- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് തവണ ജയിച്ച തനിക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ട്; പല സ്വതന്ത്ര ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വേകളില്‍ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് വ്യക്തം; തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം; കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ എനിക്ക് മുമ്പില്‍ മറ്റു വഴികളുണ്ട്; നിലപാട് കടുപ്പിച്ച് തിരുവനന്തപുരം എംപി; ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്കോ?
തിരുവനന്തപുരം: കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ എനിക്ക് മുമ്പില്‍ മറ്റു വഴികളുണ്ട്-ഈ പ്രതികരണവുമായി നിലപാട് കടുപ്പിക്കുകയാണ് ശശി തരൂര്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തിരുവനന്തപുരം എംപി തനിക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും അത് പറയുമെന്നും വീണ്ടും ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് അടിത്തറ ശക്തമാക്കണം. കേരളത്തില്‍ കോണ്‍ഗ്രസിന് നേതാവില്ലെന്ന പ്രതിസന്ധിയുണ്ട്. ദേശീയ തലത്തില്‍ പോലും ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും തരൂര്‍ പറയുന്നു. പാര്‍ട്ടിക്ക് പുറത്ത് വോട്ട് സമാഹരിക്കാന്‍ കഴിയുന്ന നേതാവിന്റെ കുറവാണ് തരൂര്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പായി ഇത് മാറുകയാണ്. നൂറു പേരുടെ കൂട്ടമാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടെന്നും അവിടെ ക്രിയാത്മകമായി ഒന്നും നടക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഇതെല്ലാം മാറിയാല്‍ മാത്രമേ കോണ്‍ഗ്രസിന് മുമ്പോട്ട് പോകാന്‍ കഴിയൂ എന്ന നിരീക്ഷണമാണ് കോണ്‍ഗ്രസ് എംപി നടത്തുന്നത്.
നാല് തവണ തിരുവനന്തപുരത്ത് ജയിച്ചു. വികസന കാര്യത്തില്‍ സ്വതന്ത്ര അഭിപ്രായം പറയാന്‍ കൂടി വേണ്ടിയാണ് തനിക്ക് ജനം വോട്ട് ചെയ്തത്. തനിക്ക് തിരുവനന്തപുരത്ത് പാര്‍ട്ടിക്ക് അപ്പുറത്തേക്ക് വോട്ട് നേടാനായി. ഇത്തരത്തില്‍ വോട്ട് സമാഹരിക്കാന്‍ കഴിയുന്ന നേതാവ് കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായാല്‍ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയൂവെന്നാണ് തരൂര്‍ പറയുന്നത്. വോട്ട് ബേസ് കൂട്ടാനായില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. ദേശീയ തലത്തിലും വോട്ടു ബേസ് ഉയര്‍ത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് രക്ഷയുള്ളൂ. ദേശീയ തലത്തില്‍ 19 ശതമാനം വോട്ടാണ് കോണ്‍ഗ്രസിനുള്ളത്. പാര്‍ട്ടിയെന്ന നിലയില്‍ അതു മതി. പക്ഷേ അധികാരത്തില്‍ എത്താന്‍ ഇനിയും 26-27 ശതമാനം വോട്ട് കിട്ടേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു തവണയും കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവരെ പാര്‍ട്ടിയുമായി അടുപ്പിച്ചാല്‍ മാത്രമേ ഭരണത്തിലെത്തുക സാധ്യമാകൂ.
തിരുവനന്തപുരത്ത് എല്ലാവരും തനിക്ക് വോട്ട് ചെയ്യുന്നു. ഇതേ രീതിയില്‍ എല്ലാവരും കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ മാത്രമേ 2026ല്‍ കേരളം പിടിക്കാന്‍ കഴിയൂ. കേരളത്തിലെ കോണ്‍ഗ്രസിന് ഒരു നേതാവിന്റെ കുറവുണ്ടെന്ന് ഘടകക്ഷികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെല്ലാം അഭിപ്രായമുണ്ട്. പല അഭിപ്രായ സര്‍വ്വേകളും തനിക്ക് നേതൃത്വം നല്‍കണമെന്ന് പറയുന്നു. കോണ്‍ഗ്രസിന് ആവശ്യമുണ്ടെങ്കില്‍ താനുണ്ട്. അല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇനിക്ക് മറ്റ് വഴികളില്ലെന്ന് ചിന്തിക്കരുത്. പുസ്തകങ്ങളും പ്രസംഗങ്ങളും മറ്റ് പരിപാടികളുമെല്ലാം ലോകത്തിന് മുന്നില്‍ സംവദിക്കാന്‍ തിക്കുണ്ടെന്നും തരൂര്‍ പറയുന്നു. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആരേയും ഭയക്കാതെ സ്വന്തം അഭിപ്രായം പറയുന്നത് തുടരും. മോദിയുടേയും പിണറായിയുടേയും നല്ല കാര്യങ്ങള്‍ ഉയര്‍ത്തികാട്ടുന്നതും ഇതുകൊണ്ടാണ്.-തരൂര്‍ പറയുന്നു.
കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും. ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നും ഘടക കക്ഷികള്‍ തൃപ്തരല്ലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചില്‍. 'ജനം വോട്ട് ചെയ്താണ് എന്നെ വിജയിപ്പിച്ചത്. ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്. നാല് തവണ വിജയിച്ച തനിക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ട്. പല സ്വതന്ത്ര ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വേകളില്‍ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് ചൂണ്ടിക്കാട്ടുന്നു. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം'. സോണിയ ഗാന്ധിയും, മന്‍മോഹന്‍ സിംഗും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ പാര്‍ട്ടിയിലെത്തിയതെന്നും തരൂര്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരുമായി തുടര്‍ ചര്‍ച്ചകളില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യവസായ വകുപ്പിനെ പുകഴ്ത്തിയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ശശി തരൂര്‍ ആവര്‍ത്തിച്ചതോടെ അവഗണിക്കാനും കെപിസിസി നേതൃത്വം തീരുമാനിച്ചിരുന്നു. ഇനി തരൂരിന് മറുപടി പറഞ്ഞ് വിഷയം കൂടുതല്‍ വഷളാക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. തരൂരിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് ഹൈക്കമാന്‍ഡ് അടക്കം വിശദീകരിച്ചതിനാല്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നാണ് കേരള നേതാക്കളുടെ നിലപാട്.
തരൂര്‍ വിവാദ പ്രസ്താവന ആവര്‍ത്തിക്കുന്നത് പ്രകോപനപരമാണെന്നും പക്ഷേ അതില്‍ ഇനി വീഴേണ്ടതില്ലെന്നുമാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. തരൂരിന്റേത് പാര്‍ട്ടി നിലപാട് അല്ലെന്ന് ഇതിനകം അണികള്‍ക്കും പൊതുസമൂഹത്തിനും മനസ്സിലായിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് നിന്നാല്‍ കാര്യങ്ങള്‍ വഷളാകുമെന്നുമാണ് കെപിസിസി നേതൃത്വം വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകളുമായി ബന്ധപ്പെട്ട് തരൂര്‍ നടത്തിയ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. സാധാരണ ഞങ്ങളുടെ പാര്‍ട്ടിയില്‍ തമ്മില്‍ തല്ലുണ്ടാവാറുണ്ടെന്നും എന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായതില്‍ സന്തോഷമെന്നുമായിരുന്നു തരൂരിന്റ വാക്കുകള്‍. ഇത് അങ്ങേയറ്റത്തെ പരിഹാസമാണെന്ന വിലയിരുത്തല്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും തരൂര്‍ പരസ്യപ്രസ്താവനകള്‍ തുടരുന്നത് ആശയക്കുഴപ്പത്തിനും ഇടയാക്കിയിട്ടുണ്ട്. തരൂരിന്റെ നീക്കങ്ങളുടെ ലക്ഷ്യം എന്താണെന്ന് സംസ്ഥാന നേതൃത്വത്തിനും വ്യക്തമല്ല. ഇതിനിടെയാണ് പുതിയ തരൂര്‍ അഭിമുഖവും എത്തുന്നത്.