- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹായിയുടെ അറസ്റ്റ് ഞെട്ടിച്ചെന്ന് തരൂർ
ന്യൂഡൽഹി: സ്വർണ്ണക്കടത്തിൽ അറസ്റ്റിലായത് കോൺഗ്രസ് എംപി ശശി തരൂരിനെ വിമാനത്താവളങ്ങളിൽ സഹായിക്കാനെത്തുന്ന ജീവനക്കാരൻ. അതിനിടെ സ്വർണ്ണ കടത്തിനെ അവസാന ഘട്ടത്തിൽ പ്രചരണായുധമാക്കാൻ ബിജെപിയും രംഗത്തു വന്നു. കോൺഗ്രസിന്റെ ദേശീയ മുഖമായ തരൂരിനെ സ്വർണ്ണ കടത്തുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാനാണ് ശ്രമം. അതിനിടെ ശിവപ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്ന് തരൂരും പ്രതികരിച്ചു.
മുമ്പ് തരൂരിന്റെ സ്റ്റാഫിലെ മുഴുവൻ സമയ അംഗമായിരുന്നു ഈ ഡൽഹിക്കാരൻ. പിന്നീടും തുടരാൻ അനുവദിച്ചു. വിമാനത്താവളത്തിലെത്തുമ്പോൾ തരൂരിനെ സഹായിക്കുകയായിരുന്നു ചുമതല. ഡയാലിസിസ് ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ തുടരാൻ അനുവദിച്ചതെന്ന് ശശി തരൂർ പ്രതികരിച്ചു. അന്വേഷണ സംഘവുമായി എല്ലാ അർത്ഥത്തിലും സഹകരിക്കുമെന്നും തരൂർ അറിയിച്ചു. മുമ്പ് സ്റ്റാഫായിരുന്നുവെന്നും ഇപ്പോൾ പാർട്ട് ടൈമായി ജോലി ചെയ്യുന്നുണ്ടെന്നും തരൂർ പ്രതികരിക്കുകയും ചെയ്തു. നിയമം അതിന്റെ വഴിക്ക് പോകട്ടേ എന്ന് തരൂർ പ്രതികരിച്ചു. ഇതിനിടെയാണ് തരൂരിന്റെ സഹായിയുടെ അറസ്റ്റിനെ ബിജെപി രാഷ്ട്രീയമായി ചർച്ചയാക്കുന്നതും.
ശിവകുമാർ പ്രസാദ് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ പറയുന്നു. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും തരൂർ എക്‌സിൽ കുറിച്ചു. ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും തരൂർ വ്യക്തമാക്കി.
ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടത്തിയ കേസിൽ ഇന്നലെയാണ് രണ്ടു പേർ പിടിയിലായത്. ഇതിൽ ഒരാളായ ശിവകുമാർ പ്രസാദാണ് ശശി തരൂർ എംപിയുടെ പിഎയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഇയാൾ യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. 500 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ശശി തരൂരിന്റെ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നില്ല. ഡൽഹിയിലെ വീട് കേന്ദ്രീകരിച്ചാണ് ഇയാൾ താൽക്കാലിക ജോലി ചെയ്തിരുന്നത്.
ആദ്യം സ്വർണ്ണ കടത്തിൽ കേരളാ മുഖ്യമന്ത്രിയുടെ ജീവനക്കാർ പിടിയിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടേയും. സ്വർണ്ണ കടത്തിലും 'ഇന്ത്യാ' മുന്നണി നേതാക്കളുടെ പങ്കാണ് വെളിപ്പെടുന്നതെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കൂടിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിൽ ഇത് സജീവമാക്കി ഉയർത്താനാണ് ബിജെപി തീരുമാനം. ഇതിന്റെ വ്യക്തമായ സൂചനകളാണ് രാജീവ് ചന്ദ്രശേഖർ നൽകുന്നത്.
അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയിൽ നിന്ന് സ്വർണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡൽഹിക്കാരനാണ് ശിവപ്രസാദ്. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ശിവകുമാർ വിവരം കൈമാറിയില്ലെന്നാണ് സൂചന.
എന്തിനാണ് സ്വർണം കൊണ്ടുവന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ വിവരം നൽകാനോ സ്വർണത്തിന്റെ രേഖകൾ ഹാജരാക്കാനോ ശിവകുമാറിന് സാധിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.