താമരശ്ശേരി: ലഹരിവ്യാപനത്തിന്റെ കേന്ദ്രമായി താമരശേരി മാറുന്നതിന് തെളിവായി ഷിബില കൊലക്കേസും. പുതിയ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഷിബില കേസില്‍ പൊലീസ് അന്വേഷണം പുതിയ ദിശയില്‍ കടക്കുകയാണ്. താമരശേരി ചുരത്തിലെ തട്ടുകട കേന്ദ്രീകരിച്ച് രാസ ലഹരി വില്‍പ്പന വ്യാപകമെന്ന് പരാതി ഉയരുന്നുണ്ട്. താമരശ്ശേരി പുതുപ്പാടിയില്‍ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയില്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഈ തട്ടുകടയിലാണ്. പരാതിയെ തുടര്‍ന്ന് പൂട്ടിയ ഈ കട വീണ്ടും തുറന്നു ലഹരി വില്‍പ്പന ആരംഭിച്ചുവെന്നാണ് ആക്ഷേപം. താമരശ്ശേരിയിലെ രാസ ലഹരിക്കെതിരെ നിലപാടെടുക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ് ലഹരി മാഫിയ. ഫോട്ടോ പ്രചരിപ്പിച്ച് മര്‍ദ്ദിക്കുമെന്ന് ഭീഷണി മുഴക്കുന്നു. ലഹരിക്കെതിരായി സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു.. ലഹരി മാഫിയ താവളം ആക്കുന്നത് ചുരവും പരിസരവുമാണെന്നും പ്രതീക്ഷകള്‍ നഷ്ടമായെന്നും ജനകീയ സമിതി പറയുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അയല്‍വീട്ടുകാരനായ യാസിറുമായി ഷിബില അടുപ്പത്തിലായത്. ഇരുവീട്ടുകാരുടെയും കടുത്ത എതിര്‍പ്പ്. പതിനെട്ടാമത്തെ വയസ്സില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍നിന്ന് യാസിറിന്റെ കൈ പിടിച്ച് ഷിബില പുതിയ ജീവിതം തുടങ്ങി. എന്നാല്‍ യാസിറിന്റെ ലഹരി ഉപയോഗം ജീവിതം തകര്‍ത്തു. സാമ്പത്തിക ബാധ്യതകള്‍ കൂടിയായതോടെ പ്രതിസന്ധി കൂടി. വാടക വീടുകള്‍ പലതവണ മാറി. ഒടുവില്‍ ഉപദ്രവം സഹിക്കവയ്യാതായതോടെ നാല് വര്‍ഷം മുമ്പ് ഇറങ്ങിയ വീട്ടിലേക്ക് കുഞ്ഞുമായി ഷിബില തിരികെയെത്തി. നോമ്പ്കാലം കഴിഞ്ഞ് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഷിബില. നോമ്പുതുറന്ന നേരത്താണ് കത്തിയുമായി യാസിര്‍ എത്തി മകളുടെ മുന്നിലിട്ട് ഷിബിലയെ കുത്തിയത്. തടയാന്‍ വന്ന ഷിബിലയുടെ രക്ഷിതാക്കളെയും കുത്തി. അങ്ങനെ ലഹരിയുടെ സ്വാധീനത്തില്‍ യാസിര്‍ കണ്ണില്ലാത്തവനായി.

കക്കാട് നക്കലമ്പാട് പ്രദേശത്ത് അയല്‍വാസികളായിരുന്നു യാസിറും ഷിബിലയും. അവിടെ വച്ചാണ് ഇവര്‍ ഇഷ്ടത്തിലായത്. പിന്നീട് യാസിറിന്റെ കുടുംബം നക്കലമ്പാട് നിന്നുപോയെങ്കിലും ബന്ധം തുടര്‍ന്നു. ഷിബില, യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞശേഷമായിരുന്നു. യാസിറിന്റെയും ഷിബിലയുടേയും ബന്ധം കുടുംബം ആദ്യം മുതല്‍ എതിര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഷിബിലയെ മറ്റൊരാളുമായി നിക്കാഹ് ചെയ്യിച്ചത്. എന്നാല്‍ ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു. വിവാഹം കഴിഞ്ഞ ശേഷം ഷിബിലയും യാസിറും അടിവാരത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. കുറച്ചു കാലം ബേക്കറിയില്‍ ജോലി ചെയ്തിരുന്ന യാസിര്‍ പിന്നീട് തട്ടുകടയിലേക്ക് മാറി. ഈ തട്ടുകടയെ കുറിച്ചാണ് ആക്ഷേപം ഉയരുന്നത്.

യാസിര്‍ ഒരുമാസം മുന്‍പ് താമരശ്ശേരിയില്‍ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖിന്റെ സുഹൃത്തായിരുന്നു. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നു. ഒരുമാസം മുന്‍പായിരുന്നു അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകന്‍ ആഷിക്ക് സുബൈദയെ വെട്ടുകയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചായിരുന്നു കൊലപാതകം. ഉമ്മയെ കാണാനെത്തിയ മകന്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സുബൈദയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുബൈദയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭര്‍ത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭര്‍ത്താവായ യാസിര്‍ വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്‌മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്‌മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അക്രമത്തിന് ശേഷം കാറില്‍ രക്ഷപെട്ട യാസിര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തു വെച്ച് പൊലീസ് പിടിയിലായി. നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒരുമിക്കുന്നത് . എന്നാല്‍ ആദ്യ മാസങ്ങള്‍ക്ക് ശേഷം യാസിറിന്റെ സ്വഭാവം മാറി.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസര്‍ മര്‍ദിക്കുകയും ഷിബിലയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്കി.എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.