- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്കും ലഗാനുമില്ലാതെയുള്ള ഷവർമ്മ നിർമ്മാണം തുടരുന്നു; പയ്യന്നൂരിൽ ഷവർമ്മയുണ്ടാക്കുന്നിടത്ത് പൂച്ചകൾ കയറിയത് വിവാദമാകുന്നു; അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ്: പൂച്ച കഴിച്ചതിന്റെ ബാക്കി നശിപ്പിച്ചുവെന്ന് റസ്റ്റോറന്റ് ഉടമകൾ
പയ്യന്നൂർ. നാടെങ്ങും ഭക്ഷ്യ സുരക്ഷയെ കുറിച്ചുള്ള ചർച്ചകളും റെയ്ഡുകളും നടന്നുകൊണ്ടിരിക്കെ നിയമം നോക്കുകുത്തിയാക്കി നിർത്തി കൊണ്ടു ലക്കും ലഗാനുമില്ലാതെയുള്ള ഷവർമ്മ നിർമ്മാണം തുടരുന്നു. ഏറ്റവും ഒടുവിൽ പയ്യന്നുരിൽ ഷവർമ്മ നിർമ്മാണം നടക്കുന്ന സ്ഥലത്ത് പൂച്ച കയറിയതാണ് വിവാദമായത്.
പയ്യന്നുർ നഗരത്തിലെ ഷോപ്പിങ്ങ് മാളിലെ ഫാസ്റ്റ് ഫുഡ് കടയിൽ ഷവർമയുണ്ടാക്കുന്നിടത്ത് പൂച്ചകളെ കണ്ടെത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുകയാണ്. പയ്യന്നൂരിലെ മജ്ലിസ് റെസ്റ്റോറന്റിലാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് പൂച്ചകൾ കയറിയത്. പൂച്ച കഴിച്ചതിന്റെ ബാക്കി ഷവർമ നശിപ്പിച്ചെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. വ്യാഴാഴ്‌ച്ച വൈകിട്ടാണ് സംഭവം ഉണ്ടായത്.
പാചകക്കാരൻ ഇല്ലാതിരുന്ന സമയത്താണ് പൂച്ചകൾ കയറിയത് തുടർന്ന് അവിടെ ഉണ്ടായിരുന്ന ഷവർമ പൂച്ചകൾ കഴിക്കുകയും ചെയ്തു. പിന്നാലെയാണ് അവിടെയുണ്ടായിരുന്ന പാചകക്കാർ പൂച്ചകളെ ഓടിച്ചുവിടുന്നത്. അവിടെ ആ സമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. പരാതി ലഭ്യമായാൽ പരിശോധന നടത്തുമെന്ന് പയ്യന്നൂർ നഗരസഭാ അധികൃതർ അറിയിച്ചു.
ഇതിന്റെ വീഡിയോദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലുകളിലും ബേക്കറികളിലും റെയ്ഡ് നടത്തി വരികയാണ്. ആറു ദിവസം മുൻപ് മലപ്പട്ടത്ത് വിവാഹ വീട്ടിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് 130 പേരാണ് ചികിത്സ തേടിയത്.
മറുനാടന് മലയാളി ബ്യൂറോ