്ട്രീയ ഗുരുവിനെ കാണാൻ വീണ്ടും ഷാഫിയെത്തി.
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ചു നന്ദി പറഞ്ഞു ഷാഫി. ചാണ്ടി ഉമ്മനും പി സി വിഷ്ണുനാഥും ഷാഫിക്കൊപ്പം കല്ലറയിൽ എത്തിയിരുന്നു. വർഗീയ പ്രചരണത്തെയും കോൺഗ്രസ് ചെറുത്തു തോൽപ്പിച്ചെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരൻ പാർട്ടിയുടെ ആവശ്യം ഉന്നിയിച്ചു പോരാടാൻ തീരുമാനിച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിന്നും വടകരയിലെത്തി ഷാഫി പറമ്പിൽ നേടിയത് കരുത്തുറ്റ വിജയമാണ്. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലം തിരികെ പിടിക്കാനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.കെ.ശൈലജ ടീച്ചർ തന്നെയെത്തിയത്. കെ.മുരളീധരന് ഒപ്പത്തിനൊപ്പം നിന്ന് മത്സരിക്കാൻ കഴിയുന്ന ശക്തയായ നേതാവാണ് ശൈലജ ടീച്ചർ. എന്നാൽ, അപ്രതീക്ഷിതമായി കെ.മുരളീധരൻ തൃശൂരിലേക്ക് പോയതോടെ വടകരയിൽ നറുക്ക് വീണത് ഷാഫി പറമ്പിലിനാണ്.
വടകരയിൽ അപരിചിത്വത്തിന്റെ യാതൊരു ലാഞ്ചനയുമില്ലാതെ ഷാഫിയും കൂട്ടരും പ്രചരണത്തിനിറങ്ങി. ചുരുങ്ങിയ സമയംകൊണ്ട് വടകരയിൽ തീർത്ത ഷാഫി തരംഗമാണ് വോട്ടുകളായി പരിണമിച്ചത്. ഷാഫി പറമ്പിൽ നേടിയ ആകെ വോട്ടുകൾ 557528 ആണ്. ശൈലജ ടീച്ചർക്ക് ലഭിച്ച ആകെ വോട്ട് 443022 ആണ്. എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ നേടിയ വോട്ടുകൾ 111979 ആണ്.
കണ്ണൂർ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും അടങ്ങുന്നതാണ് വടകര ലോക്സഭാ മണ്ഡലം. കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജനെ പരാജയപ്പെടുത്തി 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2014 -ൽ ഇടതു സ്ഥാനാർത്ഥി അഡ്വ. എൻ ഷംസീറിനെ പരാജയപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രൻ 416,479 വോട്ടുകൾ നേടി വിജയിച്ചു. 2009- ലും യുഡിഎഫിന് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ് വടകരയിൽ മത്സരിച്ച് ജയിച്ചത്. അന്ന് എൽഡിഎഫിനായി സിപിഎം നേതാവ് പി സതീദേവി മത്സരിച്ചെങ്കിലും 56186 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു
ഇന്നലെ കോട്ടയത്തെയും ഇടുക്കിയിലെയും വിജയാഘോഷത്തിലും ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ അലയടിച്ചിരുന്നു. 'ആരുപറഞ്ഞു മരിച്ചെന്ന്, ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല...ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ...' ഉമ്മൻ ചാണ്ടി ഇവിടെയുണ്ട്, എന്നും ഞങ്ങളോടൊപ്പമുണ്ടെന്ന് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു കോട്ടയത്ത് യു.ഡി.എഫി് പ്രവർത്തകരുടെ വിജയാഘോഷം. ആദ്യാവസാനം നിലനിർത്തിയ വലിയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ കെ.ഫ്രാൻസിസ് ജോർജ് വിജയക്കൊടി പാറിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെ ഓർത്തും വാഴ്‌ത്തിയും അണികൾ മുദ്രാവാക്യങ്ങൾ വിളിച്ചു.
പുതിയ എംപി.യും മുന്നണി നേതാക്കളും തുറന്ന വാഹനത്തിൽ വന്നിറങ്ങിയപ്പോൾ നഗരവീഥികൾ ആരവങ്ങളിൽ മുങ്ങി. നേതാക്കളും അണികളും ചേർന്ന് അദ്ദേഹത്തെ തോളിലേന്തി ആർപ്പുവിളിച്ചു. മധുരം വിളമ്പിയും പടക്കംപൊട്ടിച്ചും അവർ വിജയം ആഘോഷിച്ചു.