- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നു; മരണക്കിടക്കയിലും ഗ്രീഷ്മയെ പ്രണയിച്ചിരുന്നു; ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല; ഗ്രീഷ്മ കാണിച്ചത് വിശ്വാസവഞ്ചന; പ്രായം പരിഗണിക്കാനാകില്ല'; നെയ്യാറ്റിന്‍കരയിലേത് ചരിത്രവിധി; ഗ്രീഷ്മയുടെ കരച്ചില് നാടകവും ഫലം കണ്ടില്ല
നെയ്യാറ്റിന്‍കരയിലേത് ചരിത്രവിധി
തിരുവനന്തപുരം: ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും വിധിന്യായം വായിക്കവെ കോടതി. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. ശാരീരിക ബന്ധം തെളിഞ്ഞു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചുവെന്നും നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ വിധി ന്യായത്തില്‍ നിരീക്ഷിച്ചു.
ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ 11 ദിവസം ഷാരോണ്‍ കിടന്നു. ഗ്രീഷ്മ കാണിച്ചത് വിശ്വാസവഞ്ചനയാണ്. ഗ്രീഷ്മയെ വാവ എന്നാണ് മരണക്കിടക്കിലും ഷാരോണ്‍ വിശേഷിപ്പിച്ചതെന്നും വിധിന്യായം വായിക്കവെ കോടതി പറഞ്ഞു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണ്. കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.സ്‌നേഹബന്ധത്തിനിടയിലും കൊലപ്പെടുത്താന്‍ ശ്രമിച്ചു. വധശ്രമം തെളിഞ്ഞെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.
സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഗ്രീഷ്മ നല്‍കിയത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് പറഞ്ഞാണ് പ്രതി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പതിനൊന്ന് ദിവസം ഒരു തുള്ളി വെള്ളം പോലും ഇറങ്ങാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. എന്നിട്ടും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. പക്ഷേ മരിച്ചിട്ടും ഷാരോണിനെ വ്യക്തിഹത്യ ചെയ്യാനാണ് ഗ്രീഷ്മ ശ്രമിച്ചത്.
പിടിച്ചുനില്‍ക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വ്യക്തമാക്കി.അന്വേഷണത്തെ വഴിതിരിക്കാനായിരുന്നു ഗ്രീഷ്മയുടെ ആത്മഹ്യാശ്രമം. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യത്തെളിവുകളുണ്ട്. ഘട്ടം ഘട്ടമായി കൊല്ലാന്‍ ലക്ഷ്യമിട്ടു. ആസൂത്രിത കൊലപാതകമാണ് നടത്തിയത്. പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി മുറിയില്‍ എത്തിയതിന് പിന്നാലെ ഗ്രീഷ്മ കരഞ്ഞിരുന്നു. കോടതി മുറിയില്‍ അഭിഭാഷകര്‍ക്കൊപ്പം അജ്ഞാതന്‍ എത്തിയിരുന്നു. ഇയാളെ പൊലീസ് ഇടപെട്ട് പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു.
ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് ബോധ്യമായി. അതുകൊണ്ടാണ് ഷാരോണ്‍ വിഡിയോ ചിത്രീകരിച്ചത്. ഘട്ടം ഘട്ടമായി കൊലനടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. യുവതിയുടെ ആത്മഹത്യശ്രമം അന്വേഷണത്തെ വഴി തിരിക്കാനാണ്. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദന. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്ന് നിയമം ഒന്നുമില്ലെന്നും വ്യക്തമാക്കിയാണ് പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ പ്രസ്താവിച്ചത്.
വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. മൂന്നു മാസം കൊണ്ടാണ് വാദം പൂര്‍ത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി അഭിനന്ദിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പൊലീസ് മാറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു.പിന്നാലെ ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ഗ്രീഷ്മയെ ഇന്ന് കോടതിയില്‍ എത്തിച്ചത്.
2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ , പാറശ്ശാലമുര്യങ്കര ജെ.പി ഹൗസില്‍ ഷാരോണ്‍ രാജിന് (23) കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസമാകുമെന്ന് കണ്ടാണ് ഷാരോണിനെ വധിക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയുടെ ശ്രമങ്ങള്‍ക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്‌തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കളനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നല്‍കിയത് നിര്‍മലകുമാരന്‍ നായരാണ്.2022 ഒക്ടോബര്‍ 25നായിരുന്നു ഷാരോണിന്റെ മരണം. തിരുവനന്തപുരം റൂറല്‍ എസ്.പിയായിരുന്ന ഡി. ശില്പയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമാണ് കേസ് അന്വേഷിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചായിരുന്നു അന്വേഷണം നടന്നത്.
ഡിജിറ്റല്‍,ഫോറന്‍സിക്ക്,ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി.കഴിഞ്ഞ ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ, ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത്കുമാര്‍, അഡ്വക്കേറ്റുമാരായ അല്‍ഫാസ് മഠത്തില്‍, നവനീത്കുമാര്‍ വി.എസ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
ശാസ്തമംഗലം അജിത്ത്കുമാറാണ് പ്രതിഭാഗം അഭിഭാഷകന്‍.ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും വധശിക്ഷ നല്‍കണമെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിച്ചു. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ അഭ്യര്‍ത്ഥിച്ചു.
ഇനിയും പഠിക്കണം. 24 വയസേയുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു. എം.എ സര്‍ട്ടിഫിക്കറ്റും,മാര്‍ക്ക് ലിസ്റ്റും ഹാജരാക്കുകയും ചെയ്തു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബി.എസ്സി റേഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു ഷാരോണ്‍ രാജ്.