പന്തളം: കലയുടെയും ആദർശങ്ങളുടെയും ജന്മഗേഹമാണു ലാറ്റിനമേരിക്ക. പാബ്ലോ നെരുദയും സാൽവദോർ അലൻഡെയും ഉൾപ്പെടെ പ്രതിഭകൾ പിറവിയെടുത്ത ചിലി സ്ഥിതി ചെയ്യുന്നത് ലാറ്റിനമേരിക്കയിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഗ്‌നിപർവതമായ ഓഗോസ് ദെൽ സലാദോ ഇവിടെയാണുള്ളത്. പർവതാരോഹണം ജീവിതചര്യയാക്കിയ മാറ്റിയ ഒരു പന്തളത്തുകാരൻ ഈ പർവതം കീഴടക്കി അവിടെ ഇന്ത്യൻ പതാക ഉയർത്തി. സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായ ഷെയ്ഖ് ഹസൻ ഖാൻ (36).

ഉയരങ്ങളെയും യാത്രയെയും പ്രണയിക്കുന്ന ഷെയ്ഖ് ഹസൻ ഖാൻ 2022 ൽ എവറസ്റ്റ് കീഴടക്കിയാണ് തുടങ്ങുന്നത്. ഇപ്പോൾ എത്തി നിൽക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവതത്തിന് മുകളിലും. 22,600 അടി ഉയരമുള്ള ഓഗോസ് ദെൽ സലാദോ ഹസൻ വിജയപതാക പാറിക്കുന്ന ഏഴാമത്തെ വൻകൊടുമുടിയാണ്. ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുമാണിത്.

പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ. ഷാഹിദയുടെയും മകനാണ് ഹസൻ. 2022ൽ എവറസ്റ്റ് കീഴടക്കി. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിലെ ഡെനാലി, അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ എന്നീ ദൗത്യങ്ങൾക്കുശേഷമാണു ഹസൻ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവതത്തിനു മുകളിൽ കാലുകുത്തിയത്.കാലാവസ്ഥാമാറ്റം സംബന്ധിച്ച മുന്നറിയിപ്പുസന്ദേശം പകരുകയാണു തന്റെ ലക്ഷ്യമെന്നു ഹസൻ പറഞ്ഞു. ഭാര്യ: കദീജാറാണി ഹമീദ്. മകൾ: ജഹനാര മറിയം.

ചിലെയിലെ മോഹക്കാഴ്ചകളും ഹസൻ പങ്കു വയ്ക്കുന്നു. ഹോളിവുഡ് സിനിമകൾക്കു പശ്ചാത്തലമായപ്പോഴാണ് പ്രകൃതി ഭംഗിയാസ്വദിക്കാൻ വിദേശികൾ ചിലിയിൽ എത്തി തുടങ്ങിയത്. അതിവിശാലമായ ചിലിയുടെ അതിർത്തിക്കുള്ളിൽ കൗതുകമുണർത്തുന്ന കാഴ്ചകൾ കുറേയുണ്ടെന്ന് ഹസൻ പറയുന്നു. കടൽത്തീരങ്ങൾ, കുന്നിൻ ചെരിവുകൾ, കല്ലു പാകിയ പാടങ്ങൾ, മനോഹരമായ കെട്ടിടങ്ങൾ, സ്വാദിഷ്ഠമായ വിഭവങ്ങൾ, അഗ്നിപർവതത്തിൽ ട്രെക്കിങ് എന്നിവയുണ്ട്. നെൽത്യൂമിലെ മ്യൂസിയവും സ്മാരകവും ചിലി യാത്രയിൽ ഒഴിവാക്കാനാവില്ല.