ലണ്ടൻ: കറുത്ത പക്ഷത്തിന്റെയും അധാർമ്മികതയുടെയും അസത്യത്തിന്റെയും അമാവാസി രാവിൽ ദുഷ്ട ശക്തികൾ ഫണം വിടർത്തിയാടും. ആ സമയത്തു നന്മയും സത്യവും ഒക്കെ ആഗ്രഹിക്കുന്നവർ പോലും ഇരുൾ മറഞ്ഞു പ്രകാശം പുലരാൻ കാത്തിരിക്കുകയാണ് പതിവ്. എന്നാൽ അമാവാസി രാവിൽ പൊടുന്നനെ പുഞ്ചിരിയുടെ മുഖവുമായി പൗർണമി ചന്ദ്രിക വാനിലെത്തിയാൽ എന്ത് സംഭവിക്കും? ദുഷ്ട ശക്തികൾ ഓടിയൊളിക്കുകയേ വഴിയുള്ളൂ. സത്യത്തിന്റെയും നന്മയുടെയും ഒക്കെ പ്രതീകമാകുന്ന വെളിച്ചത്തിനു മുന്നിൽ പൊയ്മുഖം അണിഞ്ഞ ദുഷ്ട ശക്തികൾക്ക് നിൽക്കാനാകില്ല. ഈ അവസ്ഥയിൽ ആയിരുന്നു ഇന്നലെ പ്രവാസലോകത്തു രാവിലെ തന്നെ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് വാർത്ത എത്തിയത്. തീരെ പ്രതീക്ഷിക്കാത്ത സമയത്തു ചതിയുടെയും കുരുട്ട് ബുദ്ധിയുടെയും ഫലമായി ഒരു അറസ്റ്റ് നടന്നപ്പോൾ ജാമ്യം നൽകാതെ ഓണാവധി കൂടി കണക്കിലെടുത്തു ചുരുങ്ങിയത് രണ്ടാഴ്ച ജയിലിൽ ഇടാം എന്നതായിരുന്നു പൊലീസിൽ സെൽ ഭരണം ഉണ്ടന്ന് തെളിയിച്ച ഷാജന്റെ അറസ്റ്റ്.

ഇന്നലെ വൈകുന്നേരത്തോടെ പൊടുന്നനെ ഷാജന് ജാമ്യം ലഭിച്ച വാർത്ത പ്രവാസ ലോകം ഏറ്റെടുത്തത് അമാവാസി രാവിൽ പൂർണ ചന്ദ്രനെ കണ്ട സന്തോഷത്തോടെയാണ്. സത്യവും നീതിയും ധർമ്മവും ഒക്കെ നിയമ ലോകത്തു അതിന്റെ പരിപാവനതയോടെ കാണുന്ന പ്രവാസികൾക്ക് തികച്ചും അപ്രതീക്ഷിതം ആയിരുന്നു ജില്ലാ കോടതിയിൽ നിന്നും ഷാജനെ തേടിയെത്തിയ പൂർണ ജാമ്യ ഉത്തരവ്. കേരളത്തിൽ കോടതികൾ പോലും പലപ്പോഴും വിമർശന വിധേയമാകുന്ന ഉത്തരവുകൾ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒരു മാധ്യമ പ്രവർത്തകൻ സത്യം പറയാൻ ശ്രമിക്കുന്നത് കള്ളക്കേസിൽ കുടുക്കി ഇല്ലാതാക്കാൻ നോക്കുന്ന കാഴ്ച നാട്ടുകാരേക്കാൾ പ്രയാസപ്പെടുത്തുന്നത് പ്രവാസികളെയാണ്. കാരണം ജന്മ നാട്ടിൽ, തങ്ങൾ ഇപ്പോൾ ജീവിക്കുന്ന നാട്ടിലേത് പോലെ സത്യവും ധർമ്മവും നീതിയും ഒക്കെ പുലരണമെന്ന് അതിയായി ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ. അക്കാരണത്താൽ തന്നെയാണ് ഷാജന്റെ മാധ്യമ പ്രവർത്തനത്തിന് കേരളത്തേക്കാൾ വേഗത്തിൽ പ്രവാസ ലോകത്തു കൈയടി ലഭിച്ചത്.

പ്രവാസികൾക്കിടയിൽ ഇടതു സൈബർ ഗുണ്ടകൾ രാവിലെ മുതൽ ഷാജന്റെ അറസ്റ്റ് അറിഞ്ഞു സോഷ്യൽ മീഡിയയിൽ പൂണ്ടു വിളയാടാൻ എത്തിയിരുന്നു. നിലമ്പൂർ എംഎൽഎയുടെ പൂർണകായ ചിത്രം പശ്ചാത്തലമാക്കി പോക്കിരി രാജ, കടന്നൽ രാജ എന്നൊക്കെയുള്ള ചെല്ലപ്പേരും നൽകി ആഘോഷത്തിന്റെ മൂർദ്ധന്യത്തിൽ ആയിരുന്നു സൈബർ ഗുണ്ടകൾ. ഒരമാവാസി നാളിൽ അധമ ശക്തികൾ എപ്രകാരം പൊയ്മുഖം മാറ്റി വച്ച് അധർമ്മത്തിന്റെ പക്ഷം ചേരും എന്നതിന് കൂടി ഉദാഹരണമായിരുന്നു പലരുടെയും ഷാജന് എതിരെയുള്ള ആക്രോശങ്ങൾ. അൽപ സമയം കാത്തിരുന്നു പ്രതികരിക്കാനുള്ള സാമാന്യ ബോധം പോലും ഇതിനിടയിൽ സൈബർ വെട്ടുക്കിളി കൂട്ടത്തിനു നഷ്ടമായിരുന്നു.

എന്നാൽ അനീതിയുടെയും അധാർമ്മികതയുടെയും എത്ര വലിയ കാർമേഘത്തെയും വകഞ്ഞു മാറ്റി സത്യമെന്ന സൂര്യതേജസ്സ് ദീപ്തമായി ഉദിച്ചു നിൽക്കും എന്ന് തെളിയിച്ചാണ് മണിക്കൂറുകൾക്കകം ഷാജന് നീതി ലഭിക്കുന്ന വാർത്ത പ്രവാസി ലോകത്ത് എത്തുന്നത്. നിലമ്പൂരിൽ നിന്നും ഷാജനെ ആലുവയിൽ എത്തിക്കുന്ന സമയം വരെ പിരിമുറുക്കത്തിൽ ആയിരുന്ന പ്രവാസ ലോകത്തു ഉച്ചയോടെ തന്നെ നാട്ടിൽ നിന്നും ഉള്ള ശുഭ സൂചനകൾ എത്തിയിരുന്നു. ഇതോടെ സൈബർ ഗുണ്ടകൾ ഉൾവലിയുകയും ചെയ്യാൻ തുടങ്ങി. സത്യം നേർക്ക് നേർ വന്നാൽ അധർമ്മത്തിന് നേരെ നിൽക്കാൻ ത്രാണി ഉണ്ടാകില്ല എന്ന് തെളിയിച്ചാണ് ഈ ഒളിച്ചോട്ടം സംഭവിച്ചത്. ഇത് കണ്ടു തുടരെ തുടരെ ഷാജന് നീതി കിട്ടിയ കാര്യവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചകളും തുറന്നു കാട്ടി സൈബർ ലോകത്തു സത്യം പുലരണം എന്നാഗ്രഹിക്കുന്നവർ ഇരച്ചെത്തുക ആയിരുന്നു. കേരള പൊലീസിൽ സെൽ ഭരണം എന്ന ദുഷ്പ്പേരും ഇതിനിടയിൽ വീണു കയിിട്ടിരിക്കുകയാണ്.

ജാമ്യം ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചിട്ടും സ്റ്റേഷൻ അധികാരികൾ മേലധികാരികളുടെ ഉത്തരവിനായി കാത്തിരുന്നും മനഃപൂർവം നടപടിക്രമങ്ങൾ വൈകിക്കുക ആയിരുന്നു എന്നാണ് പുറത്തിറങ്ങിയ ഷാജൻ കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഏറെ വൈകിയും കേരളത്തിലെ മാധ്യമ ലോകം മുഴുവൻ ഷാജൻ പറയുന്നത് പകർത്താൻ കാത്തുനിൽക്കുക ആയിരുന്നു. ഇതിനിടയിൽ ആലുവയിൽ എത്തിച്ച ഷാജനെ കാത്തു വലിയ ജനാവലി ഉണ്ടാകും എന്ന രഹസ്യ വിവരം കിട്ടിയപ്പോൾ പൊലീസ് അദ്ദേഹത്തെ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുക ആയിരുന്നു. ഇതിനിടയിൽ മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഷാജൻ എവിടെയുണ്ടെന്ന് വെളിപ്പെടുത്തണം എന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ആദ്യം സാധിക്കില്ലെന്ന നിലപാട് എടുത്ത പൊലീസ് മുകൾത്തട്ടിൽ ഉള്ള നിർദ്ദേശം അനുസരിക്കുകയാണ് എന്നും അറിയിച്ചു. എന്നാൽ തർക്കത്തോടെ നിന്ന ശോഭയ്ക്ക് മുന്നിൽ ഒടുവിൽ പൊലീസ് വഴങ്ങി. ഷാജൻ സുരക്ഷിതന് ആണെന്നും നടപടി പൂർത്തിയാക്കി ഉടൻ വിടുമെന്നും അറിയിക്കുക ആയിരുന്നു.

ചുരുക്കത്തിൽ ഇടതു സൈബർ പ്രൊഫൈലുകൾക്ക് ഒന്ന് നന്നായി ആഘോഷിക്കാനുള്ള അവസരം പോലും നൽകാതെയാണ് ഷാജന്റെ അറസ്റ്റും വിടുതലും സംഭവിച്ചത്. പ്രവാസ ലോകത്താകട്ടെ അറസ്റ്റ് എന്ന് കേട്ട അമ്പരപ്പ് മാറും മുൻപേ ജാമ്യം ലഭിച്ചെന്ന ആഹ്ലാദ വാർത്തയും എത്തി. ലോകം ഇനിയും വെളിച്ചത്തോടെ മുന്നോട്ടു പോകാൻ ഇത്തരം നീതിയും ധർമ്മവും ഒക്കെ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ് എന്നായിരുന്നു സോഷ്യൽ മീഡിയ നടത്തിയ പ്രതികരണം. മാത്രമല്ല മാധ്യമ പ്രവർത്തകരെ മൊത്തത്തിൽ ഭയപ്പെടുത്തുക എന്ന തന്ത്രം കൂടിയാണ് ഷാജൻ സ്‌കറിയക്ക് നേരെ ഓരോരോ പൊലീസ് സ്റ്റേഷനിൽ ചാർജ് ചെയ്യുന്ന വ്യാജക്കേസിൽ നിറയുന്നത്.

ജില്ലാക്കോടതികൾ മുതൽ സുപ്രീം കോടതികൾ വരെയെത്തുമ്പോൾ തെളിയുന്നതും ഷാജന്റെ ഭാഗത്തുള്ള നീതി തന്നെയാണ്. ഈ കേസുകൾ പരാജയപ്പെടും എന്നറിഞ്ഞു തന്നെയാണ് പൊലീസ് അവയ്ക്ക് പിന്നാലെ ഓടി ഊർജം കളയുന്നതും. കള്ളക്കേസുകൾ എത്തുമ്പോൾ കോടതികളിൽ നിന്നും അടിക്കടി വിമർശം കേൾക്കേണ്ടി വന്നിട്ടും പൊലീസിന് തിരിച്ചറിവില്ല എന്ന് ഉറപ്പാകുമ്പോൾ പൊലീസ് സെൽ ഭരണത്തിന് കീഴ്പ്പെട്ടു എന്നുകൂടിയാണ് വ്യക്തമാകുന്നത്. പണ്ടും കമ്യുണിസ്റ്റ് പാർട്ടികൾ അധികാരത്തിൽ എത്തുമ്പോൾ പൊലീസ് സെൽ ഭരണത്തിന്റെ പേരിലാണ് വിമർശിക്കപ്പെട്ടിട്ടുള്ളത്. എകെജി സെന്റർ മുതൽ ബ്രാഞ്ചു കമ്മിറ്റി വരെയുള്ളവർ പൊലീസ് സ്റ്റേഷൻ നിയന്ത്രണത്തിന് എത്തുന്നതാണ് സെൽ ഭരണമെന്ന പേരിൽ കുപ്രസിദ്ധി നേടിയത്. ഇത്തരം ആരോപണങ്ങളിൽ കേരളത്തിൽ ഭരണ തകർച്ചയും ഭരണ മാറ്റവും സംഭവിച്ച ചരിത്രമുണ്ട്.

വീണ്ടും സംസ്ഥാനം ആ വഴിക്കാണ് നീങ്ങുന്നത് എന്ന് ഇപ്പോൾ കോടതി വിധി പോലും ധിക്കരിച്ചു മുന്നോട്ടു പോകുന്ന കേരള പൊലീസ് ഷാജന്റെ അറസ്റ്റിലൂടെ ഓർമ്മിപ്പിക്കുകയാണ്. ഒരു മാസം മുൻപ് മറുനാടൻ ഓഫിസ് അകാരണമായി റെയ്ഡ് ചെയ്തതും ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതും സാമൂഹ്യത്തിൽ വ്യാപകമായ വിമർശം ഉയർന്നിട്ടും പൊലീസ് പാഠം പഠിച്ചില്ല എന്നാണ് ഇന്നലത്തെ സംഭവങ്ങൾ തെളിയിക്കുന്നതും. അന്ന് ഹൈക്കോടതി വളരെ രൂക്ഷമായ ഭാഷയിലാണ് പൊലീസ് നടപടികൾ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയത്. എന്നാൽ പൊലീസ് സെൽ ഭരണത്തിലായാൽ ഇത്തരം വിമർശങ്ങൾ ഒന്നും അവരിലേക്ക് എത്തില്ല എന്നുറപ്പിക്കുകയാണ് ഇന്നലെ നടന്ന സംഭവ വികാസങ്ങൾ എന്നും തെളിയുകയാണ്. കോടതി ഒരു കേസ് പരിഗണിക്കുമ്പോൾ തന്നെ ആ കേസിൽ പാഞ്ഞെത്തി അറസ്റ്റ് ചെയ്യുക എന്നത് നിയമത്തെ കുറിച്ച് എന്തെങ്കിലും ജ്ഞാനം ഉള്ള ഒരു പൊലീസ് ഓഫിസർക്ക് ചെയ്യാനാകുന്ന കാര്യമല്ല. പക്ഷെ സെൽ ഭരണമാകുമ്പോൾ നിയമ വാഴ്ചയല്ല, താൽപ്പര്യ സംരക്ഷണമാണ് പൊലീസിന്റെ മുഖ്യ ജോലി എന്നതാണ് തെളിയുന്നത്. ഇപ്പോൾ കേരളത്തിൽ പൊലീസ് തെളിയിക്കുന്നതും അത് തന്നെയാണ്.

അതിനിടയിൽ കോടതികൾ വിമർശിക്കാം, നിരപരാധികൾ അഴിയെണ്ണാം, പലരുടെയും ജീവിതം തകർക്കപ്പെട്ടേക്കാം, സമൂഹത്തിലും കുടുംബത്തിലും ഒക്കെ തെറ്റുകാരനായി ചിത്രീകരിക്കപ്പെട്ടേക്കാം, പക്ഷെ സെൽ ഭരണം ആകുമ്പോൾ അതൊക്കെ സഹിക്കാൻ ജനം നിർബന്ധിതരാകുകയാണ്. കാരണം അധർമ്മികളാണ് വഴികാട്ടുന്നത്. അസത്യമാണ് അവരുടെ ആയുധം. കണ്ണും കാതും ഇല്ലാത്ത പാപജന്മങ്ങളാണ് അക്കാലത്തു പൊലീസിനെയും സർക്കാറിനെയും ഒക്കെ നയിക്കാനും നിയന്ത്രിക്കാനും എത്തുക. ജനപ്രതിനിധികൾ പോലും സെൽ ഭരണത്തിൽ നോക്ക് കുത്തികൾ ആയി മാറിയേക്കാം. ഒടുവിൽ ജനം സഹികെട്ട്, ജനാധിപത്യ മാർഗത്തിൽ തന്നെ എടുത്തു കളയും വരെ സെൽ ഭരണമെന്ന അധമ ശക്തികൾ ആടിത്തിമിർക്കുക തന്നെ ചെയ്യും.