- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ആർ. നാരായണൻ ഫിലിം ഇസ്റ്റിറ്റിയൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു; കാലാവധി തീർന്നതിനാലാണ് രാജിയെന്നും വിവാദങ്ങളുമായി ബന്ധമില്ലെന്ന് ശങ്കർ മോഹന്റെ വിശദീകരണം; ജാതി വിവേചനം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തു വിടും മുമ്പ് രാജി
കോട്ടയം: കെ.ആർ. നാരായണൻ ഇസ്റ്റിറ്റിയൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു. കാലാവധി തീർന്നതിനാലാണ് രാജിയെന്ന് ശങ്കർ മോഹൻ പറഞ്ഞു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. രാജികത്ത് ചെയർമാൻ നൽകിയെന്ന് ശങ്കർ മോഹൻ അറിയിച്ചു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കർ മോഹൻ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ ഒരു മാസത്തിലേറെയായി നടത്തി വന്ന സമരത്തിനിടെയാണ് രാജി പ്രഖ്യാപനം. സമരവുമായി രാജിപ്രഖ്യാപനത്തിന് ബന്ധമില്ലെന്നാണ് ശങ്കർമോഹൻ അറിയിച്ചതെങ്കിലും ഈ വാദം സമരം ചെയ്യുന്ന വിദ്യാർത്ഥികൾ തള്ളി. രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം വേണമെന്നും അത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു.
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, മുൻ നിയമസഭ സെക്രട്ടറി എൻ.കെ.ജയകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് രണ്ടംഗ സമിതി സർക്കാരിന് നൽകിയതെന്നാണ് സൂചന. പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാർത്ഥികളുടെ ഭാഗം ശരിവച്ചുള്ള റിപ്പോർട്ടാണ് സർക്കാരിന് മുന്നിലെത്തിയതെന്നാണ് വിവരം. ഇതടക്കം കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്ത് വരുമെന്ന ഘട്ടത്തിൽ രാജിപ്രഖ്യാപനമെന്നാണ് സൂചന.
കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തു വിടണമെന്ന ആവശ്യം ശക്തമാതോടയെണ് ശങ്കർമോഹൻ രാജിവെച്ചതും. സംവിധായകരായ ജിയോ ബേബിയും വിധു വിൻസെന്റും അന്വേഷണ കമ്മീഷൻ റിപ്പോർട്ടു പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ കേൾക്കാതെ ഉത്തരേന്ത്യയ്ക്കു സമാനമായ രീതിയിൽ സ്ഥാപനം ദീർഘകാലം അടച്ചിടുന്ന ജനാധിപത്യവിരുദ്ധ നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിൽ ഡയറക്ടറെ മാറ്റണമെന്ന നിലപാടാണ് ഡിവൈഎഫ്ഐയ്ക്ക് ഉള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾ ഉയർത്തിയ വിഷയത്തിനൊപ്പമാണ് ഡിവൈഎഫ്ഐ. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ പറയുകയുണ്ടായി.
അതേസമയം നടൻ പ്രകാശ് രാജ് അടക്കം ഈ വിഷയത്തിൽ പ്രതികരിച്ചത് സർക്കാറിനെ വെട്ടിലാക്കിയിരുന്നു. കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിനിടെ മാധ്യമപ്രവർത്തകനും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ് നടൻ പ്രകാശ് രാജിനോട് ചോദിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയുമാണ് ഇപ്പാൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിക്കൊണ്ടിരിക്കുന്നത്. കെ ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിലെ ഡയറക്ടർ വിദ്യാർത്ഥികളോട് കാട്ടുന്ന അനീതിയിലും ജാതി വിവേചനത്തിലും എന്താണ് നിങ്ങളുടെ അഭിപ്രായം എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. അതിന് പ്രകാശ് രാജ് നൽകിയ മറുപടിയാണ് നിറയെ കൈയടി വാങ്ങിക്കൂട്ടിയത് . പാർലമെന്റ് അംഗമായ താങ്കൾ എന്ത് ചെയ്തു എന്നായിരുന്നു ആ മാസ്സ് മറുപടി.?
പ്രകാശ് രാജിന്റെ മറുപടി വന്നതോടെ സദസ്സിലിരുന്നവർ ഒന്നാകെ കൈയടിക്കുകയായിരുന്നു. അപ്പോഴേക്കും സർക്കാർ ഈ വിഷയത്തിൽ കൃത്യമായി ഉടപെടുന്നുണ്ടെന്ന് പറഞ്ഞ് ബ്രിട്ടാസ് തടിതപ്പി. അതിനുശേഷം ബ്രിട്ടാസ് പ്രകാശ് രാജിനോട് വീണ്ടും ചോദിച്ചു , സർക്കാർ എന്തായാലും ഇടപെടുന്നുണ്ട് എന്റെ ചോദ്യം താങ്കളോടാണ് . അപ്പോഴേക്കും പ്രകാശ് രാജ് തന്റെ കസേരയിൽ നിന്ന് എഴുനേൽക്കുകയും അൽപ്പം മുന്നിലേയ്ക്ക് നടക്കുകയും തിരിഞ്ഞ് ബ്രാട്ടാസിനെ നോക്കി എന്നോടാണ് ചോദ്യമെങ്കിൽ ഞാൻ ഓഡിയൻസാണ് , വീണ്ടും ചോദിക്കുന്നു താങ്കൾ എന്തു ചെയ്തു.? നടന്റെ മറുപടിയിൽ പകച്ചുനിന്ന ബ്രിട്ടാസും ഒടുവിൽ കസേരയിൽ നിന്നും എഴുന്നേറ്റ് പ്രകാശ് രാജിന് ഹസ്തദാനം നൽകി. അപ്പോഴും പ്രകാശ് രാജിന്റെ മറുപടിയിൽ സദസ്സ് നിർത്താതെ കയ്യടിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ