- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ പെൺകുട്ടി അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു; കഷായത്തിന്റെ രാസപരിശോധന ആവശ്യമില്ലെന്നാണ് അവർ പറഞ്ഞത്; അന്വേഷണത്തിൽ അലംഭാവം കണിച്ചു'; പാറശ്ശാല പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാരോണിന്റെ കുടുബം
തിരുവനന്തപുരം: കേസ് അന്വേഷണത്തിൽ അലംഭാവം കാണിച്ചു എന്നതടക്കം ഷാരോണിന്റെ കൊലപാതകത്തിൽ പാറശ്ശാല പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഷാരോണിന്റെ കുടുബം. തന്റെ പരാതി ലാഘവത്തോടെയാണ് പൊലീസ് എടുത്തതെന്നാണ് ഷാരോണിന്റെ സഹോദരൻ ഷിമോൺ പറയുന്നു. മൊഴി നൽകാൻ സ്റ്റേഷനിൽ പോയപ്പോൾ പൊലീസ് ഗ്രീഷ്മയെ ന്യായീകരിച്ചുവെന്നും സഹോദരൻ വെളിപ്പെടുത്തി. അതേസമയം, പാറശാല പൊലീസിന്റെ അനാസ്ഥയിലും അന്വേഷണമുണ്ടാകും എന്നാണ് വിവരം.
കേസന്വേഷണത്തിൽ പാറശ്ശാല പൊലീസ് അലംഭാവം കണിച്ചെന്ന് ഷാരോണിന്റെ സഹോദരൻ ഷിമോൺ ആരോപിക്കുന്നു. പാറശ്ശാല എസ്‌ഐ അടക്കമുള്ളവർ പെൺകുട്ടിയെ അനുകൂലിച്ചെന്നും ഷിമോൺ പറയുന്നു. കഷായത്തിന്റെ രാസപരിശോധന ആവശ്യമില്ലെന്ന് പൊലീസ് പറഞ്ഞെന്നും ഷാരോണിന്റെ സഹോദരൻ പറഞ്ഞു. ആ പെൺകുട്ടി അങ്ങനെ ചെയ്യില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഡോക്ടറുടെയും കുപ്പിയുടെും വിവരങ്ങൾ ശേഖരിച്ചോ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണമെന്നും ഷാരോണിന്റെ സഹോദരൻ ഷിമോൺ വെളിപ്പെടുത്തി.
എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോൺ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷാരോണിനെ കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.
എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിൽ പരതിയെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
നെയ്യൂർ കോളജിലെ അവസാന വർഷ ബിഎസ്സി റേഡിയോളജി വിദ്യാർത്ഥി ഷാരോൺ രാജിനെ സുഹൃത്ത് ഗ്രീഷ്മ കൊലപ്പെടുത്തിയതിന് പിന്നിൽ അന്ധവിശ്വാസവും കാരണമായെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിക്കുമെന്ന ജാതകദോഷത്തിൽ ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, ഷാരോൺ രാജിന്റെ അമ്മയും പെൺകുട്ടിയുടെ ഈ വിശ്വാസത്തെക്കുറിച്ച് സൂചിപ്പിച്ചു.
ജാതകദോഷം കാരണം ആദ്യ ഭർത്താവ് നവംബറിനു മുൻപ് മരിക്കുമെന്ന് പെൺകുട്ടി അന്ധമായി വിശ്വസിച്ചിരുന്നു. അതുകൊണ്ട് ഷാരോണിനെ കൊലപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു നീക്കമെന്ന് ഷാരോണിന്റെ ബന്ധുവും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
'ആദ്യ ഭർത്താവ് മരിക്കുമെന്ന് പെൺകുട്ടി ഉറച്ചു വിശ്വസിച്ചിരുന്നു. പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളിൽത്തന്നെ പെൺകുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെക്കൊണ്ട് താലി കെട്ടിക്കുകയും നെറ്റിയിൽ കുങ്കുമം ചാർത്തിക്കുകയും ചെയ്തു. എല്ലാ ദിവസവും വൈകുന്നേരം കുങ്കുമം ചാർത്തി നിൽക്കുന്ന ഫോട്ടോ വാട്‌സാപ്പിൽ അയച്ചും കൊടുത്തിരുന്നു.'
'ഒക്ടോബറിനു ശേഷമേ ഭർത്താവുമൊത്ത് ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഗ്രീഷ്മയുടെ ജാതകത്തിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഫെബ്രുവരിയിൽ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. അതിനു മുൻപ് ഷാരോണുമായി കല്യാണം കഴിഞ്ഞു എന്ന് കണക്കിലെടുത്തു മകനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും വീട്ടിൽവച്ച് വിവാഹം കഴിച്ചു എന്നാണ് എന്നോട് പറഞ്ഞത്' ഷാരോണിന്റെ അമ്മ വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ