- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ തൊഴിൽ ഇല്ലായ്മ കാശ്മീരിലേത് പോലെ; മെഡിക്കൽ പഠിച്ചിറങ്ങിയവരിൽ ഒമ്പതിനായിരം പേരും തൊഴിൽ രഹിതർ; വർഷത്തിൽ അര ലക്ഷത്തോളം മലയാളി ചെറുപ്പക്കാർ രാജ്യംവിട്ടു പോകുന്നു; കേരളത്തിൽ ഒന്നുമില്ല എന്ന് ചിന്തിച്ചാണ് കുടിയേറ്റമെങ്കിൽ മാറിച്ചിന്തിക്കാൻ സമയമായി; മരാമൺ കൺവെൻഷനിലെ തരൂരിന്റെ പ്രസംഗം
പത്തനംതിട്ട: കേരളത്തിലെ തൊഴിലില്ലായ്മയുടെ അവസ്ഥ കശ്മീരിലേതിന് സമാനമെന്ന് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ഡോ. ശശി തരൂർ. 128 മത് മാരമൺ കൺവെൻഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു ശശി തരൂർ. മാരാമൺ കൺവെൻഷനിലെ യുവവേദിയിലെ മുഖ്യാതിഥി ആയാണ് തരൂർ എത്തിയത്. കേരളത്തിൽ അങ്ങോളമിങ്ങോളം സമുദായ നേതാക്കളുടെ പിന്തുണ ലഭിച്ച തരൂരിന് കൺവെൻഷനിലും വലിയ സ്വീകരണമാണ് ലഭിച്ചതും. മലയാളികളുടെ സാമൂഹിക അന്തരീക്ഷത്തെ കുറിച്ചും കുടിയേറ്റത്തെ കുറിച്ചുമെല്ലാം പറഞ്ഞ് അദ്ദേഹം വാചാലനായി.
താൻ രണ്ടാമതായാണ് മരാമൺ കൺവെൻഷനിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കി കൊണ്ടാണ ശശി തരൂർ സംസാരിച്ചു തുടങ്ങിയത്. മുൻപ് ഫിലിപ്പോസ് മാർ ക്രിസ്റ്റോസം തിരുമേനിയുമായി മാരമൺ വേദി പങ്കിട്ടതിന്റെ ഓർമ്മ അദ്ദേഹം പങ്കുവെച്ചു. എന്തുകൊണ്ടാണ് മലയാളികൾ നാട് വിടുന്നത്? അതിന് പ്രധാന കാരണം തൊഴിലില്ലായ്മ ആണ്. കേരളത്തിൽ യുദ്ധമില്ല, അയൽക്കാർ ആക്രമിക്കാൻ വരുന്നില്ല എന്നിട്ടും കേരളത്തിലെ തൊഴിലില്ലായമാ അവസ്ഥ കാശ്മീരിലെ പോലെയാണ്. 40% യുവതി യുവാക്കൾക്ക് മാത്രമേ കേരളത്തിൽ തൊഴിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്നുള്ളു.- തരൂർ പറഞ്ഞു.
കേരളത്തിലെ എംപ്ലോയ്‌മെന്റ് ഓഫീസുകളിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയായവരിൽ പോലും ഒമ്പതിനായിരം പേർ തൊഴിൽരഹിതരാണ്. ആറായിരത്തോളം എംബിഎ ബിരുദധാരികളാണ് തൊഴിൽ രഹിതർ. എഞ്ചിനീയറിങ് ബിരുദധാരികളുടെ അവസ്ഥ അതിലും മോശം ആണ്. ഇതുകൊണ്ടൊക്കെ തന്നെയാണ് കേരളത്തിൽ നിന്നുള്ള കുടിയേറ്റം വലിയ പ്രശ്‌നമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഷത്തിൽ അര ലക്ഷത്തോളം ചെറുപ്പക്കാർ ഇന്ത്യ വിടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുടിയേറ്റം വലിയ ഒരു പ്രശ്‌നം ആണെങ്കിലും താൻ അതിനെ ഒരു തെറ്റായി കാണുന്നില്ല എന്നും തരൂർ പറഞ്ഞു. എന്നാൽ കേരളത്തിൽ ഒന്നുമില്ല എന്ന് ചിന്തിച്ചാണ് അവർ പോകുന്നതെങ്കിൽ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തെ കൂടുതൽ അട്രാക്റ്റീവ് ആക്കേണ്ടിയിരിക്കുന്നു. നമ്മൾ വിദേശത്ത് പഠിക്കുന്നത് സ്വന്തം രാജ്യത്ത് പ്രയോഗിക്കണം- തരൂർ പറഞ്ഞു.
താൻ കണ്ണാടി നോക്കുമ്പോൾ കാണുന്നത് ഒരു ഇന്ത്യനെയാണ് അതിനാൽ താൻ ഒരു വിശ്വപൗരനല്ല ഭാരതീയ പൗരനാണെന്നും തരൂർ കൂട്ടിച്ചേർത്തു. യുവ തലമുറ വിദേശത്ത് ജീവിക്കാനാണ് കൂടുതൽ താല്പര്യം കാണിക്കുന്നത്. അവരെ തിരിച്ചു വരുത്തുന്നതിനുള്ള ശ്രമങ്ങൾ നമ്മൾ നടത്തണം. അതിന് വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ മാറ്റങ്ങൾ കൊണ്ടുവരണം. പഠിക്കുന്നതല്ല ഇന്നത്തെ തലമുറക്ക് ആവശ്യമായി വരുന്നത്. അതിന് അർഥം കേരളത്തിലെ വിദ്യാഭ്യാസം മോശമാണെന്നല്ല, അത് വളരെ മികച്ചത് തന്നെയാണ്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്‌സ് പോലെയുള്ള ആധുനിക സംവിധാനങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള സാഹചര്യമില്ല എന്നത് വളരെ സങ്കടകരമാണ്. എന്ത് ചിന്തിക്കണം എന്നതിന് പകരം എങ്ങനെ ചിന്തിക്കണം എന്നാണ് നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടത്. രാഷ്ട്രീയ ഇടപെടലുകൾ വിദ്യാഭ്യാസ മേഖലയിൽ ആവശ്യമില്ല. ഇതെല്ലാം പല രാജ്യങ്ങൾ കണ്ടതിന്റെ അനുഭവത്തിൽ തോന്നിയ തന്റെ മാത്രം ആശയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഒരു വർഷത്തിൽ ഏകദേശം ഒരു ലക്ഷത്തോളം കമ്പനികൾ സ്ഥാപിക്കപ്പെടുന്നുണ്ട്. എന്നാൽ കേരളത്തിന്റെ ചില സ്വഭാവങ്ങൾ നിക്ഷേപകരെ പേടിപ്പിക്കുന്നുണ്ട്. ഇതിന് നമ്മൾ മാറ്റം കൊണ്ടുവരണം. ഹർത്താലും ഹർത്താൽ അക്രമങ്ങളും ജനാധിപത്യവിരുദ്ധമാണ്. അതിനോട് താൻ യോജിക്കുന്നില്ല. ഇതിനൊക്കെ മാറ്റം കൊണ്ടുവന്നാൽ കേരളത്തിലേക്ക് നിക്ഷേപകരെത്തും. മാത്രമല്ല തൊഴിൽ മേഖലകളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം നൽകണം. കേരളത്തിൽ നിലവിലുള്ള തൊഴിൽ സാഹചര്യങ്ങൾ വനിത സൗഹൃദപരമല്ല.
കൂടാതെ പാർലമെന്റിൽ 30 വയസ്സിന് താഴെയുള്ള 5 പേർക്കെങ്കിലും സീറ്റ് നൽകണം. അതിലൂടെ യുവതയുടെ ശബ്ദം മറ്റുള്ളവർ കേൾക്കണം എന്നതാണ് തന്റെ മനസ്സിലുള്ള ആശയം എന്നും, കേരളം നന്നായാൽ ഇന്ത്യയും നന്നാകും എന്നും തരൂർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ