കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞ സംഭവത്തിൽ മകൻ അജിത് കുമാറിനെ പൊലീസ് ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അജിത്തിനെതിരെ കേസെടുത്തെങ്കിലും കുടുംബവുമായി വേളാങ്കണ്ണിക്ക് പോയതിനാൽ ചോദ്യം ചെയ്യാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ സാധിച്ചിട്ടില്ല. എഴുപത് പിന്നിട്ട ഷൺമുഖനെ മറ്റ് രണ്ട് പെൺ മക്കളും സ്വീകരിക്കാൻ വിസമ്മതിച്ചതോടെ ഇന്നലെ രാത്രി തന്നെ കോതമംഗലത്തുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു.

അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കുടുംബ സമേതം മുങ്ങുകയായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. കിടപ്പുരോഗിയായ പിതാവ് ഷണ്മുഖനെ മകൻ അജിത്തും കുടുംബവും വാടക വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ ഷൺമുഖൻ അവശനിലയിലായിരുന്നു. വാടക വീടിന്റെ ഉടമയാണ് നിലവിൽ വൃദ്ധന് ഭക്ഷണവും വെള്ളവും നൽകിയത്. മകനെതിരെ കേസെടുത്ത പൊലീസ് വൃദ്ധനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് സഹോദരന്റെ വീട്ടിലേക്ക് കൊണ്ടു പോയത്.

24 മണിക്കൂർ വൃദ്ധൻ വീട്ടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകൻ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥൻ അറിയുന്നത്. ഷൺമുഖന് മൂന്ന് മക്കളുണ്ട്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. മകൻ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്പോൾ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാമെന്നുമാണ് പൊലീസിനോട് വ്യക്തമാക്കിയത്. അങ്ങനെ എങ്കിൽ കേസൊഴിവാകും. എന്തുകൊണ്ടാണ് അച്ഛനെ പെൺമക്കൾ നോക്കാത്തതെന്നതും ദുരൂഹമായി തുടരുന്നു.

വാർത്തയും വിവാദവുമായിട്ടും അച്ഛനെ ഏറ്റെടുക്കാൻ പെൺമക്കൾ തയ്യാറായില്ലെന്നത് വസ്തുതയാണ്. 10 മാസങ്ങൾക്കുമുമ്പാണ് അജിത്തും അച്ഛനും എല്ലാം തൃപ്പൂണിത്തുറയിൽ വാടകയ്ക്കെത്തിയത്. അജിത്തും വീട്ടുടമയുമായി വാടക തർക്കം നിലനിന്നിരുന്നു. വാടക നൽകാതായപ്പോൾ അജിത്തിനോട് വീട് ഒഴിയാൻ പറഞ്ഞിരുന്നുവെന്നും പിന്നാലെ പൊലീസിൽ പരാതിയും നൽകിയിരുന്നതായും വീട്ടുടമ പറയുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവ് ഷൺമുഖനുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അജിത്ത് കിടപ്പുരോഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ സാമ്പത്തികപ്രശ്‌നം കാരണമാണ് അച്ഛനെ നോക്കാൻ സാധിക്കാത്തതെന്നാണ് പൊലീസിനോട് അജിത്ത് വ്യക്തമാക്കിയത്. അജിത്തിന്റെ രണ്ട് സഹോദരിമാരെ ഇവരുടെ വീട്ടിൽ കയറാനോ അച്ഛനെ കാണാനോ അനുവദിച്ചിരുന്നില്ലെന്നും സഹോദരി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെ കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളയുകയായിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ വലഞ്ഞു. അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സീനിയർ സിറ്റിസൺ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.