- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ട; തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം; തരൂരിന് എല്ലാ പരിഗണനയും പാര്‍ട്ടി നല്‍കിയിട്ടുണ്ട്; കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്ന് ഉണ്ണിത്താന്‍; രാജമോഹന്റ് കടന്നാക്രമണം കെപിസിസിയുടെ മനസ്സ് അറിഞ്ഞ്; മൗനം തുടര്‍ന്ന് ഹൈക്കമാണ്ടും; മോദി സ്തുതി തരൂര്‍ തുടരുമോ?
കാസര്‍കോട്: ശശി തരൂരിനെതിരെ നിലപാട് ശക്തമാക്കാന്‍ കെപിസിസി. കേരളത്തിലെ കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരായ വികാരം ശക്തമാണ്. ഇതാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയിലും നറയുന്നത്. ശശി തരൂരിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ അതിരൂക്ഷ പരാമര്‍ശമാണ് നടത്തുന്നത്. രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ട.ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം.ശശി തരൂരിന് എല്ലാ പരിഗണനയും പാര്‍ട്ടി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തരൂരിനെ പ്രകോപിപ്പിക്കാനാണ് ഈ നീക്കം.
ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്ത് ശശി തരൂര്‍ എംപി.കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെയടക്കം പുകഴ്ത്തിയതിലുള്ള ന്യായീകരണം കൂടിയാണ് തരൂര്‍ മുന്‍പോട്ട് വയ്ക്കുന്നത്. വിമര്‍ശനം ഏറ്റെടുത്ത ബിജെപി ഗാന്ധി കുടുംബമല്ല രാജ്യമാണ് വലുതെന്ന സന്ദേശമാണ് തരൂര്‍ നല്‍കിയതെന്നും അത് രാഹുല്‍ ഗാന്ധിക്കുള്ള സന്ദേശമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ഗള്‍ഫില്‍ ബിജെപിയുടെ വികസനത്തേയും പുകഴ്ത്തി. ഈ സാഹചര്യത്തിലാണ് തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസില്‍ വിമര്‍ശനം കടുക്കുന്നത്.
തരൂര്‍ ഒളിയുദ്ധം നടത്തുന്നത് നിര്‍ത്തിയില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാണ്ടിന് നല്‍കുന്ന മുന്നറിയിപ്പ്. നിരന്തരം നടത്തുന്ന മോദി സ്തുതിയില്‍ നടപടി വേണമെന്നാണ് ആവശ്യം. തരൂരിനെതിരെ ഒരു നടപടിയും എടുക്കില്ലെന്ന ഹൈക്കമാണ്ടിന്റെ ഇപ്പോഴത്തെ തീരുമാനം കേരളത്തില്‍ പാര്‍ട്ടിയ്ക്ക് ദോഷമാകുമെന്നാണ് ഇവരുടെ നിലപാട്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ ഇക്കാര്യം ഒന്നിലേറെ പ്രധാന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതേ വികാരമാണ് പരസ്യമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ തരൂരിനെതിരെ നടപടി എടുക്കില്ലെന്നാണ് ഹൈക്കമാണ്ട് പക്ഷം. തരൂര്‍ സ്വയം കോണ്‍ഗ്രസ് വിടട്ടേ എന്നതാണ് നിലപാട്.
കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്ത തരൂര്‍ നല്‍കുന്നത് പുറത്തു പോകുമെന്ന സന്ദേശമാണെന്ന് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യതാല്‍പര്യത്തിനായി സഹകരിച്ച് മുന്നോട്ടുപോകണമെന്നും ഇന്ത്യയിലും ഇത്തരം ഒരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും തരൂര്‍ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹറാന്‍ മംദാനിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് തരൂരിന്റെ കുറിപ്പ്.'ജനാധിപത്യം ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളില്‍ നിങ്ങളുടെ കാഴ്ചപ്പാടിന് വേണ്ടി ആവേശത്തോടെ തടസ്സങ്ങളൊന്നുമില്ലാതെ പോരാടുക. എന്നാല്‍ അത് അവസാനിച്ചുകഴിഞ്ഞാല്‍ രാജ്യത്തിന്റെ പൊതു താല്‍പ്പര്യങ്ങള്‍ക്കായി പരസ്പരം സഹകരിക്കാന്‍ പഠിക്കുക. ഇന്ത്യയില്‍ ഇത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്റെ പങ്ക് നിര്‍വഹിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു'- ശശി തരൂര്‍ കുറിച്ചത് ഇങ്ങനെയാണ്.
ഇത് കോണ്‍ഗ്രസിനെ കളിയാക്കുന്ന പോസ്റ്റാണെന്ന് വിലയിരുത്തലുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ തരൂര്‍ ശ്രമിക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കിയിരിക്കരുതെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പോലുള്ളവരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു തരൂര്‍. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലും എത്തി. ഡെസ്മണ്ട് ടുട്ടു അനുസ്മരണ പ്രഭാഷണത്തിനാണ് ദക്ഷിണാഫ്രിക്കയില്‍ പോയതെന്നാണ് തരൂര്‍ പറയുന്നത്. എന്നാല്‍ മോദിയുടെ ദക്ഷിണാഫ്രിക്കാന്‍ യാത്രയുടെ മുന്നൊരുക്കമാണ് തരൂര്‍ നടത്തിയതെന്ന് പോലും പറയുന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസിലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ശശി തരൂര്‍ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി രംഗത്തെത്തിയത്.
രാംനാഥ് ഗോയങ്കാ പ്രസംഗ പരമ്പരയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തെ പ്രകീര്‍ത്തിച്ചാണ് തരൂര്‍ രംഗത്തെത്തിയത്. മോദിയുടെ പ്രസംഗം ഒരു സാംസ്‌കാരിക ആഹ്വാനമായും സാമ്പത്തിക നിലപാട് മികച്ചതായും തനിക്ക് അനുഭവപ്പെട്ടെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് മോദി നെഹ്റുവിനേയും ഇന്ദിരയേയും രാജീവിനേയും അടക്കം കുറ്റപ്പെടുത്തി. ഇതിന്റെ പ്രതിഫലനമാണ് ബീഹാറിലെ തോല്‍വി. കേരളത്തില്‍ ഭരണം തിരിച്ചു പിടിക്കാന്‍ തരൂരിന്റെ ഇത്തരം പ്രസ്താവനകള്‍ വെല്ലുവിളിയാണെന്ന അഭിപ്രായം കെപിസിസിയ്ക്കും ഉണ്ട്.




