തിരുവനന്തപുരം: കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിന് ജയില്‍ മോചനം സാധ്യമാകുന്ന തരത്തിലെ സര്‍ക്കാര്‍ ശുപാര്‍ശ പുറത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നത് നല്ലനടപ്പിലെ കള്ളക്കളികളാണ്. ജയിലിനുള്ളില്‍ പോലും നിരവധി പ്രശ്‌നമുണ്ടാക്കിയ ഷെറിന്‍ എങ്ങനെയാണ് ഇതിന് അര്‍ഹതയുള്ളവരാകുന്നതെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷി നേതാവ് ഷെറിന് വേണ്ടി ചരടു വലികള്‍ നടത്തിയിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഈ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമായി. മുന്നണി വിട്ടേക്കുമെന്ന് പോലും ഈ നേതാവ് സൂചനകള്‍ നല്‍കി. ഇതെല്ലാം പരിഗണിച്ചാണ് ഷെറിന് മോചനാവസരം ഉണ്ടായതെന്നാണ് സൂചനകള്‍.

കഴിഞ്ഞ വര്‍ഷമാണ് എല്ലാം തുടങ്ങുന്നത്. ഷെറിന്റെ ശിക്ഷ ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള അപേക്ഷ പരിഗണിച്ച ജയില്‍ ഉപദേശകസമിതി അനുകൂല തീരുമാനമെടുത്തത് ഈ അപേക്ഷയില്‍ മാത്രമായിരുന്നു. മാസങ്ങളായി പരോള്‍ ലഭിക്കുന്നില്ലെന്നും പരോള്‍ അനുവദിക്കണമെന്നും കണ്ണൂര്‍ വനിതാ ജയിലിലെ മറ്റു രണ്ടു തടവുകാര്‍ നല്‍കിയ അപേക്ഷ 2024 ഓഗസ്റ്റ് എട്ടിനു ചേര്‍ന്ന ഉപദേശകസമിതി അംഗീകരിച്ചില്ല. ഇവര്‍ക്കു പൊലീസ് റിപ്പോര്‍ട്ട് എതിരാണെന്ന കാരണമാണു ചൂണ്ടിക്കാട്ടിയത്. അതേസമയം, ഷെറിന്റെ കാര്യത്തില്‍ പൊലീസ് റിപ്പോര്‍ട്ടും സാമൂഹിക നീതി വകുപ്പിന്റെ പ്രബേഷന്‍ റിപ്പോര്‍ട്ടും അനുകൂലമായി വന്നു. ജയിലില്‍ നല്ലനടപ്പുകാരിയെന്നു ജയില്‍ സൂപ്രണ്ടും റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം കേരളത്തെ ഞെട്ടിച്ചതാണ്. മോചന ശുപാര്‍ശ രാജ്ഭവനിലേക്ക് പോകുന്നതിനിടെയിലും ഷെറിന്‍ ജയിലില്‍ പ്രശ്‌നമുണ്ടാക്കി. പക്ഷേ അതൊന്നും പിന്നീട് മോചന ശുപാര്‍ശ അയച്ചപ്പോള്‍ പരിഗണിച്ചില്ല. ജയിലിലെ നല്ല നടപ്പുകാരിയായി തന്നെ ഫയലില്‍ ഷെറിന്‍ തുടര്‍ന്നു. ഇതാണ് രാജ്ഭവനും ഫയലിനെ അംഗീകരിക്കേണ്ട സാഹചര്യമുണ്ടാക്കിയത്.

നല്ലനടപ്പുകാരിയെന്ന് ജയില്‍ വകുപ്പ് അംഗീകരിക്കുന്ന ഷെറിനെ മുന്‍പു രണ്ടു ജയിലുകളില്‍നിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടര്‍ന്നാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ പരാതിയെത്തുടര്‍ന്ന് ആദ്യം വിയ്യൂരിലേക്കാണു മാറ്റിയത്. ഇവിടെ ജോലി ചെയ്യാന്‍ മടി കാണിച്ചതിനു ജയില്‍ ജീവനക്കാരുമായി പ്രശ്‌നങ്ങളുണ്ടായി. ഇതെത്തുടര്‍ന്നാണു കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചത്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ റിമാന്‍ഡ് കാലാവധിയും ശിക്ഷാ കാലാവധിയായി കണക്കാക്കും. അതനുസരിച്ച്, 2009 നവംബറില്‍ റിമാന്‍ഡിലായ ഷെറിന്‍ 2023 നവംബറില്‍ 14 വര്‍ഷം തികച്ചു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശക സമിതിയിലാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ ജീവപര്യന്തം തടവുകാരുടെയെല്ലാം മോചന അപേക്ഷ ജയില്‍ ഉപദേശകസമിതിക്കു മുന്‍പില്‍ വരാറുണ്ടെങ്കിലും, ആദ്യ അപേക്ഷ അംഗീകരിക്കുന്ന കീഴ്‌വഴക്കമില്ല. ആറുമാസത്തിനുശേഷം ചേരുന്ന അടുത്ത യോഗത്തിലേക്കു മാറ്റുകയാണു ചെയ്യാറുള്ളത്. എന്നാല്‍ ഷെറിന്റെ കാര്യത്തില്‍ ആദ്യയോഗം തന്നെ അംഗീകാരം നല്‍കി.

ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയംഗം എം.വി.സരള പറഞ്ഞത് അടക്കം മലയാളികള്ഡ കേട്ടു. ഉപദേശകസമിതി നല്ല രീതിയില്‍ പരിശോധന നടത്തിയാണു റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ റിപ്പോര്‍ട്ടുകളും അവര്‍ക്ക് അനുകൂലമായിരുന്നു. പുറത്തുവിട്ടാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ടും അനുകൂലമായിരുന്നു. പ്രത്യേകിച്ച് ഒരു മുന്‍ഗണനയും ഉപദേശകസമിതി നല്‍കിയിട്ടില്ല. ഷെറിന്‍ മാനസാന്തരപ്പെട്ടു. ഇപ്പോള്‍ കുറ്റവാസനയില്ല. സ്വഭാവത്തില്‍ ഒരുപാടു മാറ്റംവന്നു. ജയിലിലെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണുന്നതു ശരിയല്ലെന്നും സരള പറഞ്ഞിരുന്നു.സരളയ്ക്കു പുറമേ, സിപിഎം നേതാക്കളായ കെ.കെ.ലതിക, കെ.എസ്.സലീഖ എന്നിവരും സമിതിയിലുണ്ടായിരുന്നു. അങ്ങനെ എല്ലാവരും ഷെറിനെ പിന്തുണച്ചു. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.

ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണമെന്നും കാരണവരുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനില്‍ കുമാര്‍ ഓണമ്പള്ളില്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഷെറിന്റെ ഭര്‍ത്താവ് ബിനു പീറ്റര്‍ ഉള്‍പ്പെടെ കാരണവരുടെ മൂന്നു മക്കളും യുഎസിലാണ്. അവരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കമെന്നും പറഞ്ഞിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ഈ ശ്രമത്തില്‍ നിന്നും പിന്മാറുന്നുവെന്ന സൂചനകളെത്തി. അതുകൊണ്ട് തന്നെ ആരും കേസുമായി മുമ്പോട്ട് പോയില്ലെന്നാണ് സൂചന.

2009 നവംബര്‍ ഏഴിനാണ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌ക്കരക്കാരണവരെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാര്യ ഷെറിന്‍ കൊലപ്പെടുത്തിയത്. 2001ലാണ് ഇവര്‍ വിവാഹിതരായത്. ഷെറിനെ സ്വത്തുകളുടെ ഉടമസ്ഥാവകാശത്തില്‍ നിന്നും ഒഴിവാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷെറിനും സുഹൃത്ത് ബാസിത് അലിയും സുഹൃത്തുക്കളായ ഷാനു റഷീദ്, നിഥിന്‍ എന്നിവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഷെറിനാണ് കേസില്‍ ഒന്നാം പ്രതി. ബാസിത് രണ്ടാം പ്രതിയും. സാമൂഹിക മാധ്യമമായ ഓര്‍ക്കുട്ട് വഴിയാണ് ഷെറിന്‍ ഇയാളുമായുള്ള സൗഹൃദം സ്ഥാപിച്ചത്.