- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറുവേദനയ്ക്ക് ചികിത്സക്കായി ആശുപത്രിയിലെത്തി; ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തി; വേദന കുറയാതെ വന്നതോടെ തുടർച്ചയായി ഏഴ് ശസ്ത്രക്രിയകൾ; ഗണേശ്‌കുമാർ സഭയിൽ ചൂണ്ടിക്കാട്ടിയത് പത്തനാപുരത്തെ ഷീബയുടെ ദുരിതജീവിതം; എംഎൽഎയുടെ ഇടപെടലിൽ ഷീബക്ക് ചികിത്സ ഉറപ്പാക്കാൻ ആസ്റ്റർ മെഡിസിറ്റി
തിരുവനന്തപുരം: യുവതിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി സർക്കാർ ആശുപത്രികളെന്നും ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്നും പത്തനാപുരം എംഎൽഎ തുറന്നടിച്ചത് കേരളം മുഴുവൻ ശ്രദ്ധിച്ചിരുന്നു. കേരളത്തിലെ ആതുര ശുശ്രൂഷാ രംഗത്തിന്റെ ദുരവസ്ഥയാണ് ഗണേശ് കുമാർ സഭയിൽ ചൂണ്ടികാട്ടിയത്. ഗണേശ് ആരുടെ കാര്യമാണ് സഭയിൽ ചൂണ്ടിക്കാട്ടിയതെന്ന ചോദ്യം ഇതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഗർഭാശയം നീക്കം ചെയ്തതിന് പിന്നാലെ ഏഴ് തവണ ശസ്ത്രക്രിക്ക് വിധേയയായ യുവതിയുടെ ദുരവസ്ഥയായിരുന്നു ഗണേശ് ചൂണ്ടിക്കാട്ടയിത്.
കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കായിരുന്നു ഈ ദുരനുഭവം ഉണ്ടായത്. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേശ്‌കുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകൾക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
ചികിത്സാ പിഴവിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്നാണ് ഷീബ പറയുന്നത്. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വേദനക്ക് ശമാനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു. ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നാണ് ഷീബയുടെ ആരോപണം.
ചികിത്സാ പിഴവിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്നാണ് ഷീബ പറയുന്നത്. എന്തായാലും ഈ വിഷയം സഭയിൽ ഉയർത്തിയ ഗണേശ് കുമാർ നാട്ടുകാരുടെ കൈയടി നേടി. ഷീബയ്ക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കാനും എംഎൽഎയുടെ ഇടപെടൽ സഹായകയമായി. ഷീബക്ക് ചികിത്സാ സൗകര്യം ഒരുക്കാൻ തയ്യാറായി കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയാണ് രംഗത്തുവന്നത്. ഇന്ന് ഷീബയെ തുടർചികിത്സക്കായി കൊച്ചിയിൽ പ്രവേശിപ്പിക്കും. േ
സർക്കാർ ആശുപത്രികളിൽ തല്ലുകൊള്ളേണ്ടവരുണ്ടെന്ന് വിമർശിച്ചു കൊണ്ടായിരുന്നു ഗണേശിന്റെ നിയമസഭാ പ്രസംഗം. ആരോഗ്യ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കവേ, തന്റെ മണ്ഡലത്തിലെ ഒരു വിധവയ്ക്ക് തിരുവനന്തപുരം മെഡിക്കൽകോളേജിൽ ശസ്ത്രക്രിയക്കിടെ നേരിട്ട ദുരനുഭവം വിവരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
മുള്ളൂർ നിരപ്പ് സ്വദേശി ഷീബ എന്ന നാല്പത്തിയെട്ടുകാരി വിധവ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒരു ശസ്ത്രക്രിയ ചെയ്തു. ഇതിന് പിന്നാലെ വിദഗ്ധചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലയച്ചു. തുടർന്ന് ഡിസംബർ 17-ന് അവിടെ ഒരു ശസ്ത്രക്രിയകൂടി ചെയ്‌തെങ്കിലും അതിനുശേഷം തുന്നിയില്ല. ആ സഹോദരിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കിയെന്ന് ഗണേശ്‌കുമാർ തുറന്നടിച്ചു.
''സംഭവമറിഞ്ഞ താൻ ആരോഗ്യമന്ത്രിയുമായി സംസാരിക്കുകയും മന്ത്രി സൂപ്രണ്ടിനെ വിളിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം നിർദ്ദേശം നൽകിയെങ്കിലും ശസ്ത്രക്രിയനടത്തിയ ഡോക്ടർ അവരെ വീണ്ടും അഡ്‌മിറ്റുചെയ്യുകയോ ശസ്ത്രക്രിയനടത്തുകയോ ചെയ്തില്ല. ജനറൽ സർജറി വിഭാഗം മേധാവിയാണ് ഈ ഡോക്ടർ. പഴുപ്പ് പുറത്തേക്കൊഴുകുന്ന സ്ത്രീക്ക് വീണ്ടും ശസ്ത്രക്രിയക്കായി സൂപ്രണ്ട് പിന്നെയും ഇടപെട്ടെങ്കിലും അവർ ജീവനുംകൊണ്ടോടി. പിന്നാലെ തന്നെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആ സ്ത്രീ വീട്ടിൽപ്പോയി കണ്ടിരുന്നു. എന്തുകൊടുത്തെന്ന് അന്വേഷണംവരുമ്പോൾ ഞാൻ വെളിപ്പെടുത്താമെന്നും, ഇങ്ങനെയുള്ളവരെ ആളുകൾ തല്ലിയാലും കുറ്റംപറയാനാവില്ലെന്നും-ഗണേശ്‌കുമാർ പറഞ്ഞു. സ്ത്രീയുടെ അവസ്ഥ വിവരിക്കുന്ന വീഡിയോദൃശ്യം മൊബൈലിൽ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.''
അതേസമയം ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രികകണ്ടെത്തിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ മൂന്ന് ശസ്ത്രക്രിയയും സർക്കാർ ആശുപത്രിയിലായിരുന്നെന്നും, അതിനാൽ കത്രിക സർക്കാരിന്റേതുതന്നെയെന്നും ഗണേശ്‌കുമാർ കുറ്റപ്പെടുത്തി. ''ആ ഡോക്ടറെ കണ്ടെത്താൻ കേരള പൊലീസിനെ ഏല്പിക്കണം. കണ്ടെത്തി ക്രിമിനൽകുറ്റം ചുമത്തണം. ആശുപത്രികളിലെ സെക്യൂരിറ്റിക്കാരാണ് മറ്റൊരുപ്രശ്‌നം. കണ്ണാശുപത്രിയിൽചെന്നാൽ എംഎൽഎ.യാണെങ്കിലും അടിക്കും. ജനങ്ങളോടു മാന്യമായി പെരുമാറാൻ അവരെ പഠിപ്പിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില രാഷ്ട്രീയക്കാർ സ്വാധീനമുപയോഗിച്ച് രോഗികളെ ഡോക്ടർമാരെ കാണിക്കുന്നു. ഇക്കൂട്ടർ പണംവാങ്ങുന്നുണ്ടെന്നും ഗണേശ്‌കുമാർ ആരോപിച്ചു. കൈക്കൂലിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭയിൽ ഗണേശ്‌കുമാർ ഓർമിപ്പിക്കുകയും ചെയ്തു.''
നേരത്തെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗണേശ്‌കുമാർ രം?ഗത്ത് എത്തിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ജനങ്ങൾ എല്ലാം അറിയണമെന്നും അതിനായി ധവള പത്രം പുറത്തിറക്കണമെന്നും ഗണേശ്‌കുമാർ ആവശ്യപ്പെട്ടിരുന്നു.
മുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചനയില്ലെന്നും വികസന രേഖയിൽ ചർച്ചയുണ്ടായില്ലെന്നും ഗണേശ് കുമാർ വിമർശിച്ചു. വികസന രേഖ എഴുതി എകെജി സെന്ററിൽ ഏൽപ്പിച്ചിരുന്നെന്നും പക്ഷേ കാര്യമായ ചർച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം കിട്ടുമെന്ന് ആഗ്രഹിച്ച് ഇരിക്കയല്ല താനെന്നും കസേര കിട്ടുമെന്ന് കരുതി ഒന്നും മിണ്ടാതിരിക്കാൻ സാധിക്കില്ലായെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു.
മറുനാടന്‍ മലയാളി ബ്യൂറോ