- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബേപ്പൂരില്‍ റിയാസിനെതിരെ അന്‍വര്‍? തവനൂരില്‍ ജലീലിനെ പൂട്ടാന്‍ സന്ദീപ് വാര്യര്‍'; നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്; ഇടതുകോട്ടകളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ ഇറക്കും
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന രണ്ട് പ്രധാന മണ്ഡലങ്ങളായ ബേപ്പൂരിലും തവനൂരിലും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി എല്‍.ഡി.എഫിനെ ഞെട്ടിക്കാന്‍ യു.ഡി.എഫ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
മറുനാടന്‍ സ്‌പെഷ്യല്‍ ചാനലില്‍ 'കൗണ്ട്ഡൗണ്‍ 2026' എപ്പിസോഡിലാണ് നിര്‍ണ്ണായകമായ ഈ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ നടത്തുന്നത്.
ഈ വീഡിയോ സ്‌റ്റോറി ചുവടെ
ബേപ്പൂരില്‍ റിയാസിനെ വീഴ്ത്താന്‍ അന്‍വര്‍?
കോഴിക്കോട് ജില്ലയില്‍ എല്‍.ഡി.എഫിന്റെ ഉരുക്കുകോട്ടയായ ബേപ്പൂരില്‍ ഇക്കുറി കടുത്ത പോരാട്ടത്തിനാണ് യു.ഡി.എഫ് കോപ്പുകൂട്ടുന്നത്. നിലവില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഈ മണ്ഡലത്തില്‍, അദ്ദേഹത്തെ നേരിടാന്‍ കോണ്‍ഗ്രസിനേക്കാള്‍ അനുയോജ്യന്‍ പി.വി. അന്‍വര്‍ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
സി.പി.എം വിട്ട് പുറത്തുവന്ന അന്‍വര്‍ യു.ഡി.എഫിനോട് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലം ബേപ്പൂര്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബേപ്പൂരിലെ മുസ്ലിം വോട്ടര്‍മാര്‍ക്കിടയിലുള്ള അന്‍വറിന്റെ സ്വാധീനവും, സി.പി.എമ്മിനോടുള്ള ഒരു വിഭാഗം വോട്ടര്‍മാരുടെ അതൃപ്തിയും അനുകൂല ഘടകമാക്കാം. ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന മുഹമ്മദ് റിയാസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് യു.ഡി.എഫിന് വലിയൊരു രാഷ്ട്രീയ വിജയമാകുമെന്ന് വാര്‍ത്ത വിലയിരുത്തുന്നു.
തവനൂരില്‍ സന്ദീപ് വാര്യര്‍
മലപ്പുറം ജില്ലയിലെ തവനൂര്‍ മണ്ഡലത്തില്‍ കെ.ടി. ജലീലിനെ പരാജയപ്പെടുത്താന്‍ സന്ദീപ് വാര്യരെ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ മിക്കയിടത്തും മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. എന്നാല്‍ 60 ശതമാനത്തോളം ഹിന്ദു വോട്ടര്‍മാരുള്ള തവനൂരില്‍ ഒരു ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് യു.ഡി.എഫിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കും.
സന്ദീപ് വാര്യര്‍ക്ക് ഒരേസമയം ഹിന്ദു-മുസ്ലിം വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കഴിയുമെന്നും, ജലീലിനോട് ഏറ്റുമുട്ടാന്‍ അദ്ദേഹത്തിനാണ് കൂടുതല്‍ കെല്‍പ്പുള്ളതെന്നുമാണ് സൂചന. മലപ്പുറത്തെ കോണ്‍ഗ്രസ് സീറ്റുകളുടെ വിഭജനത്തില്‍ ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കാന്‍ സന്ദീപ് വാര്യരുടെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
യു.ഡി.എഫിന്റെ പ്രതീക്ഷകള്‍
കഴിഞ്ഞ തവണ കോഴിക്കോട് ജില്ലയില്‍ 13-ല്‍ 11 സീറ്റും നേടിയ എല്‍.ഡി.എഫിന് ഇത്തവണ തിരിച്ചടി നേരിടുമെന്ന് യു.ഡി.എഫ് കണക്കാക്കുന്നു. ബേപ്പൂര്‍, ബാലുശ്ശേരി, പേരാമ്പ്ര, ഏലത്തൂര്‍ എന്നീ നാല് മണ്ഡലങ്ങളിലൊഴികെ ബാക്കി ഒന്‍പത് സീറ്റുകളിലും വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നുണ്ടെങ്കിലും, 'സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ' ബേപ്പൂര്‍ കൂടി പിടിച്ചെടുക്കാനാണ് നീക്കം.




