ന്യൂഡല്‍ഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു യുട്യൂബറെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പോലീസിന്റെ വാദങ്ങള്‍ നിഷേധിച്ച് ജ്യോതിയുടെ പിതാവ് ഹാരിസ് മല്‍ഹോത്ര. പാക്കസ്ഥാനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു. മകള്‍ ചാരവൃത്തി നടത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് വ്യക്തമക്കി.

ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാനിലേക്ക് പോയത് വീഡിയോ ഷൂട്ടിന് വേണ്ടി മാത്രമാണെന്നും ചാരവൃത്തി ചെയ്തില്ലെന്നും പിതാവ് പറഞ്ഞു. പൊലീസ് തങ്ങളുടെ ലാപ്‌ടോപ്പും ഫോണുകളും എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും മകള്‍ പാക്കിസ്ഥാനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു പിതാവിന്റെ പ്രതികരണം.

''ജ്യോതി വീഡിയോ ഷൂട്ട് ചെയ്യാനായി പാക്കിസ്ഥാനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുണ്ട്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് ഇങ്ങനെ പോകുന്നത്. അവിടെ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവരെ വിളിക്കാന്‍ പറ്റില്ലേ? മറ്റൊന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല, പിടിച്ചുവെച്ച ഫോണുകളും മറ്റും തിരിച്ചുതരണം'' -പിതാവ് പറഞ്ഞു.

ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ ആറ് പേരാണ് പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്‌തെന്ന കുറ്റത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവര്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2023ല്‍ ജ്യോതി പാക്കിസ്ഥാന് സന്ദര്‍ശിച്ചതായും അവിടെവച്ച് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈകമീഷനിലെ ജീവനക്കാരനായ ഇഹ്സാനുര്‍ റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓപറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഡാനിഷിനെ മേയ് 13ന് പുറത്താക്കിയിരുന്നു.

3,77,000ത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലായ ട്രാവല്‍ വിത് ജോയുടെ ഉടമയാണ് ജ്യോതി റാണി എന്നും അറിയപ്പെടുന്ന 33കാരിയായ ജ്യോതി മല്‍ഹോത്ര. വിദേശ രാജ്യങ്ങളിലെ യാത്രയുമായി ബന്ധപ്പെട്ട വിഡിയോ കണ്ടന്റുകളാണ് ട്രാവല്‍ വിത് ജോയില്‍ ഏറെയുമുള്ളത്. ഇതില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള വീഡിയോകളുമുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തത് കഴിഞ്ഞ മാസമാണ്.

സാംസ്‌കാരിക പ്രതിനിധിയായി സ്വയം അവതരിപ്പിക്കുന്ന ജ്യോതി, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ നല്ല വശങ്ങളാണ് വിഡിയോകളില്‍ വിവരിക്കുന്നത്. മാര്‍ച്ച് 22ന് മറ്റ് രണ്ട് ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തില്‍, തങ്ങള്‍ പാക്കിസ്ഥാന്‍ ഹൈകമ്മിഷനിലാണെന്ന് ജ്യോതി അവകാശപ്പെടുന്നു. നിലവില്‍ ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലാണ് ജ്യോതി മല്‍ഹോത്ര.

പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം, വാട്‌സ്ആപ്, ടെലഗ്രാം, സ്‌നാപ്ചാറ്റ് എന്നീ മെസേജിങ് ആപ്പുകള്‍ വഴി പാകിസ്താനി ഇന്റലിജന്‍സ് ഓഫിസര്‍മാരുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക് ഓഫിസര്‍മാരുടെ പേര് തെറ്റായ രീതിയില്‍ സേവ് ചെയ്താണ് അവര്‍ വിവരങ്ങള്‍ കൈമാറിയത്. ഒരു സംഘത്തോടൊപ്പം 2023ലാണ് ജ്യോതി ആദ്യമായി പാകിസ്താനിലെത്തിയതെന്ന് അധികൃതര്‍ പറയുന്നു.

ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കിയതിന് ജ്യോതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ചതിന് അറസ്റ്റിലായ ജ്യോതിയുടെ വീഡിയോകളില്‍ ഏറെയും പാകിസ്ഥാനില്‍ നിന്നുമുള്ളതാണ്.

കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ വ്ലോഗറായി 33 കാരിയായ ജ്യോതി രംഗത്തെത്തുന്നത്. ഹരിയാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ജ്യോതി റാണിയെന്നാണ് യഥാര്‍ത്ഥ പേര്. ട്രാവല്‍ വിത്ത് ജോ എന്ന പേരിലുള്ള ജ്യോതിയുടെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തി എഴുപത്തേഴായിരം ഫോളോവേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒന്നരലക്ഷത്തിനടുത്തും, ഫേസ്ബുക്കില്‍ മൂന്ന് ലക്ഷത്തിലധികവും ഫോളോവേഴ്സുണ്ട്. ഇവര്‍ കേരളത്തിലും എത്തിയതായി വിവരങ്ങളുണ്ട്.