ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഉടമയും കുടുങ്ങും. കാര്‍ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്നാണ് വിലയിരുത്തല്‍. 'റെന്റ് എ കാര്‍' ലൈസന്‍സ് ഇല്ലാതെയാണ് ഉടമ വാഹനം വാടകയ്ക്ക് നല്‍കിയത്. വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. നേരത്തെ വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിശദീകരണം നല്‍കുകയും ചെയ്തു. ഈ വിശീദകരണം തെറ്റായിരുന്നു. ഇതിനുള്ള തെളിവും മൊഴിയും കിട്ടി. ഡ്രൈവറായിരുന്ന ഗൗരി ശങ്കറിന്റെ മൊഴിയാണ് നിര്‍ണ്ണായകമായത്. 1000 രൂപ വാടക നല്‍കിയാണ് കാര്‍ വാങ്ങിയത്. ഈ പണം ഗൂഗിള്‍ പേയിലൂടെയാണ് അയച്ചത്. ഇതോടെ വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയതിന് തെളിവായി. ഈ സാഹചര്യത്തില്‍ കാറിന്റെ പെര്‍മിറ്റ് റദ്ദാക്കും.

ഏഴ് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വാഹനമാണ് ടവേര. എന്നാല്‍ ഇതില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്. എന്നാല്‍ വാടകയ്ക്ക് നല്‍കിയത് അല്ലെന്ന വാദവുമായി പിടിച്ചു നില്‍ക്കാനായിരുന്നു വാഹന ഉടമയുടെ ലക്ഷ്യം. അപകടമുണ്ടായ കാര്‍ അമ്പലപ്പുഴ കക്കാഴം സ്വദേശി ഷമില്‍ ഖാന്റേതാണ്. കാര്‍ വാടകയ്ക്ക് കൊടുക്കുന്നയാളാണ് ഉടമയെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനല്‍കിയതെന്ന് ഷമില്‍ വിശദീകരിച്ചു. അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാറാണ് കാറിനായി ബന്ധപ്പെട്ടത്. ജബ്ബാറും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കാര്‍ കൊണ്ടുപോയതെന്നും ഷമില്‍ ഖാന്‍ പറഞ്ഞിരുന്നു. 14 വര്‍ഷം പഴക്കമുള്ള ടവേര വാഹനമാണ് അപകടമുണ്ടാക്കിയത്.

'സിനിമയ്ക്ക് പോയിവരാമെന്ന് പറഞ്ഞാണ് കാര്‍ എടുത്തുകൊണ്ടുപോയത്. വാടകയ്ക്ക് കൊടുത്തതല്ല. സുഹൃത്തായതിന്റെ പേരില്‍ സിനിമയ്ക്ക് പോവാന്‍ കൊടുത്തുവിട്ടതാണ്. മുഹമ്മദ് ജബ്ബാറിനെയാണ് പരിചയം. ജബ്ബാറിന്റെ ചേട്ടന്‍ മിഷാല്‍ തിരുവനന്തപുരത്ത് എന്‍ജിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുള്ളിയുമായി പരിചയമുണ്ട്. പാവം വിളിച്ചു. 'കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും ' എന്ന് പറഞ്ഞു. അങ്ങനെ കൊടുത്തുവിട്ടതാണെന്നാണ് ഉടമയുടെ വാദം. എന്നാല്‍ ആരു പറഞ്ഞിട്ടായാലും 1000 രൂപ ഗൂഗിള്‍ പേയില്‍ ഷമിലിന് കിട്ടിയെന്നതാണ് വസ്തുത. ഇത് നിര്‍ണ്ണായക തെളിവായി മാറും.

നേരത്തെ ഷമില്‍ഖാന്‍ നടത്തിയ പ്രതികരണം ചുവടെ

സിനിമയ്ക്ക് പോയിവരാമെന്ന് പറഞ്ഞാണ് എടുത്തുകൊണ്ടുപോയത്. വാടകയ്ക്ക് കൊടുത്തതല്ല, സുഹൃത്തായതിന്റെ പേരില്‍ സിനിമയ്ക്ക് പോവാന്‍ കൊടുത്തുവിട്ടതാണ്. മുഹമ്മദ് ജബ്ബാറിനെയാണ് പരിചയം. ജബ്ബാറിന്റെ ചേട്ടന്‍ മിഷാല്‍ തിരുവനന്തപുരത്ത് എന്‍ജിനിയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുള്ളിയുമായും പരിചയമുണ്ട്. പാവം വിളിച്ചു, 'കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും' എന്ന് പറഞ്ഞു. അങ്ങനെ കൊടുത്തുവിട്ടതാണ്.

ഏഴര കഴിഞ്ഞപ്പോഴാണ് കൊണ്ടുപോയത്. മൂന്നുപിള്ളേരാണ് വണ്ടി എടുക്കാന്‍ വന്നത്. വണ്ടാനത്ത് പായസക്കടയില്‍ പായസംകുടിക്കാന്‍ വന്നുള്ള പരിചയമാണ് ജബ്ബാറുമായി. രാത്രി പത്തുമണിക്കാണ് അപകടവിവരം അറിഞ്ഞത്. സിനിമ കഴിഞ്ഞ ഉടനെ തിരിച്ചുതരാമെന്ന് പറഞ്ഞാണ് വണ്ടികൊണ്ടുപോയത്. മഴകാരണം കൊടുക്കാന്‍ മടിച്ചു, ചേട്ടന്‍ വിളിച്ചുപറഞ്ഞു 'കുഴപ്പമില്ല ഇക്ക. അത്യാവശ്യമല്ലേ, ഒരുപടത്തിന് പോയിട്ട് വരട്ടേ, വല്ലപ്പോഴുമല്ലേ ഇങ്ങനെ അവധി വരികയുള്ളൂ' എന്നും പറഞ്ഞു. അങ്ങനെ കൊടുത്തുവിട്ടതാണ്.

ഒന്ന് സഹായിച്ചതാണ്, അതിങ്ങനെ ആവുമെന്ന് ആരും കരുതിയില്ല. ഇത് അറിഞ്ഞപ്പോള്‍ മുതല്‍ ഉറങ്ങിയിട്ടില്ല. എങ്ങനെ ഉറങ്ങാന്‍ പറ്റും? പിള്ളേരായിട്ട് ചോദിച്ചപ്പോള്‍ എങ്ങനെ കൊടുക്കാതിരിക്കും എന്ന് ഓര്‍ത്തുകൊടുത്തുപോയതാണ്. 55 ദിവസത്തെ പരിചയമാണ് കുട്ടികളുമായി ഉള്ളത്. ചുരുങ്ങിയ ദിവസമാണെങ്കിലും നല്ല ബന്ധമുണ്ടായിരുന്നു. അതാണ് കൊടുത്തുവിട്ടത്. അവന്റെ മുഖം ഇപ്പോഴും മനസ്സില്‍ മറയാതെ നില്‍ക്കുകയാണ്. ചേട്ടന്‍ വിളിച്ചിരുന്നു, 'ഇക്കാ ഞാന്‍ പറഞ്ഞതിന്റെ പേരില്‍ അല്ലേ ഇക്ക വണ്ടി കൊടുത്തത്. ഇല്ലെങ്കില്‍ കൊടുക്കില്ലായിരുന്നല്ലോ, എനിക്ക് എന്ത് പറയണം എന്നറിയില്ല ഇക്കാ' എന്ന് പറഞ്ഞ് കരഞ്ഞു.

അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്ക് പരിചയക്കുറവ് ഉണ്ടെന്നും ലൈസന്‍സ് എടുത്തിട്ട് അഞ്ച് മാസം മാത്രമാണ് ആയതെന്നും ആര്‍ടിഒ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയ്ക്ക് പോകാനായി നേരത്തെ സംഘം ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയിരുന്നു. ഇതിനിടെയായിരുന്നു ഗുരുവായൂര്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുമായി കാര്‍ കൂട്ടിയിടിക്കുന്നത്. അഞ്ച് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിരുന്നു. സ്പീഡ് കുറച്ചിട്ടും കാര്‍ ബസിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിശദീകരിക്കുകയും ചെയ്തു. രാത്രി 9.30 ഓടെ കളര്‍കോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം ഉണ്ടായത്.

ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.