തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമം അപലപനീയവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഷാജനെ ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. അപ്രിയകരമായ വാര്‍ത്തയെ തല്ലിയൊതുക്കി നിശ്ശബ്ദരാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്.

ഷാജനെതിരെ ഇത്തരം അക്രമങ്ങളും നടപടികളും ആവര്‍ത്തിച്ച് ഉണ്ടാകുന്നത് പോലീസ് ഗൗരവത്തോടെ കാണണം. കര്‍ക്കശ നടപടിക്കും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. എല്ലാ ഭാഗത്തു നിന്നും സമാന പ്രതികരണമാണ് ഉയരുന്നത്. പക്ഷേ പ്രതികള്‍ ഇപ്പോഴും ഇന്‍സ്റ്റാ ഗ്രാം പോസ്റ്റിട്ട് പോലീസിനെ വെല്ലുവിളിക്കുകയാണ്.

ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പോലീസ് നടപടികള്‍ എടുത്തിരുന്നു. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയാണ് മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ഇടുക്കിയില്‍ വെച്ച് ഒരു സംഘത്തിന്റെ മര്‍ദനമേറ്റത്. മങ്ങാട്ട് കവലയില്‍ വെച്ച് വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആസൂത്രിതമായി മര്‍ദിക്കുകയായിരുന്നു. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി ആണ് സംഭവം. പോലീസാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്.

ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ ലൈന്‍ മീഡിയ (ഇന്ത്യ) രംഗത്ത് വന്നിരുന്നു. ഈ സംഭവം അത്യന്തം ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. കോണ്‍ഫഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഷാജന്‍ സ്‌കറിയ നിലവില്‍ സംഘടനയുടെ എക്‌സിക്യുട്ടീവ് അംഗം കൂടിയാണ്.

ഷാജന്‍ സ്‌കറിയക്ക് നേരെ നടന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും ജനല്‍ സെക്രട്ടറി കെ.കെ ശ്രീജിതും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നാക്രമണമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി.