- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചനയും കുറ്റകൃത്യവും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിൽ; കേസെടുത്തത് പാറശാല പൊലീസ്; അന്വേഷണ പരിധിയിലെ 'സംശയം' മാറ്റി നിയമോപദേശം; ഷാരോൺ വധക്കേസ് കേരളമോ തമിഴ്നാടോ അന്വേഷിക്കാം; കേരള പൊലീസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയെന്ന് ഷാരോണിന്റെ കുടുംബം
തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസ് കേരള പൊലീസോ തമിഴ്‌നാട് പൊലീസോ അന്വേഷിക്കുന്നതിൽ നിയമ തടസമില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത് രാമവർമൻ ചിറയിലാണ്. കേരള അതിർത്തിയിൽനിന്നും മീറ്ററുകൾ മാത്രം അകലെയാണ് വീട്. ഇവിടേക്കു വിളിച്ചു വരുത്തിയാണു ഷാരോണിനെ കളനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയത്.
ഗൂഢാലോചന നടത്തിയതും കൊലപാതകം നടന്നതും തെളിവു നശിപ്പിക്കാൻ കീടനാശിനി കുപ്പി ഒളിപ്പിച്ചതും തമിഴ്‌നാട്ടിലായതിനാൽ പൊലീസിന്റെ അധികാര പരിധിയെച്ചൊല്ലി വ്യത്യസ്ത അഭിപ്രായം ഉയർന്നിരുന്നു. തുടർന്നാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്. അതേസമയം, കേസ് കൈമാറുന്നതിൽ പ്രതിഭാഗത്തിന്റെ വാദവും നിർണായകമാകും. അതിനിടെ, വെള്ളിയാഴ്ച ഹാജരാകണമെന്ന് ഡിവൈഎസ്‌പിയോട് നെയ്യാറ്റിൻകര കോടതി നിർദ്ദേശിച്ചു.
അതേ സമയം പാറശ്ശാല ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കുമെന്നും കേസ് തമിഴ്‌നാടിന് കൈമാറില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചു.
കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതൽ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്‌നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്‌നാട് പൊലീസിനെ ഏൽപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. റൂറൽ എസ്‌പി ഇക്കാര്യത്തിൽ നിയമോപദേശം തേടി. ഈ നിയമോപദേശത്തിന്മേൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയത്.
കേരളാ പൊലീസ് തന്നെ കേസ് തുടർന്നും അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം. മുഖ്യമന്ത്രി ഓഫീസിൽ ഉണ്ടായിരുന്നില്ലെങ്കിലും കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ ഓഫീസ് നൽകിയതായാണ് ഷാരോണിന്റെ അച്ഛൻ ജയരാജ് പറഞ്ഞത്. കേസ് തമിഴ്‌നാട് പൊലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ടാണ് ഷാരോണിന്റെ അച്ഛൻ ജയരാജൻ, അമ്മ പ്രിയ, അമ്മാവൻ സത്യശീലൻ എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.
ഷാരോൺ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്. കേസന്വേഷണത്തിന്റെ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാൽ റൂറൽ എസ്‌പി നിയമോപദേശം തേടുകയായിരുന്നു.
അതിനിടെ, ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതിയായ ഗ്രീഷ്മ അടക്കമുള്ളവർ ജാമ്യാപേക്ഷ നൽകാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കേസ് തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന ആവശ്യവും ഇവർ കോടതിയിൽ ഉന്നയിച്ചേക്കുമെന്നാണ് സൂചന. എന്നാൽ കേസ് തമിഴ്‌നാട് പൊലീസിന് മാത്രമായി കൈമാറുന്നതിനെ കോടതിയിൽ എതിർക്കാനാണ് കേരള പൊലീസിന്റെ തീരുമാനം.
ഷാരോണിനിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്‌നാട്ടിലാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസും. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോൾ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്നായിരുന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശം.
ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിലായതിനാൽ കേസ് കൈമാറേണ്ട ആവശ്യമില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.അസഫലി അടക്കമുള്ള ഒരു വിഭാഗം നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. നിയമോപദശം ഡിജിപി പരിശോധിച്ച ശേഷമായിരിക്കും സർക്കാരിനെ അഭിപ്രായം അറിയിക്കുക. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് മാറ്റണമെങ്കിൽ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്.
കൊലപാതകം നടന്നത് തമിഴ്‌നാട്ടിലാണെങ്കിലും കേരള പൊലീസിന്റെ അധികാരപരിധിയിൽപ്പെട്ട സ്ഥലത്തും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നതിനാൽ അന്വേഷിക്കാൻ നിയമ തടസ്സം ഇല്ലെന്നാണ് നിയമോപദേശം. കേസ് തമിഴ്‌നാട് പൊലീസിനു കൈമാറുന്നതിനും നിയമ തടസമില്ല. ഇരു സംസ്ഥാനങ്ങളിലെയും പൊലീസിനു അന്വേഷിക്കാമെന്ന് നിയമോപദേശം ലഭിച്ചതോടെ ഉന്നതപൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ഷാരോൺ വധത്തിൽ ഗ്രീഷ്മയ്ക്കു പുറമേ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരൻ നിർമൽ കുമാറിനെയും അറസ്റ്റു ചെയ്തിരുന്നു. മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള ഗ്രീഷ്മയെ പൊലീസിനു കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനായിട്ടില്ല. ശുചിമുറിയിലെ അണുനാശിനി കുടിച്ച് ചികിൽസയിലുള്ള ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ല.
സംഭവത്തിൽ പങ്കില്ലാത്തതിനാൽ ഗ്രീഷ്മയുടെ അച്ഛനെയും നിർമൽ കുമാറിന്റെ മകളെയും വിട്ടയച്ചിരുന്നു. ചടയമംഗലത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന പിതാവ് മാസത്തിൽ ഒന്നോ രണ്ടോ ദിവസമാണ് വീട്ടിൽ ഉണ്ടാകാറുള്ളത്. പിതാവിനോട് ഭാര്യയും മകളും വിവരങ്ങൾ പങ്കുവച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ