തിരുവനന്തപുരം: ശശി തരൂര്‍ തലകാലം കടുത്ത നടപടികള്‍ക്കില്ല. ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസ് പ്രഖ്യാപിച്ച പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ സ്വീകരിക്കില്ല. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പുരസ്‌കാരം സമ്മാനിക്കുമെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ തയ്യാര്‍ ആണെന്ന് തരൂര്‍ അറിയിച്ചെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാല്‍ പുരസ്‌കാരം വാങ്ങാന്‍ തരൂര്‍ പോകില്ല. ഇക്കാര്യം തരൂരിന്റെ ഓഫീസ് സ്ഥിരീകരിച്ചു. നയതന്ത്ര മികവിനാണ് തരൂരിനെ പുരസ്‌കാരത്തിനായി പരിഗണിച്ചത്. എന്നാല്‍ അവാര്‍ഡ് വാങ്ങിക്കുന്നില്ലെന്ന് തരൂര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ന് ഡല്‍ഹിയില്‍ വെച്ച് നല്‍കാനിരിക്കുന്ന 'വീര്‍ സവര്‍ക്കര്‍ അവാര്‍ഡ്' സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാധ്യമവാര്‍ത്തകളിലൂടെ ഞാന്‍ അറിയാന്‍ ഇടയായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി കേരളത്തില്‍ പോയ ഞാന്‍ ഇന്നലെയാണ് ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്. അവിടെ തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍, അത്തരമൊരു അവാര്‍ഡിനെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ലെന്നും, ഞാന്‍ അത് സ്വീകരിച്ചിട്ടില്ലെന്നും ഞാന്‍ വ്യക്തമാക്കുകയുണ്ടായി. കൂടാതെ, ഞാന്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സമ്മതിക്കാതിരുന്നിട്ടും എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള അവിവേകപരമായ നടപടിയാണ് എന്നും ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെയായിട്ടും, ഇന്ന് ഡല്‍ഹിയിലെ ചില മാധ്യമസ്ഥാപനങ്ങള്‍ അതേ ചോദ്യം വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, ഈ വിഷയം സംശയലേശമെന്യേ വ്യക്തമാക്കുന്നതിനായി ഞാന്‍ ഈ പ്രസ്താവന ഇറക്കുന്നു. അവാര്‍ഡിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ മറ്റ് സാഹചര്യപരമായ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തില്‍, ഇന്നത്തെ ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുകയോ അവാര്‍ഡ് സ്വീകരിക്കുകയോ ചെയ്യുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല-ഇതാണ് തരൂരിന്റെ പ്രഖ്യാപനം.

സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയാല്‍ തരൂരിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനോട് കെപിസിസി ആവശ്യപ്പെട്ടിരുന്നു. സര്‍വര്‍ക്കാര്‍ പുരസ്‌കാരം ഏറ്റു വാങ്ങിയാല്‍ കേരളത്തിലെ കോണ്‍ഗ്രസിന് തരൂരിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് കെപിസിസിയുടെ നിലപാട്. ഇതിനിടെയാണ് പുരസ്‌കാരം വാങ്ങിക്കുന്നില്ലെന്ന് തരൂര്‍ അറിയിക്കുന്നത്. ഇതോടെ തല്‍കാലം തരൂരിനെ പുറത്താക്കേണ്ട സാഹചര്യം കോണ്‍ഗ്രസിനുണ്ടാകില്ല. ഇത് കെപിസിസിയിലെ തരൂര്‍ വിരുദ്ധര്‍ക്ക് തിരിച്ചടിയാണ്. സവര്‍ക്കറുടെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം തരൂരിന് പുറമെ മറ്റ് ആറ് പേര്‍ക്ക് കൂടി പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണറായ മനോജ് സിന്‍ഹ മുഖ്യാതിഥിയാകും. ഈ ചടങ്ങില്‍ നിന്നാണ് തരൂര്‍ പിന്മാറുന്നത്.

എല്ലാ പരിധിയും ലംഘിക്കുന്ന നടപടിയാകും സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിച്ചാല്‍ തരൂര്‍ ചെയ്യുന്നത് എന്നതായിരുന്നു കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ തരൂര്‍ സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രശംസിച്ച് നടത്തുന്ന പ്രസ്താവനകള്‍ കൂടി കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഭഗവദ്ഗീത നല്കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍ കഴിഞ്ഞ ദിവസവും എത്തിയിരുന്നു. സാധാരണ ഇന്ത്യയില്‍ മതഗ്രന്ഥങ്ങള്‍ നല്‍കി ആളുകളെ മതപരിവര്‍ത്തനം ചെയ്യുന്ന സമ്പ്രദായമാണ് ശശി തരൂരിന്റെ പ്രസ്താവനയിലൂടെ വിമര്‍ശിക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് സവര്‍ക്കര്‍ അവാര്‍ഡ് പ്രഖ്യാപനം വന്നത്. തല്‍കാലം കടുത്ത നടപടികളോട് തരൂരിന് താല്‍പ്പര്യമില്ല. ലോക്കല്‍ സംഘടന നല്‍കുന്ന പുരസ്‌കാരം ഏറ്റെടുക്കുന്നില്ലെന്ന്് തരൂരിന്റെ ഓഫീസും വിശദീകരിച്ചിരുന്നു.

മോദി ഭഗവദ്ഗീത നല്‍കിയതിനെതിരെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലെ ശശി തരൂരിന്റെ പ്രതികരണം മോദി വിരുദ്ധരെ ചൊടുപ്പിച്ചിരുന്നു. ''പുടിന്റെ ഭാഷയായ റഷ്യന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ഭഗവദ് ഗീതയാണ് മോദി നല്‍കിയത്. മാതൃഭാഷയില്‍ വായിച്ച് പുടിന് കാര്യങ്ങള്‍ ഗ്രഹിക്കാനാണ് അങ്ങിനെ ചെയ്തത്. അല്ലാതെ ഹിന്ദുമതത്തിലേക്ക് പുടിനെ പരിവര്‍ത്തനം ചെയ്യാനല്ല. '- മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ശശി തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മീയപാഠങ്ങള്‍ റഷ്യക്കാര്‍ക്കും കൂടി ഗ്രഹിക്കാനാണ് ഇത് ചെയ്തത്. നമ്മള്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെങ്കിലും നമ്മുടെ ക്ലാസിക് കൃതികളായ രാമായണവും മഹാഭാരതവും ഭഗവദ്ഗീതുയം സ്‌കൂളില്‍ പഠിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ് സിപിഎം തന്നെ പുറത്താക്കിയതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ഇതിനൊപ്പം തരൂരിനേയും കുറിച്ച് ചിലത് പറഞ്ഞു. മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂര്‍. അദ്ദേഹത്തെയും കോണ്‍ഗ്രസ് പുറത്താക്കുമെന്നാണ് തോന്നുന്നത്. മോദി ഉയര്‍ത്തിയ വികസനരാഷ്ട്രീയം കൊടുങ്കാറ്റ് പോലെ കേരള രാഷ്ട്രീയത്തില്‍ വീശുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി ചരിത്രവിജയം നേടും. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി വരും -അബ്ദുള്ളക്കുട്ടി പറഞ്ഞത് ഇങ്ങനെയാണ്. ഇതോടെ തരൂര്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ എത്തുമെന്ന പ്രതീതിയും ഉണ്ടായി. ഇതിനിടെയാണ് സവര്‍ക്കര്‍ പുരസ്‌കാര പ്രഖ്യാപനം വന്നത്. അതിവേഗം ആ പുരസ്‌കാര ചടങ്ങിന് തരൂര്‍ ഇല്ലെന്നും പ്രഖ്യാപിച്ചു.

ശശി തരൂരിനെതിരെ നിലപാട് ശക്തമാക്കാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരായ വികാരം ശക്തമാണ്. ഇതാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലും നറയുന്നത്. രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ട.ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം.ശശി തരൂരിന് എല്ലാ പരിഗണനയും പാര്‍ട്ടി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തരൂരിനെ പ്രകോപിപ്പിക്കാനാണ് ഈ നീക്കം. എന്നാല്‍ തരൂര്‍ പ്രകോപിതനായില്ല.

ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്ത് ശശി തരൂര്‍ രംഗത്ത് വന്നിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെയടക്കം പുകഴ്ത്തിയതിലുള്ള ന്യായീകരണം കൂടിയാണ് തരൂര്‍ മുന്‍പോട്ട് വയ്ക്കുന്നത്. വിമര്‍ശനം ഏറ്റെടുത്ത ബിജെപി ഗാന്ധി കുടുംബമല്ല രാജ്യമാണ് വലുതെന്ന സന്ദേശമാണ് തരൂര്‍ നല്‍കിയതെന്നും അത് രാഹുല്‍ ഗാന്ധിക്കുള്ള സന്ദേശമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ഗള്‍ഫില്‍ ബിജെപിയുടെ വികസനത്തേയും പുകഴ്ത്തി. ഈ സാഹചര്യത്തിലാണ് തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസില്‍ വിമര്‍ശനം കടുക്കുന്നത്.

തരൂര്‍ ഒളിയുദ്ധം നടത്തുന്നത് നിര്‍ത്തിയില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാണ്ടിന് നല്‍കുന്ന മുന്നറിയിപ്പ്. നിരന്തരം നടത്തുന്ന മോദി സ്തുതിയില്‍ നടപടി വേണമെന്നാണ് ആവശ്യം. തരൂരിനെതിരെ ഒരു നടപടിയും എടുക്കില്ലെന്ന ഹൈക്കമാണ്ടിന്റെ ഇപ്പോഴത്തെ തീരുമാനം കേരളത്തില്‍ പാര്‍ട്ടിയ്ക്ക് ദോഷമാകുമെന്നാണ് ഇവരുടെ നിലപാട്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ ഇക്കാര്യം ഒന്നിലേറെ പ്രധാന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതേ വികാരമാണ് പരസ്യമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ തരൂരിനെതിരെ നടപടി എടുക്കില്ലെന്നാണ് ഹൈക്കമാണ്ട് പക്ഷം. തരൂര്‍ സ്വയം കോണ്‍ഗ്രസ് വിടട്ടേ എന്നതാണ് നിലപാട്. അത് ഇനിയും തുടരും. എന്നാല്‍ സവര്‍ക്കര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ മറിച്ചൊരു തീരുമാനം എടുക്കേണ്ടി വന്നേനെ.

രാംനാഥ് ഗോയങ്കാ പ്രസംഗ പരമ്പരയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തെ പ്രകീര്‍ത്തിച്ചാണ് തരൂര്‍ രംഗത്തെത്തിയത്. മോദിയുടെ പ്രസംഗം ഒരു സാംസ്‌കാരിക ആഹ്വാനമായും സാമ്പത്തിക നിലപാട് മികച്ചതായും തനിക്ക് അനുഭവപ്പെട്ടെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് മോദി നെഹ്റുവിനേയും ഇന്ദിരയേയും രാജീവിനേയും അടക്കം കുറ്റപ്പെടുത്തി. ഇതിന്റെ പ്രതിഫലനമാണ് ബീഹാറിലെ തോല്‍വി. കേരളത്തില്‍ ഭരണം തിരിച്ചു പിടിക്കാന്‍ തരൂരിന്റെ ഇത്തരം പ്രസ്താവനകള്‍ വെല്ലുവിളിയാണെന്ന അഭിപ്രായം കെപിസിസിയ്ക്കും ഉണ്ട്.