തിരുവനന്തപുരം: 11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ സാധിക്കാതിരുന്നിട്ടും ഗ്രീഷ്മയെ ഷാരോണ്‍ അവിശ്വസിച്ചില്ല. നരകിച്ചാണ് ഷാരോണ്‍ മരിച്ചത്. ഗ്രീഷ്മ ഷാരോണിനെ ചതിക്കുകയായിരുന്നു. സ്‌നേഹിക്കുന്ന ഒരാളെ ചതിക്കുന്നത് ഒരിക്കലും നല്ല സന്ദേശമല്ല നല്‍കുന്നത്. കുറ്റകൃതത്തിന് ശേഷവും ഗ്രീഷ്മ സ്‌നേഹം നടിച്ചു. ഷാരോണിന് നിരന്തരം സന്ദേശങ്ങള്‍ അയച്ചു. ഇനിയും പ്രതി ഇങ്ങനെ ചെയ്യില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പില്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതി ഒരു തരത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ലെന്നാണ് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നത്. ഗ്രീഷ്മ നടത്തിയത് ആസൂത്രിതമായ ഒരു കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന, വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിന്‍കര കോടതിയുടെ വിശദമായ വിധി പകര്‍പ്പ് പുറത്ത് വന്നു.

കൊലയ്ക്ക് മാര്‍ഗ്ഗം തേടി ഗൂഗിള്‍ സര്‍ച്ച്

വിഷം നല്‍കി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തി. ഷരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ഇതിനുള്ള ആദ്യ ശ്രമമായിരുന്നു പാരസെറ്റമോള്‍ ജ്യൂസില്‍ കലക്കി നല്‍കിയത്. അളവില്‍ കൂടുതല്‍ പാരസെറ്റമോള്‍ ഗുളിക ജ്യൂസില്‍ കലക്കിയാല്‍ മരണം സംഭവിക്കുമെന്ന് മനസിലാക്കാന്‍ 23 പ്രാവശ്യം മൊബൈലില്‍ ഗ്രീഷ്മ സെര്‍ച്ച് ചെയ്തു. ആദ്യ വധശ്രമം പരാജയപ്പെട്ടപ്പോള്‍ അതേ രീതി വീണ്ടും പരീക്ഷിച്ചുവെന്നും കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നും വിധി പകര്‍പ്പില്‍ പറയുന്നു.

2022 ഓഗസ്റ്റില്‍ അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തി ജ്യൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കയ്പുകാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു. ഈ സംഭവം നടന്നതിന്റെ അന്നു രാവിലെയും അമിത അളവില്‍ ഗുളികകള്‍ മനുഷ്യ ശരീരത്തില്‍ കടന്നാലുള്ള ആഘാതങ്ങളെക്കുറിച്ചു ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതി. ഷാരോണിന് വിഷം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ ഏഴരയോടെയും വിഷത്തിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞു. ഈ ഡിജിറ്റല്‍ തെളിവുകള്‍ കോടതി രേഖപ്പെടുത്തി. വിഷത്തിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കിയിട്ടാണ് അന്ന് പത്തരയോടെ ഷാരോണിനെ കുടിപ്പിച്ചതെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

കല്യാണ നിശ്ചയം കഴിഞ്ഞതോടെ എങ്ങനെയും ഒഴിവാക്കണം

കല്യാണ നിശ്ചയം കഴിഞ്ഞശേഷം ഷാരോണിനെ ഒഴിവാക്കാന്‍ പലശ്രമങ്ങളും ഗ്രീഷ്മ നടത്തിയെങ്കിലും ഷാരോണ്‍ വഴങ്ങിയില്ല. ഇതോടെ മറ്റു വഴികള്‍ ഇല്ലാതെ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പാരസെറ്റമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ച് വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍ വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികള്‍ ചേര്‍ത്ത ലായനി ജ്യൂസ് കുപ്പിയില്‍ നിറച്ചു. ഷാരോണിന് ജ്യൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കളഞ്ഞു. ഗുളിക കലര്‍ത്താത്ത ജ്യൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു.

പിന്നീട് 2022 ഒക്ടോബര്‍ 14ന് വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് ഷാരോണിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിളിച്ചുവരുത്തി. 'കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ, ദാ ഇരിക്കുന്നു കുടിക്ക്' എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു.

രാത്രി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയശേഷവും ഛര്‍ദി തുടര്‍ന്നു. പിറ്റേ ദിവസം തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇതിനുശേഷമാണ് വിഷം അകത്തുചെന്നത് സ്ഥിരീകരിച്ചതെന്നതടക്കമുള്ള കേസില്‍ സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊണ്ടാണ് കോടതി ശിക്ഷാവിധിയെക്കുറിച്ച് വിശദമാക്കുന്നത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 ദിവസത്തെ ചികിത്സ നല്‍കിയിട്ടും ഷാരോണ്‍ മരിച്ചു. 15 മില്ലിലീറ്റര്‍ വിഷം ഉള്ളില്‍ ചെന്നാല്‍ മരണം സുനിശ്ചിതമാണെന്നും മറുമരുന്നില്ലാത്ത വിഷമാണ് ഇതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കി. ഷാരോണിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് മെഡിസിന്‍ പൊലീസ് സര്‍ജന്‍ ധന്യാ രവീന്ദ്രന്‍, കോടതിയില്‍ പറഞ്ഞു. കളനാശിനി ഉള്ളില്‍ ചെന്നതാണു മരണത്തിലേക്ക് നയിച്ചത്. കളനാശി ഉള്ളില്‍ എത്തിയതോടെ കരള്‍, വൃക്ക, ശ്വാസകോശം എന്നിവ തകര്‍ന്നു. ആന്തരികാവയവങ്ങളില്‍ നിന്നും രക്തത്തില്‍ നിന്നും വിഷാംശം കണ്ടെത്തിയില്ല.

ഗ്രീഷ്മ നല്‍കിയ കഷായമാണു താന്‍ കുടിച്ചതെന്ന് ഷാരോണ്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു നല്‍കിയ മരണമൊഴിയാണു കേസില്‍ നിര്‍ണായകമായത്. കളനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണു മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിനു രണ്ട് ദിവസം മുന്‍പ് പിതാവ് ജയരാജിനോടും ഷാരോണ്‍ പറഞ്ഞു.

മീഡിയ നോക്കിയല്ല മെറിറ്റ് നോക്കി വിധി

മരണക്കിടക്കയില്‍ പോലും ഗ്രീഷ്മയെ ഷാരോണ്‍ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് ഇതിലൂടെ വ്യക്തമായത്. 11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ സാധിക്കാതിരുന്നിട്ടും ഗ്രീഷ്മയെ ഷാരോണ്‍ അവിശ്വസിച്ചില്ല. ഗ്രീഷ്മയെ നിയമ നടപടിക്ക് വിധേയമാക്കരുതെന്നും ഷാരോണ്‍ ആഗ്രഹിച്ചു.

അത്രയ്ക്ക് അഗാധമായ പ്രണയമായിരുന്നു ഷാരോണിന് ഗ്രീഷ്മയോട് ഉണ്ടായിരുന്നതെന്ന് കോടതി ഊന്നിപ്പറഞ്ഞു. വാവേ എന്നാണ് വിളിച്ചിരുന്നത്. ഷാരോണുമായി ബന്ധം നിലനില്‍ക്കെ പ്രതിശ്രുത വരനുമായി ഗ്രീഷ്മ നല്ല ബന്ധം വെച്ചിരുന്നുവെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. ഷാരോണ്‍ ഗ്രീഷ്മയെ സംഭവ ദിവസം മര്‍ദ്ദിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ലെന്ന് വിധി ന്യായത്തില്‍ കോടതി വ്യക്തമാക്കി. നേരത്തെ പ്രതിഭാഗം ഉയര്‍ത്തിയ സമാനമായ വാദത്തെയാണ് ഇതിലൂടെ കോടതി നിരാകരിച്ചിരിക്കുന്നത്. പിടിക്കപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ ഗ്രീഷ്മ കൗശലം ഇറക്കി. പല കള്ളങ്ങള്‍ പറഞ്ഞു. കൊലപാതക പ്ലാന്‍ ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹിക്കുന്ന ഒരാളെ ചതിച്ചു. സമൂഹത്തിന് ഇത് നല്‍കുന്നത് മികച്ച സന്ദേശമല്ല. ഇര നിഷ്‌കളങ്കനാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നുണ്ട്. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു.