- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ മജിസ്ട്രേറ്റിനെ കടിക്കുന്നത് കണ്ടില്ലെന്ന് നിങ്ങൾ മൊഴി മാറ്റിപ്പറയണം കേട്ടോടാ പട്ടികളേ; തെരുവുനായ ശല്യവും അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി കൂറുമാറ്റവും; ആനുകാലിക വിഷയങ്ങൾ കോർത്തിണക്കുന്ന ഷാജി മാത്യുവിന്റെ കാർട്ടൂൺ വൈറൽ: ഇതും നീതി നിഷേധത്തിനെതിരേയുള്ള ഇടപെടൽ
പത്തനംതിട്ട: ബുധനാഴ്ച പകലാണ് അട്ടപ്പാടി മധു വധക്കേസിലെ പ്രധാന സാക്ഷി കാഴ്ചക്കുറവുണ്ടെന്ന് കോടതിയിൽ പറഞ്ഞ് പരസ്യമായി കൂറുമാറിയത്. അന്നു രാത്രിയിലാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലെ മജിസ്ട്രേറ്റിനെ തെരുവുനായ കടിച്ചതും. ആനുകാലികമായ രണ്ടു വിഷയങ്ങൾ കൂട്ടിയിണക്കി മലയാലപ്പുഴ സ്വദേശിയായ കാർട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച ഒരു കാർട്ടൂൺ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഞാൻ മജിസ്ട്രേറ്റിനെ കടിക്കുന്നത് കണ്ടില്ലെന്ന് നിങ്ങൾ മൊഴി മാറ്റിപ്പറയണം. കേട്ടോടാ പട്ടികളേ...എന്ന് മറ്റു മൂന്നു നായകൾക്കൊപ്പം നിൽക്കുന്ന നായ പറയുന്നതാണ് കാർട്ടൂൺ.
കേരളത്തിന്റെ സമകാലിക സംഭവങ്ങൾ വരച്ചു കാട്ടാൻ ഇതിലും നല്ലൊരു കാർട്ടൂണില്ല. ഷാജി മാത്യു ഏതെങ്കിലും പത്രത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നെങ്കിൽ ഒന്നാം പേജിൽ വരുമായിരുന്നു ഈ കാർട്ടൂണെന്ന് നിസംശയം പറയാം. തന്റെ മനസിനെ വേദനിപ്പിച്ച ധാർമിക രോഷമാണ് കാർട്ടൂണായി പുറത്തു വന്നതെന്ന് ഷാജി മാത്യു പറയുന്നു. അട്ടപ്പാടിയിലെ പാവം ആദിവാസി യുവാവിനെ കൊന്ന കേസിൽ ഓരോരുത്തരായി കൂറുമാറുകയാണ്. ഇവരുടെ മൊഴിമാറ്റം കണ്ട് കേരള സമൂഹം തരിച്ചു നിൽക്കുന്നു.
അതിനിടെയാണ് സാമൂഹിക വിപത്തായി തെരുവുനായ ശല്യം വ്യാപിക്കുന്നത്. രണ്ടും കൂടി ചേർന്നപ്പോൾ മനസിൽ വന്ന ആശയമാണ്. പെട്ടെന്ന് വരച്ച് ഒന്നു ചിരിക്കൂവെന്ന തന്നെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. അതിത്രയും വൈറൽ ആകുമെന്ന് കരുതിയില്ല. കേട്ടോടാ പട്ടികളേ... എന്ന അവസാന വാക്ക് മധുവിന് വേണ്ടിയാണെന്നും ഷാജി പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ് ഈ കാർട്ടൂൺ.
30 വർഷമായി കോമിക്സ്, കാർട്ടൂൺ രംഗത്ത് സജീവമാണ് ഷാജി മാത്യു. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിന് കീഴിൽ വരച്ചു തുടങ്ങി. ടോംസ് പബ്ലിക്കേഷനിൽ നിന്നും പ്രസിദ്ധീകരിച്ച മണ്ടൂസ് 15 വർഷം വരച്ചത് ഷാജിയാണ്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട കാർട്ടൂണുകൾക്ക് കൈയും കണക്കുമില്ല. കൂടാതെ ടിന്റുമോൻ, പപ്പുണ്ണി, ശുപ്പൻ, തൊമ്മനും പമ്മനും, പിണ്ടൂസ്, സെറാഫിൻ, ക്രിസ്റ്റി ക്രിസ്റ്റീന, തുടങ്ങി നിരവധി കഥാപാത്ര ചിത്രീകരണം നടത്തി. മലയാളത്തിലെ പ്രമുഖ ബാലപ്രസിദ്ധീകരണങ്ങളിലെല്ലാം തന്നെ ചിത്രകഥകൾ വരച്ചിട്ടുണ്ട്.
നിരവധി പുസ്തകങ്ങളുടെ കവർ, ഇല്ലസ്ട്രേഷൻ ചെയ്തിട്ടുണ്ട്. നോട്ടു നിരോധനം, പെട്രോൾ വിലവർധനവ്, പത്തനംതിട്ട ബസ് സ്റ്റാൻഡ് തകർച്ച തുടങ്ങിയ വിഷയങ്ങളിൽ തെരുവിൽ കാർട്ടൂൺ വരച്ച് പ്രതിഷേധിച്ചു. സോഷ്യൽ മീഡിയയിൽ ആനുകാലിക വിഷയങ്ങളിൽ ധാരാളം കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. പത്തനംതിട്ട ചിത്രങ്ങൾ രേഖാ ചിത്ര പ്രദർശനം, കോവിഡ്, ലഹരി,ചിക്കുൻ ഗുനിയ എന്നിവയ്ക്കെതിരെ ബോധവത്ക്കരണ കാർട്ടൂൺ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള ഷാജി ഏറ്റവും കൂടുതൽ ആനുകാലിക വിഷയങ്ങളും ആക്ഷേപഹാസ്യവുമാണ് കൈകാര്യം ചെയ്യുന്നത്. ഷോർട്ട് ഫിലിമുകളിലും സിനിമകളിലും വേഷങ്ങൾ ചെയ്തു. വരമേളം എന്ന പേരിൽ കാർട്ടൂൺ സ്റ്റേജ് ഷോകളും നടത്തി വരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്