കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു. പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.

സഹപാഠികളുടെ ആക്രമണത്തില്‍ ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ആറു പേരാണ് പ്രതികളായിട്ടുള്ളത്. ഇവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് പരീക്ഷ എഴുതിയെങ്കിലും ഇവരുടെ ഫലം സര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഈ നടപടിയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്.

കുറ്റകൃത്യം നടന്നാല്‍ കോടതിയിലാണ് നടപടികള്‍ പൂര്‍ത്തിയാകേണ്ടത്. അല്ലാതെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതിന്റെ യുക്തി എന്താണ്?. പ്രതികളുടെ നാലു വിദ്യാര്‍ത്ഥികളുടേയും പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. അത്തരമൊരു നിര്‍ദേശം ഉണ്ടായിട്ടുപോലും പരീക്ഷാഫലം സര്‍ക്കാര്‍ തടഞ്ഞുവെച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു.

പരീക്ഷാഫലം തടഞ്ഞു വെച്ചതിന് സര്‍ക്കാരിന് എന്തു നിയമപരമായ വിശദീകരണമാണ് പറയാനുള്ളതെന്ന് കോടതി ആരാഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ആശ്ചര്യകരമാണ്. ഫലം ഉടനടി പ്രസിദ്ധീകരിക്കണം. പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കേണ്ടി വരും. അതിനാല്‍ എത്രയും വേഗം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഫെബ്രുവരി 28നാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് ഷഹബാസിന്റെ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് ഷഹബാസ് മരിച്ചത്. പ്രതികളായ വിദ്യാര്‍ത്ഥികള്‍ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു പരീക്ഷ എഴുതിയത്.