- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് മേധാവിയായി ഷെ്യ്ഖ് ദർവേശ് സാഹിബ് തുടരും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ സേവനകാലാവധി ദീർഘിപ്പിച്ചു. അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതൽ രണ്ട് വർഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂൺ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ഇതോടെ ഒരു കൊല്ലം കൂടി പൊലീസ് മേധാവി സ്ഥാനത്ത് ഷെയ്ഖ് ദർവേശ് സാഹിബിന് തുടരാനാകും. ഈ മാസം 30നാണ് ഷെയ്ഖ് ദർവേശ് സാഹിബിന്റെ വിരമിക്കൽ തീയതി. ഇതാണ് നീട്ടുന്നത്. പൊലീസ് മേധാവിയായി ദർവേശ് സാഹിബ് ഒരു കൊല്ലം മുമ്പാണ് ചുമതലയേറ്റത്. സംസ്ഥാന പൊലീസിലെ തലവന് ഒരു കൊല്ലം കൂടി സർവ്വീസ് ദീർഘിപ്പിക്കാൻ സുപ്രീംകോടതി വിധിപ്രകാരം സർക്കാരിന് കഴിയും. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
മുൻപ് പൊലീസ് മേധാവിയായിരുന്ന അനിൽ കാന്തിന്റെ സർവ്വീസ് കാലാവധിയും സംസ്ഥാന സർക്കാർ ഇത്തരത്തിൽ നീട്ടി നൽകിയിരുന്നു. ദർവേശ് സാഹിബിന് ഒരു കൊല്ലം കൂടി സർവ്വീസ് നീട്ടി നൽകുന്ന തീരുമാനം കേന്ദ്ര സർക്കാരിനെ അറിയിക്കും. ആന്ധ്രപ്രദേശ് സ്വദേശിയും 1990 ബാച്ചിലെ ഐപിഎസ് ഓഫീസറുമാണ് ഡോ ഷെയ്ഖ് ദർവേശ് സാഹിബ്. കഴിഞ്ഞ ഒരു കൊല്ലവും വ്യക്തിപരമായ വിവാദങ്ങളിലൊന്നും കുടുങ്ങാത്ത ക്ലീൻ ഇമേജിനുടമയാണ് പൊലീസ് മേധാവി. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നൽകുന്നത്.
കേരള കേഡറിൽ എ എസ് പിയായി തുടങ്ങിയ അദ്ദേഹം ഗവർണറുടെ എ ഡി സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും പ്രവർത്തിച്ചിട്ടുണ്ട്. എസ് പി റാങ്കിൽ കൊച്ചി സിറ്റി പൊലീസ് കമീഷണറുമായിരുന്നു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അകാഡമി ഡയറക്ടർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫയർഫോഴ്‌സ് ഡയറക്ടറുമായി.
സീനിയോറിട്ട് മറികടന്നാണ് കഴിഞ്ഞ വർഷം ഷെയ്ഖ് ദർവേശ് സാഹിബിനെ പൊലീസ് മേധാവിയായി സർക്കാർ നിശ്ചയിച്ചത്. അന്ന് പൊലീസ് മേധാവിയെ നിയമിക്കാനുള്ള യുപിഎസ് സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ ജയിൽ ഡിജിപി കെ.പത്മകുമാർ ആയിരുന്നു ഒന്നാമത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ഹരിനാഥ് മിശ്രയും ഉണ്ടായിരുന്നു. പത്മകുമാറിനെ തഴഞ്ഞാണ് ദർവേശ് സാഹിബിനെ പൊലീസ് മേധാവിയാക്കിയത്.
നിലവിൽ ഫയർഫോഴ്‌സ് ഡയറക്ടറായ കെ പത്മകുമാർ അടുത്ത വർഷം ഏപ്രിൽ 30ന് വിരമിക്കും. ദർവേശ് സാഹിബിന്റെ കാലാവധി നീട്ടിയതോടെ പൊലീസ് മേധാവിയാകാനുള്ള സാധ്യത പത്മകുമാറിന് അടയുകയും ചെയ്തു.