- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അടിസ്ഥാനപരമായി നിങ്ങള്‍ സാരിയുടുത്ത ശശി തരൂര്‍' എന്ന് സേനാ എംപിയെ വിളിച്ചതിനെ പോസിറ്റീവായി കണ്ടു; പിന്നാലെ ജയിലില്‍ ആകുന്ന മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ പ്രശ്നവും കാണുന്നില്ല; കോണ്‍ഗ്രസ് തള്ളുന്ന ബില്ലില്‍ മോദിക്ക് അനുകൂലമായി പരസ്യ പ്രസ്താവന; ഹൈക്കമാണ്ടിനെ പരാതി അറിയിച്ച് കേരളത്തിലെ നേതാക്കള്‍; ശശി തരൂര്‍ എങ്ങോട്ട്?
ന്യൂഡല്‍ഹി: അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന നിര്‍ണായക ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലിന് അനുകൂല നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ രംഗത്തു വന്നതിനെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഗൗരവത്തില്‍ കാണും. ഈ വേറിട്ട നിലപാട് കേരളത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിലെ നേതാക്കള്‍ ഹൈക്കമാണ്ടിനെ ധരിപ്പിക്കും. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അടക്കം ശശി തരൂരിന്റെ നിലപാട് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് എതിരാകുമെന്ന അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ട്. കോണ്‍ഗ്രസുമായി തരൂര്‍ അകലാന്‍ ആഗ്രഹിക്കുന്നതിന് തെളിവായി ഈ പ്രസ്താവനയെ വിലയിരുത്തുന്നുണ്ട്.
ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്ന് നീരസം നേരിടുന്നതിനിടെയാണ് വീണ്ടും പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം ശശി തരൂര്‍ രേഖപ്പെടുത്തിയത്. ഇത് ഗൗരവത്തില്‍ എടുക്കണമെന്നതാണ് കേരളത്തിലെ നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്നും തരൂരിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടും. നേരത്തെ ഈ ബില്ലിനെതിരെ കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധമാണ് ലോക്‌സഭയില്‍ ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ തരൂരിന്റെ നിലപാട് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം.
ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബില്‍ 2025 പ്രകാരം, തുടര്‍ച്ചയായി 30 ദിവസത്തിലധികം അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഏതൊരു മന്ത്രിയും 31-ാം ദിവസം രാജിവെയ്ക്കുകയോ അല്ലെങ്കില്‍ അവരെ പുറത്താക്കുകയോ ചെയ്യാം. ബില്ലില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും ബില്ലില്‍ സഭയില്‍ ചര്‍ച്ച നടക്കട്ടെയെന്നും ശശി തരൂര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നിലപാടിനെ തള്ളുന്നതായിരുന്നു ഇത്. കോണ്‍ഗ്രസ് അഴിമതിക്ക് അനുകൂലമാണെന്ന പൊതു വികാരമാണ് തരൂര്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നതെന്നാണ് എതിര്‍ ക്യാമ്പിന്റെ നിലപാട്.
'30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാനാകുമോ? ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്. എനിക്കിതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല' അദ്ദേഹം പറഞ്ഞു. പരിശോധനയ്ക്കായി ബില്‍ ഒരു സമിതിയ്ക്ക് അയക്കാവുന്നതാണെന്നും സമിതിയില്‍ ചര്‍ച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണെന്ന് താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായിരുന്നു ഈ പ്രതികരണം. കര്‍ക്കശവും ഭരണഘടനാവിരുദ്ധവും എന്നാണ് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ബില്ലിനെ വിശേഷിപ്പിച്ചത്. എന്നിട്ടും ആ ബില്ലിനെ തരൂര്‍ പിന്തുണച്ചത് ഗൗരവത്തില്‍ എടുക്കണമെന്നാണ് തരൂര്‍ വിരുദ്ധരുടെ ആവശ്യം.
'സാരിയുടുത്ത ശശി തരൂര്‍' ചര്‍ച്ചയും സജീവം
രാജ്യസഭാ എംപിയും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവുമായ പ്രിയങ്ക ചതുര്‍വേദിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തക നടത്തിയ 'സാരിയുടുത്ത ശശി തരൂര്‍' പരാമര്‍ശത്തില്‍ പ്രതികരിച്ച ശശി തരൂര്‍ രസകരമായ ചര്‍ച്ചയെയാണ് കഴിഞ്ഞ ദിവസം പിന്തുണച്ചത്. സഹ എം.പി.യുമായുള്ള ഈ താരതമ്യത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് തരൂര്‍ പ്രതികരിച്ചു. എഎന്‍ഐ പോഡ്കാസ്റ്റിനിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശാണ് സാരിയുടുത്ത ശശി തരൂര്‍ എന്ന് പ്രിയങ്കയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രിയങ്ക ചതുര്‍വേദി ഈയടുത്ത് നടത്തിയ കൂടിക്കാഴ്ചയേക്കുറിച്ച് ചോദിക്കുകയായിരുന്നു സ്മിത. ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ചിലപ്പോള്‍ ആളുകളെ ദേഷ്യം പിടിപ്പിക്കാന്‍ തനിക്കിഷ്ടമാണെന്ന് പ്രിയങ്ക ചോദ്യത്തിന് മറുപടി നല്‍കി. കാരണം അവര്‍ തന്റെ ജീവിതത്തില്‍ അത്രയധികം ശ്രദ്ധിക്കുന്നു. താന്‍ അടുത്തതായി എവിടേക്കാണ് പോകുന്നത് എന്നൊക്കെയാണ് അവര്‍ ചിന്തിക്കുന്നത്. ഇതിനിടെ 'അടിസ്ഥാനപരമായി നിങ്ങള്‍ സാരിയുടുത്ത ശശി തരൂര്‍' ആണെന്ന് സ്മിത പ്രകാശ് തമാശയായി പറഞ്ഞു. ഇത് ശശി തരൂരിനുള്ള പ്രശംസയാണോ അതോ തനിക്കുള്ള പ്രശംസയാണോ എന്നറിയില്ലെന്ന് പ്രിയങ്ക ചെറുചിരിയോടെ മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യം തരൂരിനോട് പറയുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഇതിലാണ് ഇപ്പോള്‍ തരൂരിന്റെ പ്രതികരണം. 'നന്ദി പ്രിയങ്ക, എല്ലാനിലക്കും ഇതിനെ ഒരു പ്രശംസയായി കാണുന്നു' എന്ന് വീഡിയോ പങ്കുവെച്ച് സാമൂഹിക മാധ്യമമായ എക്സില്‍ തരൂര്‍ കുറിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാന്‍ വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് പ്രിയങ്ക ചതുര്‍വേദി. ഇതേക്കുറിച്ചും അവര്‍ പ്രതികരിച്ചു. രാജ്യത്തായിരിക്കുമ്പോള്‍ പ്രതിപക്ഷത്തെ ശക്തമായി പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, പുറത്തായിരിക്കുമ്പോള്‍ ഞാനെന്റെ രാജ്യത്തിന്റെ അംബാസഡറാണ്. പ്രധാനമന്ത്രിയുമായി 20 മിനിറ്റ് മികച്ച ഒരു സംഭാഷണം നടത്തി. ആദ്യമായാണ് വിദേശത്തേക്കുള്ള ഒരു പാര്‍ലമെന്ററി പ്രതിനിധി സംഘത്തില്‍ അംഗമാകുന്നതെന്ന് മോദിയോട് പറഞ്ഞെന്നും പ്രിയങ്ക പോഡ്കാസ്റ്റില്‍ വ്യക്തമാക്കി. ഇതേ നിലപാടുകള്‍ തന്നെയാണ് തരൂരും അടുത്ത കാലത്ത് നടത്തുന്നത്.