കോഴിക്കോട്: പേരാമ്പ്രയില്‍ യൂഡിഎഫ്-സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അറിയിച്ചു. അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. കോഴിക്കോട് നഗരത്തില്‍ അടക്കം സംസ്ഥാന വ്യാപകമായി യൂഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. രാത്രി 10 മണിയോടെ തലസ്ഥാനത്ത് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന് പറയുന്ന ജില്ലാ പോലീസ് മേധാവി (എസ്പി) ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാകണമെന്നും, കണ്ണുള്ളവര്‍ക്ക് അത് കാണാന്‍ സാധിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ മുഖത്ത് രണ്ട് തവണ ലാത്തികൊണ്ട് ഇടിച്ചതായും അദ്ദേഹം ആരോപിച്ചു. ഒരു പ്രവര്‍ത്തകന്റെ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും കാഴ്ച നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടാവുകയും ചെയ്തിട്ടുണ്ട്. പേരാമ്പ്ര ഡിവൈഎസ്പി സിപിഎം ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പില്‍ എംപിക്കു പുറമെ നിരവധി യൂഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഡിവൈഎസ്പിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം-യൂഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

സംഭവം ഇങ്ങനെ

തിങ്കളാഴ്ച നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ കുത്തകയായിരുന്ന പേരാമ്പ്ര സി.കെ.ജി.എം കോളേജില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് ലഭിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. റീകൗണ്ടിംഗിന് ശേഷവും യു.ഡി.എഫ് അനുകൂല നിലപാടായിരുന്നു ഫലം. ഇതിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് ആദ്യ സംഘര്‍ഷം ഉടലെടുത്തത്.

ചൊവ്വാഴ്ച, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തി. ഹര്‍ത്താലിന് ശേഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പ്രമോദിനെതിരെ കൈയേറ്റ ശ്രമം നടന്നതായി പരാതി ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന് വൈകുന്നേരം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു.

തുടര്‍ന്ന് വൈകുന്നേരം ഹര്‍ത്താലിന് ശേഷം ഇരുവിഭാഗവും പേരാമ്പ്രയില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രശ്‌നം വഷളായത്. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും തുടര്‍ന്ന് പോലീസ് ഇടപെട്ട് ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു. ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 30ല്‍ അധികം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എസ്.പി ഹരിപ്രസാദ് അടക്കമുള്ള പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കുകളുണ്ട്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ചിലരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്.

ഷാഫി പറമ്പില്‍ എംപിയെ ആക്രമിച്ചത് സിപിഎം ക്രിമിനലുകളും സിപിഎമ്മിനു വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേര്‍ന്നാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നിരവധി യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്വര്‍ണക്കവര്‍ച്ചയും സ്വര്‍ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സര്‍ക്കാരിന്റെ അവസാനമാണ് ഇതെന്ന് മറക്കരുത്. സിപിഎമ്മിനു വേണ്ടി ലാത്തി എടുത്ത പൊലീസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എകെജി സെന്ററില്‍ നിന്നല്ലെന്ന് ഓര്‍ക്കണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.


യൂത്ത് കോണ്‍ഗ്രസ് എം ജി റോഡ് ഉപരോധിച്ചു

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും എം.പി യുമായ ശ്രീ. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലീസും, സിപിഎം പ്രവര്‍ത്തകരും നടത്തിയ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി.



യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി,ജില്ലാ സെക്രട്ടറി ഷെബിന്‍ ജോര്‍ജ് നിയോജകമണ്ഡലം പ്രസിഡന്റ്മാരായ ജര്‍ജസ് വി ജേക്കബ്, ഷുഹൈബ് ബിച്ചു തുടങ്ങിയവര്‍ സംസാരിച്ചു