- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തും അനുവദിക്കുന്ന സ്‌പെയിനോ സ്വീഡനോ പോലുള്ള രാജ്യമല്ല നമ്മുടേത്.. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടായി? അടുത്ത തവണ നിങ്ങൾ വസ്ത്രമില്ലാതെ വരും'; പത്താൻ സിനിമാ വിവാദത്തിൽ ദീപികയെ പരിഹസിച്ച് മുകേഷ് ഖന്ന; സെൻസസ് ബോർഡിനും വിമർശനം
മുംബൈ: ഷാരൂഖ് ഖാൻ ചിത്രം പത്താനിലെ 'ബേഷറം റാംഗ്' ഗാനം വിവാദങ്ങൾക്കിടെയും വലിയ ഹിറ്റാണ്. സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ വസ്ത്രധാരണഴും കളരുമായി സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദീപികയെ വിമർശിച്ച് ബോളിവുഡ് നടൻ മുകേഷ് ഖന്ന. ഇപ്പോൾ അൽപ വസ്ത്രധാരിയായി ആളുകളെ ആകർഷിക്കുന്ന ദീപിക അടുത്ത തവണ വസ്ത്രമില്ലാതെ വരുമെന്ന് മുകേഷ് പറഞ്ഞു.
''എന്തും അനുവദിക്കുന്ന സ്‌പെയിനോ സ്വീഡനോ പോലുള്ള രാജ്യമല്ല നമ്മുടേത്. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടായി. അടുത്ത തവണ നിങ്ങൾ വസ്ത്രമില്ലാതെ വരും''മുകേഷ് ഖന്ന പറഞ്ഞു. പാട്ട് കട്ടുകളില്ലാതെ ക്ലിയർ ചെയ്തതിന് സെൻസർ ബോർഡിനെയും ഖന്ന വിമർശിച്ചു.
''ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം അവർക്ക് കാണാൻ കഴിയുന്നില്ലേ? സിനിമകൾ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെൻസർ ബോർഡിന്റെ ജോലി. യുവാക്കളെ പ്രേരിപ്പിക്കുന്നതോ വഴിതെറ്റിക്കുന്നതോ ആയ സിനിമകൾ സെൻസർ ബോർഡ് അനുവദിക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ് കലക്കാൻ കഴിയും, അവരെ തെറ്റിദ്ധരിപ്പിക്കാനല്ല. ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. ഇതിനെങ്ങിനെ അനുമതി നൽകി. ബോധപൂർവമായ പ്രകോപനപരമായ വസ്ത്രധാരണം അവർ കണ്ടില്ലേ?''. മുകേഷ് ചോദിക്കുന്നു.
'പത്താൻ' എന്ന ചിത്രത്തിലെ 'ബേഷ്‌റം റംഗ്' എന്ന തുടങ്ങുന്ന ഗാനം പുറത്തുവന്നതു മുതലാണ് ബിജെപി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ ഗാനരംഗത്തിൽ ദീപിക പദുക്കോൺ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് വിവാദത്തിനു കാരണം. കാവി നിറമുള്ള ബിക്കിനി ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണെന്നാണ് ആരോപണം. ഗാനരംഗത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് 'മലിനമായ മാനസികാവസ്ഥ'യിൽ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും പ്രതികരിച്ചിരുന്നു.
വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാറുഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ബേഷ്‌റം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.ഗാനത്തിലെ ദീപികയുടെ കാവി നിറത്തിലുള്ള വസ്ത്രത്തെ ചൊല്ലിയാണ് ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിരിക്കുന്നത്.ഗാനരംഗത്തിൽ ഓറഞ്ച് ബിക്കിനിയണിഞ്ഞാണ് ദീപിക എത്തുന്നത്. 'ബേഷരം റംഗ്' എന്നാൽ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അർത്ഥമാക്കുന്നതെന്നുമാണ് വ്യാഖ്യാനങ്ങൾ.
ഇതിന് പിന്നാലെ ചിത്രത്തിനെതിരെ പരാതിയും ബഹിഷ്‌കരണാഹ്വാനവുമായി നിരവധി പേർ രംഗത്ത് വന്നത്. ചിത്രത്തിലെ ഗാനരംഗത്തിനെതിരെ സുപ്രീംകോടതിയിലെ അഭിഭാഷകനായ വിനീത് ജിൻഡാൽ വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. ഗാനരംഗത്തിൽ തിരുത്തലുകൾ വരുത്തുന്നതു വരെ സിനിമയുടെ റിലീസ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വകുപ്പ് പ്രകാരമാണ് നടപടി.
ഈ ഗാനം അശ്ലീലച്ചുവയുള്ളതാണെന്നും ഹിന്ദു വികാരങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ബേഷരം രംഗ് ഗാനത്തിൽ അശ്ലീല നൃത്തം ചെയ്യുകയും ആക്ഷേപകരമായ രീതിയിൽ ഗാനം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ദീപികയും ഷാരൂഖ് ഖാനും മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കത്തിൽ പറയുന്നു.
സെക്ഷൻ 295 എ, 298, 505, ഐടി നിയമം, ഐപിസി 304 എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്നും ഷാരൂഖ് ഖാനും ദീപികയ്ക്കും എതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. വീഡിയോ ഉടൻ തന്നെ നിരോധിക്കണമെന്നും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് അയച്ച കത്തിൽ പറയുന്നു.
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന പഠാൻ സിദ്ധാർത്ഥ് ആനന്ദയാണ് സംവിധാനം ചെയ്യുന്നത്.ജനുവരി 25നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
മറുനാടന് ഡെസ്ക്