ന്യൂഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിന്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ഡൽഹി വിമാത്താവളത്തിൽ നിന്ന് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു. മുമ്പ് ശശി തരൂരിന്റെ പേഴ്‌സണൽ സ്റ്റാഫിലെ ഔദ്യോഗിക ജീവനക്കാരനായിരുന്നു ശിവപ്രസാദ്. ഇപ്പോഴും താൽകാലികാടിസ്ഥാനത്തിൽ ശശി തരൂരിനൊപ്പം ഇയാൾ ജോലി ചെയ്യുന്നുണ്ട്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയിൽ നിന്ന് സ്വർണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ശശി തരൂരിന്റെ പിഎ ശിവകുമാർ ആണെന്നാണ് പുറത്ത് വരുന്ന വിവരം.

ഡൽഹിക്കാരനാണ് ശിവപ്രസാദ്. ശിവപ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് ശശി തരൂരും പ്രതികരിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ശിവകുമാർ വിവരം കൈമാറിയില്ലെന്നാണ് സൂചന.

എന്തിനാണ് സ്വർണം കൊണ്ടുവന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ വിവരം നൽകാനോ സ്വർണത്തിന്റെ രേഖകൾ ഹാജരാക്കാനോ ശിവകുമാറിന് സാധിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.