- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷഫീഖ് വീണ്ടും എംഡിഎംഎ കടത്തിൽ അകത്ത്; ആഭ്യന്തരത്തിന് താളം തെറ്റുമ്പോൾ
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ഇടപെടലിൽ കരുതൽ തടങ്കൽ കാലാവധി കുറച്ചു വിട്ടയച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ സിന്തറ്റിക് ലഹരി കടത്തിയ സംഭവത്തിൽ പ്രതി വീണ്ടും പിടിയിലാകുമ്പോൾ തെളിയുന്നത് ഗുണ്ടകൾക്കും ഭരണ തലത്തിൽ ഉള്ള സ്വാധീനം. മുഖ്യമന്ത്രിയുടെ സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കിണറ്റിലിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആണ് ആഭ്യന്തര വകുപ്പ് വിട്ടയച്ചത്. മുപ്പതോളം കേസുകളിൽ പ്രതിയായ അണ്ടൂർക്കോണം പായ്ച്ചിറ ചായ്‌പ്പുറത്തു വീട് ഷഫീഖ് മൻസിലിൽ ഷഫീഖ് ( 28 ) വീണ്ടും പിടിയിലാകുമ്പോൾ വെട്ടിലാകുന്നത് ഇതിന് അവസരമൊരുക്കിയവരാണ്. ഷഫീഖിനെ മാർച്ച് 12നാണ് കലക്ടറുടെ ഉത്തരവിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രന് ജയിൽ കരുതൽ തടങ്കലിലാക്കിയത്.
അവിടെ ജയിൽ വാർഡനെ കയ്യേറ്റം ചെയ്തു. കരുതൽ തടങ്കൽ 6 മാസമാണെന്നിരിക്കെ, മെയ് 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പുറത്തിറങ്ങി. കഴിഞ്ഞ വ്യാഴാഴ്ച കോവളം-കാരോട് ബൈപാസ് പുറുത്തിവിളയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 78ഗ്രാം എംഡിഎംഎ ആന്റി നർകോട്ടിക് വിഭാഗം പിടികൂടിയിരുന്നു. ഈ സംഘത്തിലെ പ്രധാനിയാണ് ഷഫീഖ്. ഇതോടെ കാപ്പ ഒഴിവാക്കിയത് വീണ്ടും ക്രിമിനലിന് പുതിയ അവസരമൊരുക്കിയെന്ന വാദം ശക്തമാണ്. ഷഫീഖ് ഉൾപ്പെട്ട സംഘം 2023 ജനുവരി 15നാണ് മുഖ്യമന്ത്രിയുടെ സ്‌പെഷൽ പിഎസ് രാജശേഖരൻ നായരുടെ സഹോദരൻ ശ്രീകുമാരൻ നായരെ കിണറ്റിലിട്ടു കൊല്ലാൻ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകവേ വെള്ളനാട് പിഎച്ച്‌സിയിൽ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. നിരവധി കൊലപാതക ശ്രമ കേസുകൾ ഇയാളുടെ പേരിലുണ്ട്. തട്ടിക്കൊണ്ടു പോകലും കേസായുണ്ട്. മുമ്പും മയക്കുമരുന്ന് കേസിലെ പ്രതിയായിരുന്നു.
കഴക്കൂട്ടം പുത്തൻതോപ്പ് അണക്കപ്പിള്ളപ്പാലത്തിനു സമീപം ലൗലാന്റിൽ നിഖിൽ നോബെർട്ടിനെ (21)നെ തട്ടിക്കൊണ്ടുപോയത് 2023 ജനുവരിയിലാണ്. വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി മർദിച്ചു. വീട്ടുകാരോട് 3 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ചെത്തിയ പൊലീസുകാർക്കു നേരെ ബോംബെറിഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. പിന്നീടുള്ള പരിശോധനയിൽ ഷഫീഖിന്റെ വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം വിലയുള്ള 34 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ സ്‌പെഷൽ പിഎസ് രാജശേഖരൻ നായരുടെ സഹോദരൻ ശ്രീകുമാരൻ നായരെ കിണറ്റിലിട്ടു കൊല്ലാൻ ശ്രമിച്ചത്. നവംബറിൽ കൂട്ടുപ്രതി ഹരികൃഷ്ണനെ വീട്ടിൽ വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചു. ഇങ്ങനൊരു കൊടും ക്രിമിനലിനെയാണ് കാപ്പാ കാലാവധിക്ക് മുമ്പ് പുറത്തു വിട്ടത്.
കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും അന്വേഷിക്കാനെത്തിയ പൊലീസിനെ പടക്കമെറിയുകയും ചെയ്ത ഗുണ്ടകൾ മുഖ്യമന്ത്രിയുടെ സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ മർദിച്ചു കിണറ്റിൽ ഇട്ടത് വലിയ വാർത്തയായിരുന്നു. ഇവരെ നാട്ടുകാർ പിടികൂടി ആര്യനാട് പൊലീസിനെ ഏൽപിച്ചു. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയതും ലഹരി തർക്കത്തിന്റെ പ്രതിഫലനമായിരുന്നു. ശ്രീകുമാരൻ നായരെ (61) ആണ് കണിയാപുരം ആക്രമണക്കേസിലെ പ്രതികളായ ഷെഫീഖും കൂട്ടുകാരനും കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ച് കിണറ്റിൽ ഇട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറി ആർ.രാജശേഖരൻ നായരുടെ ഇളയ സഹോദരനാണ് ശ്രീകുമാരൻ നായർ. 2023 ജനുവരിയിൽ രാവിലെ വെള്ളനാട്ട് ശ്രീകുമാരൻ നായരുടെ നിർമ്മാണത്തിലിരുന്ന വീട്ടിലാണു സംഭവം. കോൺക്രീറ്റ് പണി കഴിഞ്ഞതിനാൽ വെള്ളം ഒഴിക്കാൻ എത്തിയതായിരുന്നു ശ്രീകുമാരൻ നായർ. വീടിനുള്ളിൽ അബിനെക്കണ്ട് ആരാണെന്നു ചോദിച്ചതിനു പിന്നാലെയാണ് ആക്രമണം. ഇവർ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. കണിയാപുരത്തെ തട്ടിക്കൊണ്ടു പോകൽ സംഭവത്തിൽ അന്വേഷിച്ചെത്തിയ പൊലീസുകാരെ നാടൻബോംബും മഴുവും എറിഞ്ഞ് ആക്രമിച്ച ശേഷവും ഷഫീഖും കൂട്ടുപ്രതികളും പരിസരത്തു തന്നെയുണ്ടായിരുന്നു. ഇവരെ തിരക്കി രാത്രി രണ്ടാമതും പൊലീസ് എത്തുമ്പോഴും പ്രതികൾ വീണ്ടും നാടൻ ബോംബും മഴുവും എറിഞ്ഞു. പൊലീസുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പിടിയിലാകുമെന്നു കണ്ടതോടെ രാത്രി തന്നെ ചിറയിൻകീഴിൽ നിന്നും മറ്റൊരാളുടെ സഹായത്തോടെ എടുത്ത വാടക കാറിൽ ഇവർ നെടുമങ്ങാട് എത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പൊലീസും ഇവരുടെ പിന്നാലെ ഉണ്ടായിരുന്നു. എന്നാൽ നെടുമങ്ങാട് വച്ച് ഇവർ മൊബൈൽ സ്വിച്ച് ഓഫ് ആക്കി. ഇതോടെ പൊലീസിന്റെ അന്വേഷണം പ്രതിസന്ധിയിലായി. തമിഴ് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു ഇവർ. ഇതിനിടയിലാണ് വെള്ളനാട് നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെത്തുന്നത്.
കണിയാപുരത്തെ തട്ടിക്കൊണ്ടു പോകൽ ഇങ്ങനെ
മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 11 അംഗ ഗുണ്ടാസംഘം പൊലീസ് പിന്തുടരുന്നതറിഞ്ഞ് യുവാവിനെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തെ പ്രതിയും സഹോദരനും മാതാവും അടങ്ങുന്ന സംഘം ബോംബും മഴുവും ഉൾപ്പെടെ ആയുധങ്ങളുമായി ആക്രമിച്ചു. പ്രതിയുടെ മാതാവ് ഷീജ പൊലീസിനു നേരെ പടക്കമെറിഞ്ഞു. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇവരെയും മകൻ അണ്ടൂർക്കോണം പായ്ച്ചിറ ചായ്‌ക്കോട്ടുകോണം വീട് ഷഫീഖ് മൻസിലിൽ ഷമീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പിന്നീട് സെല്ലിൽ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ചു. ഷഫീഖ് സംഘർഷത്തിനിടെ രക്ഷപ്പെട്ടു.
പുത്തൻതോപ്പ് അണക്കപ്പിള്ളപാലത്തിനു സമീപം ലൗലന്റിൽ നിഖിൽ നോർബെർട്ട്‌നെയാണ് ഗുണ്ടാസംഘം ബുധനാഴ്ച തട്ടിക്കൊണ്ടുപോയത്. ദേഹമാസകലം മർദനവും കുത്തുമേറ്റ നിലയിലാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് നിഖിലിന്റെ പിതാവിനെ ബന്ധപ്പെട്ടതിനെ തുടർന്ന് പൊലീസ് ലൊക്കേഷൻ കണ്ടെത്തി . കഴക്കൂട്ടത്തിനു സമീപം കരിയിൽ ഏലാ ക്ഷേത്രത്തിനു സമീപം കുറ്റിക്കാട്ടിൽ പൊലീസ് എത്തിയപ്പോൾ വിവരംകിട്ടിയ സംഘം രക്ഷപ്പെട്ടു. തുടർന്ന് സഹോദരങ്ങളായ പ്രധാന പ്രതികളെ തേടി അണ്ടൂർക്കോണം പായ്ച്ചിറയിലെത്തിയ പൊലീസിനു നേരെയാണ് ആക്രമണമുണ്ടായത്. ഷഫീഖ് ഓടി രക്ഷപ്പെട്ടു.
ഷമീറിനെയും മാതാവിനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയ ശേഷം പൂജപ്പുര സ്റ്റേഷനിൽ നിന്നും ഒരു പൊലീസുകാരൻ വാറന്റുമായി ഷഫീഖിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ജുവനൈൽ ഹോമിൽ കഴിയവെ ഒപ്പമുണ്ടായിരുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് വാറന്റ്. കൂടാതെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളിൽ ഷഫീഖ് പ്രതിയാണ്. ഷമീറും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.