കൊച്ചി: സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഷെയ്ൻ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്. പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച മെയിലാണ് പുറത്തു വന്നിരിക്കുന്നത്. ഷെയ്ൻ നിഗമിനേയും മറ്റും പിന്തുണച്ച് സോഷ്യൽ മീഡിയാ കാമ്പൈനുകൾ സജീവമാണ്. ഈ സാഹചര്യത്തിലാണ് ഇമെയിൽ പുറത്തു വരുന്നത്.

ചിത്രീകരണം പൂർത്തിയായ ആർഡിഎക്സ് എന്ന സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും താനായിരിക്കണം ഫൈനൽ കട്ടിൽ പ്രധാന കഥാപാത്രമെന്നും മെയിലിൽ ഷെയ്ൻ ആവശ്യപ്പെടുന്നുണ്ട്. എഡിറ്റ് ചെയ്ത ഭാഗം തന്നെ കാണിക്കണമെന്നും ഷെയ്നിന്റെ മെയിലിൽ പറയുന്നു. ഷെയ്ൻ കാരണം ഷൂട്ടിങ് തടസപ്പെട്ടുവെന്ന് സോഫിയ പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിലാണ് തെറ്റു തിരുത്തലിന്റെ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയത്.

സിനിമാ സംഘടനകൾ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെതിരേ താരസംഘടനയായ 'അമ്മ'യെ സമീപിച്ച് നടൻ ഷെയ്ൻ നിഗം ചർച്ച പുതിയ തലത്തിലെത്തിക്കുകയാണ്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഷെയ്ൻ പറഞ്ഞു. ആരോപണങ്ങൾ മനോവിഷമമുണ്ടാക്കി. എഡിറ്റ് കാണണമെന്ന് പറഞ്ഞിട്ടില്ല. മൂന്ന് അഭിനേതാക്കൾ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാൻ തനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ സംവിധായകൻ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന്. താൻ അവതരിപ്പിക്കുന്ന റോബർട്ട് എന്ന കഥാത്രമാണ് നായകൻ എന്നാണ്. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതിൽ സംശയം വന്നു. തുടർന്ന് സംവിധായകനോട് അതേക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്.

പണം കൂടുതൽ ചോദിച്ചുവെന്ന ആരോപണത്തിനും ഷെയ്ൻ മറുപടി പറഞ്ഞു. സിനിമയ്ക്ക് വേണ്ടി താൻ നൽകിയ സമയം നീണ്ടുപോയി. അതിനാൽ ആർ.ഡി.എക്സിന് ശേഷം താൻ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രം നീണ്ടുപോയി. അതിനാൽ മുൻകൂറായി വാങ്ങിയ പണം തിരികെ നൽകേണ്ടിവന്നു. നിർമ്മാതാവിന്റെ ഭർത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടർന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ആർ.ഡി.എക്‌സ് സിനിമയുടെ നിർമ്മാതാവ് സോഫിയ പോളിന് ഷെയ്ൻ അയച്ച വിവാദ കത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്. ആർ.ഡി.എക്‌സ് സിനിമയിൽ തന്റെ കഥാപാത്രത്തിന് കൂടുതൽ പ്രധാന്യം നൽകണമെന്നാണ് ഷെയിനിന്റെ നിബന്ധന. ചിത്രത്തിൽ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അനാവശ്യമായി സിനിമയുടെ സാങ്കേതിക കാര്യങ്ങളിലുൾപ്പെടെ ഇടപെടുന്നു, കൃത്യമായി ഷൂട്ടിങ്ങിനെത്തുന്നില്ല തുടങ്ങി ഏതാനും യുവതാരങ്ങൾക്കെതിരെയും സിനിമാ സംഘടനകൾക്ക് പരാതി ലഭിച്ചിരുന്നു. നിരവധി ആരോപണങ്ങൾ ഉന്നയിച്ച് യുവതാരങ്ങളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് കഴിഞ്ഞ ദിവസമാണ് സിനിമാ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയത്. ഷൂട്ടിങ്ങ് സെറ്റിൽ മയക്കുമരുന്ന് സ്വാധീനം വർധിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. അതേസമയം താര സംഘടനകൾ സഹകരിക്കില്ലെന്ന് കണ്ടതോടെ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയൊഴിഞ്ഞിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക.

നിർമ്മാതാക്കളുമായി കരാർ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. ചിലർ ഒരിടത്തും അംഗത്വമെടുക്കാതെ സംഘടനയെ വെല്ലുവിളിക്കുകയാണ്. നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി അമ്മയിലെ അംഗത്വ നമ്പർ നിർബന്ധമാക്കുമെന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, താരസംഘടനയായ 'അമ്മ', സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക എന്നിവരുടെ സംയുക്തയോഗത്തിലായിരുന്നു തീരുമാനം.