തിരുവനന്തപുരം: ഒരോ ഫയലിലും ഓരോ ജീവനുണ്ട്. ഒന്‍പത് കൊല്ലം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മ്മിപ്പിച്ചതാണ് ഇത്. ഫയല്‍ നീക്കം സെക്രട്ടറിയേറ്റില്‍ വേഗത്തിലാകണമെന്ന് പറഞ്ഞു വയ്ക്കുകായണ് അന്ന് ചെയ്തത്. ഒന്‍പത് കൊല്ലം കഴിയുമ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടുന്നു. ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജയില്‍മോചന ഫയല്‍ വകുപ്പുകളില്‍ നീങ്ങിയത് അതിവേഗമായിരുന്നു. ആ ഫയിലില്‍ ഒളിച്ചിരിക്കുന്ന 'ജീവനെ' സെക്രട്ടറിയേറ്റുകാര്‍ അതിവേഗം തിരിച്ചറിഞ്ഞു. ഷെറിനെ അകാലവിടുതല്‍ നല്‍കി ജയില്‍മോചിതയാക്കാന്‍ നിര്‍ദേശിച്ച് ഇന്നലെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ ഷെറിന് ഇനി ജയില്‍മോചിതയാകാം.

ഷെറിനെ ജയില്‍മോചിതയാക്കണമെന്ന കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ 2024 ഓഗസ്റ്റ് എട്ടിനാണ് ജയില്‍ ഡിജിപിക്കു സമര്‍പ്പിച്ചത്. പിന്നീട് ശരവേഗത്തിലായിരുന്നു ഷെറിന്റെ ജയില്‍മോചനത്തിനായുള്ള ഓരോ വകുപ്പിന്റെയും ഫയല്‍ നീക്കം. കഴിഞ്ഞ ജനുവരി 28നു ചേര്‍ന്ന മന്ത്രിസഭായോഗം ഷെറിനെ ജയില്‍മോചിതയാക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. നിയമവകുപ്പിന്റെ ശിപാര്‍ശയില്‍ ഇതു സംബന്ധിച്ച കോടതിവിധികള്‍ വിശദമായി പരിശോധിച്ചില്ലെന്ന കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോടതിവിധി വിശദമായി പരിശോധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന നിയമവകുപ്പ് അതിന്റെ ഉപസംഹാരത്തില്‍ തടവുകാരിക്ക് അകാലവിടുതല്‍ അനുവദിക്കുന്നതിനു നിയമതടസമില്ലെന്നും അഭിപ്രായപ്പെടുന്നു. തുടര്‍ന്നാണ് ഷെറിന്‍ എന്ന തടവുകാരിയുടെ അകാല വിടുതല്‍ അനുവദിക്കണമെന്ന കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്. ജനുവരി 28നു ചേര്‍ന്ന മന്ത്രിസഭ ഇത് അംഗീകരിച്ചു.

ഈ ഫയല്‍ ഗവര്‍ണര്‍ ആറുമാസം തടഞ്ഞു വച്ചു. നിയമോപദേശം അടക്കം തേടിയാണ് ഫയല്‍ മടക്കിയത്. 18 വര്‍ഷം എട്ടു മാസം തടവുശിക്ഷ അനുഭവിക്കേണ്ട ഷെറിന് 14 വര്‍ഷം നാലു മാസം 17 ദിവസം കൊണ്ട് ജയില്‍ മോചന നടപടിക്രമങ്ങള്‍ തുടങ്ങുകയായിരുന്നു. ഈ 14 വര്‍ഷത്തിനിടെ ഒന്നര വര്‍ഷത്തോളം ഇവര്‍ പരോളില്‍ പുറത്തായിരുന്നതായും ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. 20 വര്‍ഷത്തിലേറെ ജയില്‍ശിക്ഷ അനുഭവിച്ചവരും പ്രായം ചെന്നവരുമായ തടവുകാര്‍ ജയില്‍ മോചനത്തിനായി കാത്തിരിക്കുന്നു. അതിനിടെയാണ് അതിവേഗ ഫയല്‍ നീക്കവുമായി ഷെറിന്‍ ജയില്‍മോചിതയാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇടതുമുന്നണിയിലെ പ്രമുഖന്റെ പ്രധാന ആവശ്യമായിരുന്നു ഷെറിന്റെ മോചനം. അതിലേക്കാണ് വേഗം ഫയല്‍ നീക്കത്തിലൂടെ കാര്യങ്ങളെത്തിയത്.

ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായ സംഭവം പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും അടക്കമുള്ള കാര്യങ്ങളില്‍ രാജ്ഭവന്‍ കൂടുതല്‍ വ്യക്തത തേടിയിരുന്നു. ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ സമര്‍പ്പിച്ചതോടെയാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. 2009-ലാണ് ഭര്‍ത്തൃപിതാവായ ഭാസ്‌കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്.

ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീണ്ടതോടെ ഷെറിന് സര്‍ക്കാര്‍ പരോളനുവദിച്ചിരുന്നു. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെതന്നെ, സര്‍ക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും ലഭിച്ചതെന്ന് ആക്ഷേപം ഉയരുകയുണ്ടായി. 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ 500 ദിവസം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോള്‍ അനുവദിക്കാന്‍ നിയമതടസ്സമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് 30 ദിവസവും പരോള്‍ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാര്‍ശ എന്നായിരുന്നു ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശ. എന്നാല്‍, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു. ഇതൊന്നും ഷെറിന്റെ മോചനത്തിന് തടസ്സമാകുന്നില്ല.

ശിക്ഷയിളവ് നല്‍കി വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഔദ്യോഗികമായി ജയില്‍ മോചിതയായിട്ടില്ല. നിലവില്‍ പരോളിലുള്ള ഷെറിന്‍ പരോള്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജയിലില്‍ തിരിച്ചെത്തും. 22 വരെയാണ് പരോള്‍ അനുവദിച്ചിരുന്നത്. അതിനിടെ എപ്പോള്‍ വേണമെങ്കിലും ഷെറിന്‍ ജയിലെത്തും. നടപടി ക്രമം പൂര്‍ത്തിയാക്കി സര്‍വ്വ സ്വതന്ത്രയുമാകും.