തിരുവനന്തപുരം: കേസിന്റെ പേരിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ എന്തിനാണ് ഒളിവിൽ പോയത്? ധീരതയോടെ നേർക്കുനേരെ നിന്ന് കേസ് നേരിടാതിരുന്നത് എന്തുകൊണ്ട്? ഒളിവിൽ പോകുന്നത് ഭീരുത്വമല്ലേ? പൊതുസമൂഹം ചോദിച്ച ഈ ചോദ്യങ്ങൾക്ക് തന്റെ വീഡിയോയിലൂടെ മറുപടി പറയുകയാണ്, ഷാജൻ സ്‌കറിയ. ഹൈക്കോടതി ജാമ്യം നിഷേധിച്ച ശേഷം സെൽഫി മോദിൽ ചിത്രീകരിച്ച വീഡിയോ ആണിത്.

ഷാജൻ സ്‌കറിയയുടെ വാക്കുകളിലേക്ക്:

'ഈ വീഡിയോ എന്ന് സംപ്രഷണം ചെയ്യും എന്ന കാര്യത്തിൽ എനിക്ക് ഒരു ഉറപ്പുമില്ല. ഞാൻ ഈ വീഡിയോ റെക്കോഡ് ചെയ്യുന്നത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി എനിക്ക് ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിൽ, അതിന് രണ്ടുദിവസം കഴിഞ്ഞ് ഏതുനിമിഷവും എന്നെ അറസ്റ്റ് ചെയ്‌തേക്കും എന്ന വാർത്ത പരക്കുമ്പോഴാണ്. അതായത് എന്നെ അറസ്റ്റ് ചെയ്യാം വേണമെങ്കിൽ പൊലീസിന് ഇപ്പോൾ. കാരണം എനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നു. സുപ്രീം കോടതിയിൽ, തിങ്കളാഴ്ചയേ കൊടുക്കാൻ കഴിയു. തിങ്കളാഴ്ച കോടതി എടുക്കുമെന്ന് ഉറപ്പൊന്നുമില്ല. അടുത്തയാഴ്ച എന്നെങ്കിലും ആയിരിക്കാം സുപ്രീം കോടതി കേസ് പരിഗണിക്കുന്നത്. അതുകൊണ്ട് അത്രയും ദിവസത്തെ ഈ കാലയളവിൽ എന്നെ പിടിക്കാം. ദേശാഭിമാനി ഇന്നുവായിച്ചപ്പോൾ കണ്ടത് എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു എന്നാണ്. എനിക്കറിയില്ല. അങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ അദ്ഭുതപ്പെടേണ്ടതില്ല.

ഈ പശ്ചാത്തലത്തിൽ ഞാൻ ഇങ്ങനെ ഒരു വീഡിയോ റെക്കോഡ് ചെയ്യുമ്പോൾ, ഇത് എന്ന് പ്രേക്ഷകരെ കാണിക്കാൻ കഴിയും എന്ന് എനിക്ക് ഉറപ്പില്ല. ഇത് പ്രേക്ഷകർ കാണണമെങ്കിൽ, രണ്ടുസാഹചര്യങ്ങൾ ഉണ്ടാകണം. ഒന്ന് എനിക്ക് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം കിട്ടണം. രണ്ട്, എനിക്ക് ജാമ്യം നിഷേധിച്ച് ഞാൻ ജയിലിൽ ആവണം. ജയിലിൽ ആകുന്ന സാഹചര്യം ഉണ്ടായാൽ, ഇത് സംപ്രേഷണം ചെയ്യണം എന്ന ഉദ്ദേശത്തോട് കൂടിയാണ്, ഞാൻ ഇത് റെക്കോഡ് ചെയ്യുന്നത്. ജാമ്യം കിട്ടിയാൽ എനിക്ക് പുതുതായി റെക്കോഡ് ചെയ്യാൻ കഴിയും. പക്ഷേ പൊലീസ് എന്നെ നിലം തൊടാൻ അനുവദിക്കും എന്ന് ഞാൻ കരുതുന്നില്ല. കാരണം ഇപ്പൊഴത്തെ ഒരുകേസിന്റെ പുറകേയാണ് നടക്കുന്നതെങ്കിലും, ഞാൻ പുറത്തേക്ക് വരുമ്പോൾ, പല കേസുകളും പല വാറണ്ടുകളും, വരുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ജാമ്യം കിട്ടി പുറത്തിറങ്ങിയാലും എനിക്ക് ഉടനെ വീഡിയോ ചെയ്യാൻ കഴിഞ്ഞുവെന്ന് വരില്ല.

ഇപ്പോഴത്തെ എന്റെ സാഹചര്യത്തിൽ എന്നെ സഹായിക്കുന്ന ചിലരുണ്ട്. അവർ അവരുടെ ജീവൻ കൊടുത്താണ് എന്നെ സഹായിക്കുന്നത്. അതുകൊണ്ട് അവരുടെ അനുമതിയോട് കൂടി മാത്രമേ എനിക്കിത് സംപ്രേഷണം ചെയ്യാൻ സാധിക്കുകയുള്ളു. അവർക്ക് ഞാൻ വിട്ടുകൊടുക്കും ഇതിന്റെ കാര്യത്തിലെ തീരുമാനം. അവർ അനുവദിച്ചാൽ മാത്രമായിരിക്കും നിങ്ങൾ ഈ വീഡിയോ പരമ്പര കാണുക. ഒരുപക്ഷേ ഇതിൽ ചില വീഡിയോകൾ കാണേണ്ട എന്നുവച്ചെന്നും വരാം.

ഈ എപ്പിസോഡ് ഒരു ആമുഖ എപ്പിസോഡ് മാത്രമാണ്. അതിൽ, ഞാൻ ഉത്തരം പറയാൻ ആഗ്രഹിക്കുന്നത് ഒരേയൊരു ചോദ്യത്തിനാണ്. മിസ്റ്റർ ഷാജൻ നിങ്ങൾ ഒളിവിലായിരുന്നോ എന്ന ചോദ്യത്തിന്. ഇതിന് മൂന്നുതലങ്ങളുണ്ട്. നിങ്ങൾ ഒളിവിലായിരുന്നോ? നിങ്ങൾ എവിടെയാണ് എന്ന് പ്രിയപ്പെട്ട പ്രേക്ഷകർ ചോദിക്കുന്നു. നിങ്ങളെ എന്തുകൊണ്ട് കേരള പൊലീസ് പിടിക്കുന്നില്ല. പൊലീസും ഞാനും തമ്മിൽ ഒത്തുകളി ആണ് എന്ന് മീഡിയ വണ്ണിനെ പോലുള്ള മാധ്യമങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ചില ആളുകൾ നിങ്ങൾ തെറ്റുചെയ്തിട്ടില്ല എങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്, ഒളിവിൽ പോയത് എന്നുചോദിക്കുന്നു.

ഈ മൂന്നു ചോദ്യത്തിനും ഉത്തരം ലളിതമാണ്. ഞാൻ ഒളിവിൽ തന്നെയാണ്. ഞാനേതാണ്ട് ഒരുമാസത്തോളമായി ഒളിവിലാണ്. ഞാൻ ഒളിവിൽ പോയി എന്ന് പ്രിയപ്പെട്ട പ്രേക്ഷകർക്ക് മനസ്സിലായത്, ഒരുപക്ഷേ ആദ്യത്തെ ഒരാഴ്ച കഴിഞ്ഞാവാം. കാരണം ആദ്യത്തെ ഒരാഴ്ച ഞാൻ വീഡിയോ ചെയ്യുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് ഞാൻ വീഡിയോ ചെയ്ത്ത് നിർത്തിയത്. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ ഒരു നുണയും പറയാനില്ല. ഞാൻ ഒളിവിൽ തന്നെയാണ്.

കേരള പൊലീസുമായി ഒരു ഒത്തുകളിയുമില്ല. പൊലീസ് ഏതെങ്കിലും തരത്തിൽ എന്നെ പിടിച്ച് ജയിലിൽ അടയ്ക്കാൻ, ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവർ അതിന് വേണ്ടി കുറുക്കുവഴികൾ, മാത്രമാണ് കാട്ടിക്കൂട്ടുന്നത്. പക്ഷേ അവർക്ക് പിടികൊടുക്കേണ്ട എന്നുഞാൻ തീരുമാനിച്ചു. പിടികൊടുത്തില്ല എന്ന് വീമ്പിളക്കാനൊന്നും ഞാൻ ആളല്ല. നമ്മുടെ പൊലീസ് അത്ര മോശക്കാരൊന്നുമല്ല. അവർക്ക് പിടികൂടാൻ ചിലപ്പോൾ കഴിഞ്ഞെന്നും വരാം. പിടികൂടത്തില്ല എന്ന വിശ്വാസത്തിൽ ഞാൻ കഴിയുന്നുവെന്ന് മാത്രം.

എന്തിനാണ് നിങ്ങൾ ഒളിവിൽ പോയത് എന്ന ചോദ്യം പ്രസക്തമാണ്. ഞാനും ആദ്യം പറഞ്ഞിരുന്നത് ഭീരുവിനെ പോലെ ഒളിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല. ഞാൻ ഒളിവിൽ പോകില്ല. എനിക്കെതിരെ കേസോ മറ്റോ ഉണ്ടായാൽ ഞാൻ ധീരമായി അതിനെ നേരിടും എന്നാണ്. ഞാൻ അറസ്റ്റ് വരിക്കും എന്നൊക്കെയാണ് ഞാൻ വിശ്വസിച്ചിരുന്നതും പറഞ്ഞിരുന്നതും. പക്ഷേ പ്രതിസന്ധി ഉണ്ടായപ്പോൾ പൊടുന്നനെ പലരോടും ചർച്ച ചെയ്യേണ്ടി വന്നു. പ്രിയപ്പെട്ടവരൊക്കെ എന്നോടുപറഞ്ഞു, ഒളിവിൽ പോകണം. പിടികൊടുക്കരുത്. അവർ പറയുന്ന ഒരുകാര്യം എന്നെ സ്പർശിച്ചു. ഒരുകടുവ നമ്മളെ പിടിക്കാൻ വരുന്നു, അല്ലെങ്കിൽ മൂർഖൻ പാമ്പ്, പാഞ്ഞെത്തുന്നു. ഞാൻ ധീരനാണ്, അതുകൊണ്ട് ഞാൻ ഭയന്നുപിന്മാറില്ല, ധീരമായി നേരിടുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? മൂർഖൻ പാമ്പ് കൊത്തിയാൽ മരിച്ചുപോകും. കടുവ പിടിച്ചാൽ മൃതദേഹം പോലും കിട്ടില്ല. അപ്പോൾ പിന്നെ അതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ബുദ്ധി. ആ സ്‌നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങുകയാണ് ഞാൻ ചെയ്തത്.

ഒരുകാര്യത്തിൽ ഉറച്ച ബോധ്യമുണ്ട്, ഞാനൊരു കുറ്റവും ചെയ്തിട്ടില്ല. ഞാൻ കൊലപാതകിയല്ല, ഞാൻ ബലാൽസംഗം ചെയ്തിട്ടില്ല, ഞാനീ രാജ്യത്തെ ഒരുനിയമവും ലംഘിച്ചിട്ടില്ല. പക്ഷേ, എന്നെ കുരുക്കാൻ, എന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ഭരണകൂടഭീകരതയും, വ്യവസ്ഥാപിത സംവിധാനങ്ങളും ഒരുമിച്ച് ചേർന്നപ്പോൾ, സാങ്കേതികമായി ഞാൻ ആ കുരുക്കിൽ വീണുപോയി. ആലോചിച്ചുനോക്കുക, പി വി അൻവർ എന്ന കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതി, അദ്ദേഹം വെല്ലുവിളിക്കുകയാണ്, നിന്നെ ഞാൻ പൂട്ടിച്ചിരിക്കുമെടാ, എന്ന്. അദ്ദേഹത്തെ ഇതുവരെ ഒരുദിവസം പോലും അറസ്റ്റ് ചെയ്ത് പൊലീസ് ജയിലിൽ അടച്ചിട്ടില്ല. എന്തെല്ലാം കുറ്റകൃത്യങ്ങൾ അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം പരസ്യമായി രംഗത്ത് വരുന്നു, നിന്നെ പൂട്ടുമെന്ന പറഞ്ഞ്. അപ്പോൾ എനിക്ക് കൃത്യമായി ബോധ്യമായി, ഇവർക്ക് ചില പദ്ധതികളുണ്ട്. ഇവരെന്നെ പൂട്ടാൻ കഴിഞ്ഞ ഏഴുവർഷം പരിശ്രമിച്ചിട്ട് നടന്നില്ല. അപ്പോൾ ഏതെങ്കിലും തരത്തിൽ ഒരുവഴി അവർ കണ്ടുപിടിച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ വാർത്ത പുറത്തുവന്നപ്പോൾ എനിക്ക് മനസ്സിലായി, അപകടമാണ്, ഇതാണ് അവർ ഒരുക്കി വച്ചിരിക്കുന്ന കെണി. എന്നെ അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്താൽ, അതുതടയാൻ ഹൈക്കോടതിയിൽ നേരിട്ട് പോകാൻ പോലും കഴിയില്ല. ഇതൊരു കെണിയാണ് എന്ന് തിരിച്ചറിയുന്നു. എന്തുചെയ്യണമെന്ന് അറിയാത്ത ആശയക്കുഴപ്പമുണ്ടായി. പ്രത്യകിച്ച് വെള്ളി, ശനി അറസ്റ്റിലായാൽ റിമാൻഡിലാകും. ജാമ്യം പോലും കിട്ടില്ല. അതുകൊണ്ട് ഞാൻ അപ്പോൾ തന്നെ സ്ഥലം കാലിയാക്കി.

വളരെ ബുദ്ധിപരമായി തന്നെയാണ് ഞാൻ നീങ്ങിയത്. ഓഫീസ് കാര്യങ്ങൾ ബന്ധപ്പെട്ടവരെ ഏൽപ്പിച്ചു. എന്തെങ്കിലുമുണ്ടെങ്കിൽ സഹോദരന്മാരെ ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചു. അതിന് ശേഷം എന്നെ കോണ്ടാക്റ്റ് ചെയ്യുകയേ വേണ്ട, ഞാൻ സുരക്ഷിതനായിരിക്കും, നിങ്ങൾ ആരും എന്നെ കുറിച്ച് വേവലാതിപ്പെടേണ്ട എന്നും പറഞ്ഞു.പിന്നീട് ഒരാഴ്ചയോളം ഞാൻ വീഡിയോകൾ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

ഞാൻ കേരളത്തിൽ, അതീവ സുരക്ഷിതമല്ലാത്ത ഒരു സ്ഥലത്താണ് ആദ്യം കഴിഞ്ഞിരുന്നത്. പക്ഷേ വെള്ളിയാഴ്ച ജില്ലാ കോടതി പ്രതീക്ഷിച്ചത് പോലെ, ജാമ്യം നിഷേധിച്ചപ്പോൾ ഇനിയവർ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതുകൊണ്ട് ഞാൻ കൂടുതൽ സുരക്ഷിതമായ ഒരു താവളത്തിലേക്ക് മാറി. കേരളത്തിൽ തന്നെ. ഹൈക്കോടതിയുടെ ജാമ്യം തള്ളുന്നത് വരെ, ഞാൻ അവിടെ തന്നെയായിരുന്നു. ഹൈക്കോടതി ജാമ്യം തള്ളുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ജാമ്യം തള്ളുന്നതിന്റെ ഒരുദിവസം മുമ്പ് തന്നെ ഞാൻ കേരളം വിട്ടു. അങ്ങനെ മൂന്നിടത്തായാണ് ഞാൻ ഒളിവിൽ കഴിഞ്ഞത്. മൂന്നാമത്തെ ഇടത്താണ് ഇപ്പോൾ താമസിക്കുന്നത്. പലരും പറയുന്നത് പോലെ കപ്പത്തോട്ടത്തിൽ ഒന്നുമല്ല ഒളിവിൽ ഇരിക്കുന്നത്. അതീവ സുരക്ഷിതമായ സൗകര്യങ്ങൾ ഏറെയുള്ള സ്ഥലത്തുതന്നെയാണ്. വാസ്തവത്തിൽ, എന്നെ ആശങ്കപ്പെടുത്തുന്നത് ഈ സൗകര്യമാണ്. എന്നെ പരിചരിക്കാൻ രണ്ടുപേർ കാവലുണ്ട്. ഭക്ഷണം കൊണ്ട് അവർ എപ്പോഴും വീർപ്പുമുട്ടിക്കുകയാണ്. എനിക്കാണെങ്കിൽ ഒന്നും ചെയ്യാതെ ഭക്ഷണം കഴിക്കുന്നത് മടിയായതുകൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം വേണ്ടെന്ന് വച്ച്, രാവിലെയും വൈകുന്നേരവും മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ അസൗകര്യമുള്ളതുകൊണ്ട് തന്നെ യോഗ അടക്കമുള്ള വ്യായാമങ്ങൾ ചെയ്യുന്നു.

അപ്പോൾ, ചോദ്യം ബാക്കിയാണ്. ഇനി എന്തു ചെയ്യും? ജീവിതകാലം മുഴുവൻ ഒളിവിലിരിക്കാൻ കഴിയുമോ? ഒരിക്കലും കഴിയില്ല. സുപ്രീം കോടതിയിൽ ജാമ്യം കിട്ടുമെന്നാണ് കരുതുന്നത്. ജാമ്യം കിട്ടിയാൽ തിരിച്ചുവരും. നടപടി ക്രമങ്ങൾ, കേസന്വേഷണവുമായി, സഹകരിക്കേണ്ടതുണ്ട്. എനിക്കെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ കണ്ടെത്തി അതിനൊക്കെ മറുപടി കൊടുക്കണം. ഞാൻ തുടർന്ന് സജീവമായി തന്നെ പ്രവർത്തനവുമായി മുന്നോട്ടുപോകും. സുപ്രീം കോടതി ജാമ്യം നിഷേധിച്ചാൽ, ഇപ്പണി തുടരണോ വേണ്ടയോ, എന്ന് ഞാൻ ചിന്തിക്കും. കാരണം ഞാൻ സാധാരണക്കാർക്ക് വേണ്ടി ശബ്ദം ഉയർത്തുന്നു, സത്യം പറയുന്നു. നിയമലംഘനമൊന്നും ഞാൻ നടത്തിയിട്ടില്ല. വളഞ്ഞ വഴിയിലൂടെയാണ് എന്നെ ഇവർ ശ്വാസം മുട്ടിക്കുന്നതും പൂട്ടിക്കാൻ ശ്രമിക്കുന്നതും. എന്നെ സഹായിക്കാൻ സുപ്രീം കോടതിക്ക് പോലും കഴിയുന്നില്ലെങ്കിൽ, ഞാൻ നിയമപരമായി സമൂഹത്തിന് വേണ്ടി ചെയ്ത പ്രവൃത്തിയുടെ പേരിൽ, ജയിലിൽ അടയ്ക്കപ്പെടാനാണ് വിധിക്കപ്പെടുന്നതെങ്കിൽ, ഈ പണി ചെയ്യുന്നതിൽ അർഥമൊന്നുമില്ല. എന്നെ വേണ്ടാത്ത സമൂഹത്തിന്, എന്നെ വേണ്ടാത്ത നിയമവ്യവസ്ഥയ്ക്ക്, ഞാനും നിന്നുകൊടുക്കേണ്ടതില്ല. സുപ്രീം കോടതി ജാമ്യംതള്ളിയാൽ, അപ്പോൾ തന്നെ, തിരിച്ചുവന്ന് കീഴടങ്ങി, സന്തോഷത്തോടെ ജയിൽ വാസം സ്വീകരിക്കും. നിയമവ്യവസ്ഥകൾ പറയുന്ന ശിക്ഷകൾ ഏറ്റുവാങ്ങും. അതോടുകൂടി മാധ്യമപ്രവർത്തനം അവസാനിപ്പിക്കാനായിരിക്കും തീരുമാനം. കാരണം എനിക്ക് സത്യമേ പറയാൻ കഴിയൂ. സത്യം പറയുന്നതിന്റെ പ്രതിഫലം ശിക്ഷയാണെങ്കിൽ, പിന്നെ ഞാൻ സത്യം പറയുന്നത് എന്തിനാണ്. ഞാൻ എനിക്കറിയാവുന്ന കൃഷിപ്പണി ചെയ്ത്, കുടുംബത്തെ നോക്കി സമാധാനത്തോടെ ജീവിച്ചോളാം.