തിരുവനന്തപുരം : കോണ്‍ഗ്രസ് നിലപാടുകളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിനെ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റ് സമ്മേളനത്തിലെ തരൂരിനെ നീക്കങ്ങളാകും നിരീക്ഷിക്കുക. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ വികസനത്തെ പിന്തുണച്ച് വീണ്ടും രംഗത്ത് എത്തിയ സാഹചര്യത്തിലാണ് ഇത്. കോണ്‍ഗ്രസ് പ്രവര്‍ത്തസമിതി അംഗമാണെങ്കിലും ഇപ്പോള്‍ നേതൃത്വത്തിന്റെ ഭാഗമാണെന്ന് പറയാന്‍ ധൈര്യമില്ലെന്നും കൊച്ചിയിലെ ഹോര്‍ത്തുസ് പരിപാടിയില്‍ തരൂര്‍ പറഞ്ഞിിരുന്നു. '16 വര്‍ഷമായി കോണ്‍ഗ്രസിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു. പാര്‍ടി വിടാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ടിയിലെ ചിലര്‍ ആവശ്യപ്പെട്ടുകാണും. നേതൃത്വത്തിന്റെ ഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ ധൈര്യമില്ല. നേതൃപരമായ പദവികളൊന്നും തന്നിട്ടില്ല' തരൂര്‍ പറഞ്ഞു.

പാര്‍ലമെന്റ് വിട്ട് നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. പാര്‍ടിക്ക് ആവശ്യമുണ്ടേല്‍ പറയട്ടെയെന്നും തരൂര്‍ പറഞ്ഞു. ബിജെപിയിലെ എല്ലാവരും വര്‍ഗീയവാദികളല്ലെന്ന സര്‍ട്ടിഫിക്കറ്റും തരൂര്‍ നല്‍കി. ഈ സാഹചര്യത്തില്‍ തരൂര്‍ പാര്‍ട്ടി വിടുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. എങ്കിലും തരൂരിനെതിരെ നടപടികളൊന്നും എടുക്കില്ല. തരൂര്‍ പാര്‍ട്ടി വിട്ടു പോട്ടെ എന്നതാണ് കോണ്‍ഗ്രസ് നിലപാട്. മോദിസര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടിരിക്കുന്ന തരൂരിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം ഹൈക്കമാന്‍ഡിനില്ലെന്ന വിലയിരുത്തലും ശക്തമാണ്. നേരത്തെയും മോദി സ്തുതിയുടെ പേരില്‍ തരൂര്‍ വിവാദം സൃഷ്ടിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം കേന്ദ്രസര്‍ക്കാറിന്റേത് ശരിയായ നടപടിയെന്ന് വിദേശരാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ ഒൗദ്യോഗിക പ്രതിനിധിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഓരോ വിവാദവുമുണ്ടാകണമെങ്കില്‍ 'തരൂര്‍ രാജിവച്ചിട്ട് അഭിപ്രായം പറയട്ടെ'എന്നായിരുന്നു നേതാക്കളുടെ പ്രതികരണം. പുകച്ചു പുറത്തുചാടിക്കാനാണ് കേരളത്തിലെ നേതാക്കളുടെ ശ്രമമെങ്കില്‍, പുറത്താക്കിയാല്‍ പോകാം എന്ന മനോഭാവത്തിലാണ് തരൂര്‍. ശശി തരൂര്‍ മോദിയെ പുകഴ്ത്തുന്നതും പിഎം ശ്രീയില്‍ ഒപ്പിടണമെന്നുമെല്ലാം പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ ജയിപ്പിക്കാന്‍ പാര്‍ടി നടത്തിയ കഠിനാധ്വാനവും തോല്‍പ്പിക്കാന്‍ മോദിയും ബിജെപിയും നടത്തിയ മലീമസമായ പ്രവര്‍ത്തനങ്ങളും തരൂര്‍ ഓര്‍ക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. അതിനിടെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രധാനപ്പെട്ട കോണ്‍ഗ്രസ് യോഗത്തില്‍ നിന്നും വിട്ടുനിന്ന് ശശി തരൂര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.

ശശി തരൂര്‍ കേരളത്തില്‍ അമ്മയ്‌ക്കൊപ്പമാണെന്നും അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. നേരത്തെ, എസ്ഐആര്‍ വിഷയത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും ശശി തരൂര്‍ പങ്കെടുത്തിരുന്നില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നാണ് ശശി തരൂര്‍ അറിയിച്ചത്. എന്നാല്‍ ആ സമയം പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. കൂടാതെ, പ്രധാനമന്ത്രിയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ അദ്ദേഹം പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്.

ഞായറാഴ്ചത്തെ യോഗത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം അറിയിച്ചു.