- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെറിനെ ജയിലില്‍ നിന്നും പുറത്തിറക്കാനുളള പിണറായി സര്‍ക്കാര്‍ തീരുമാനം വെട്ടി ഗവര്‍ണര്‍; തടവുപുള്ളികള്‍ക്ക് ശിക്ഷയിളവ് നല്കുന്നതില് മന്ത്രിസഭയുടെ ശുപാര്‍ശ മാത്രം പോരെന്ന് രാജ്ഭവന്‍; ഷെറിന് ഉള്‍പ്പടെയുള്ളവരെ വിട്ടയക്കാനുള്ള ഫയല്‍ തിരിച്ചയച്ചു; കാരണവര്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ തുടരാം
ഷെറിനെ ജയിലില്‍ നിന്നും പുറത്തിറക്കാനുളള പിണറായി സര്‍ക്കാര്‍ തീരുമാനം വെട്ടി ഗവര്‍ണര്‍
തിരുവനന്തപുരം: സിപിഎമ്മിലെ ഉന്നതരുടെ സ്വാധീനം കൊണ്ട് പുറത്തിറങ്ങാന്‍ തയ്യാറെടുത്ത ഷെറിന് തിരിച്ചടി. തടവുപുള്ളികള്‍ക്ക് ശിക്ഷയിളവ് മന്ത്രിസഭയുടെ ശുപാര്‍ശ മാത്രം അടിസ്ഥാനമാക്കി നല്‍കുന്നതിനോട് വിയോജിച്ച് രാജ്ഭവന്‍ രംഗത്തുവന്നതോടെ ഷെറിന്റെ ജയില്‍ മോചനം സാധ്യമാതാതെ പോകുന്നത്. കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഉള്‍പ്പെടെ അഞ്ച് തടവ് പുള്ളികളുടെ ശിക്ഷായിളവ് സംബന്ധിച്ച് മന്ത്രിസഭാ ശുപാര്‍ശ തിരിച്ചയച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.
ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുന്നതിന് 12 ഇന മാര്‍ഗരേഖ രാജ്ഭവന്‍ തയ്യാറാക്കുകയും ചെയ്തു. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ മോചനഫയലും ഇതില്‍പ്പെടും. രാജ്ഭവന്‍ നിര്‍ദേശിച്ച മാതൃകയില്‍ ഇവരുടെ ശുപാര്‍ശ വീണ്ടും സര്‍ക്കാര്‍ നല്‍കേണ്ടിവരും. ശിക്ഷയിളവുനല്‍കേണ്ട പ്രതി ചെയ്തകുറ്റം, ലഭിച്ച ശിക്ഷ, ശിക്ഷാകാലയളവില്‍ എത്രവട്ടം പരോള്‍ ലഭിച്ചെന്നതിന്റെ വിശദാംശങ്ങള്‍, ജയിലിലെ പെരുമാറ്റവുംമറ്റും പരിശോധിച്ച ജയില്‍ ഉപദേശകസമിതിയുടെ റിപ്പോര്‍ട്ട്, മോചനം ലഭിച്ച് പ്രതി പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെടാനുള്ള സാധ്യത പരിശോധിക്കുന്ന സാമൂഹികാഘാത റിപ്പോര്‍ട്ട് എന്നിവയുടെയൊക്കെ സംക്ഷിപ്തം ചാര്‍ട്ടായി നല്‍കണം.
പ്രതിക്ക് മുന്‍വൈരാഗ്യമുള്ളവര്‍ നാട്ടിലുണ്ടെങ്കില്‍ അവര്‍ നേരിേട്ടക്കാവുന്ന ഭീഷണി സംബന്ധിച്ചുള്ള വിവരങ്ങളും കണക്കിലെടുക്കും. സാധാരണ നിലയില്‍ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ശിക്ഷയിളവിനുള്ള ശുപാര്‍ശ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍, ജയിലില്‍ കുറ്റകൃത്യം ചെയ്തവര്‍ക്കുവരെ ഇളവിനായി ശുപാര്‍ശചെയ്ത സംഭവമുണ്ടായി. ചിലര്‍ക്ക് കൂടുതല്‍ തവണയും കൂടുതല്‍ ദിവസങ്ങളും പരോള്‍ ലഭിക്കുന്നുമുണ്ട്.
കാരണവര്‍ വധക്കേസില്‍ കൂടുതല്‍ പരോള്‍ ആനുകൂല്യം ലഭിച്ച ഷെറിന് ശിക്ഷയിളവിനായി മന്ത്രിസഭ ശുപാര്‍ശ ചെയ്തപ്പോള്‍ അവരെക്കാള്‍ കൂടുതല്‍ക്കാലം ജയില്‍ശിക്ഷയനുഭവിച്ചവര്‍ക്ക് സമാന ആനുകൂല്യം ലഭിച്ചില്ല. രാഷ്ട്രീയപരിഗണനയുടെപേരിലും ശിക്ഷയിളവ് ശുപാര്‍ശചെയ്യാറുണ്ട്. ഇത്തരം വിഷയങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണ് മാര്‍ഗരേഖയ്ക്ക് രാജ്ഭവന്‍ രൂപംനല്‍കിയത്.
ഷെറിന് പരോള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് നിലവില്‍ തന്നെ ആരോപണമുണ്ട്. കൂടാതെ ജയിലിന് ഉള്ളിലെ പെരുമാറ്റവും മോശമാണ്. സഹതടവുകാരെ മര്‍ദ്ദിച്ച നിരവധി സംഭവമുണ്ടായിട്ടുണ്ട്. ശിക്ഷായിളവിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയും സഹതടവുകാരിയെ മര്‍ദ്ദിച്ചതിന് ഷെറിനെതിരെ കേസെടുത്തിരുന്നു. സ്വാധീനത്തിന്റെയും രാഷ്ട്രീയ പരിഗണനയുടേയും പേരില്‍ നല്‍കുന്ന ശിക്ഷയിളവുകള്‍ അവസാനിപ്പിക്കാനാണ് രാജ്ഭവന്റെ തീരുമാനം.
കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിനെ ശിക്ഷ ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള അപേക്ഷ പരിഗണിച്ച ജയില്‍ ഉപദേശകസമിതി അനുകൂല തീരുമാനമെടുത്തത് ഷെറിന്റെ അപേക്ഷയില്‍മാത്രമായരുന്നു. മാസങ്ങളായി പരോള്‍ ലഭിക്കുന്നില്ലെന്നും പരോള്‍ അനുവദിക്കണമെന്നും കണ്ണൂര്‍ വനിതാ ജയിലിലെ മറ്റു രണ്ടു തടവുകാര്‍ നല്‍കിയ അപേക്ഷയെല്ലാം തള്ളുകയാണ് ഉണ്ടായത്.
നല്ലനടപ്പുകാരിയെന്ന് ഇപ്പോള്‍ ജയില്‍ വകുപ്പ് അംഗീകരിക്കുന്ന ഷെറിനെ മുന്‍പു രണ്ടു ജയിലുകളില്‍നിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടര്‍ന്നാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ പരാതിയെത്തുടര്‍ന്ന് ആദ്യം വിയ്യൂരിലേക്കാണു മാറ്റിയത്. ഇവിടെ ജോലി ചെയ്യാന്‍ മടി കാണിച്ചതിനു ജയില്‍ ജീവനക്കാരുമായി പ്രശ്‌നങ്ങളുണ്ടായി. ഇതെത്തുടര്‍ന്നാണു കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചത്.
പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ റിമാന്‍ഡ് കാലാവധിയും ശിക്ഷാ കാലാവധിയായി കണക്കാക്കും. അതനുസരിച്ച്, 2009 നവംബറില്‍ റിമാന്‍ഡിലായ ഷെറിന്‍ 2023 നവംബറില്‍ 14 വര്‍ഷം തികച്ചു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശക സമിതിയിലാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ ജീവപര്യന്തം തടവുകാരുടെയെല്ലാം മോചന അപേക്ഷ ജയില്‍ ഉപദേശകസമിതിക്കു മുന്‍പില്‍ വരാറുണ്ടെങ്കിലും, ആദ്യ അപേക്ഷ അംഗീകരിക്കുന്ന കീഴ്‌വഴക്കമില്ല. ആറുമാസത്തിനുശേഷം ചേരുന്ന അടുത്ത യോഗത്തിലേക്കു മാറ്റുകയാണു ചെയ്യാറുള്ളത്. എന്നാല്‍ ഷെറിന്റെ കാര്യത്തില്‍ ആദ്യയോഗം തന്നെ അംഗീകാരം നല്‍കുകയാണ് ഉണ്ടായത്.
ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതിയായ മരുമകള്‍ ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ബന്ധുക്കള്‍ കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നു കാരണവരുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനില്‍ കുമാര്‍ ഓണമ്പള്ളില്‍ വ്യക്തമാക്തിയിരുന്നു. ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണമെന്നും അദ്ദേഹം പറഞ്ഞു.
ഷെറിന്റെ ഭര്‍ത്താവ് ബിനു പീറ്റര്‍ ഉള്‍പ്പെടെ കാരണവരുടെ മൂന്നു മക്കളും യുഎസിലാണ്. അവരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും. കൂട്ടുപ്രതികള്‍ക്കു ലഭിക്കാത്ത പരിഗണന ഷെറിനു മാത്രം ലഭിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കണം. കാരണവര്‍ക്കു നീതി ലഭിക്കുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമാധാന ജീവിതം ആഗ്രഹിച്ചാണ് അദ്ദേഹം അമേരിക്കയില്‍ നിന്നു നാട്ടിലേക്കു മടങ്ങിവന്നത്. ആ പ്രതീക്ഷയാണ് ഷെറിന്‍ തകര്‍ത്തത്. ഒരു കുടുംബത്തെ അവര്‍ ഇല്ലാതാക്കി അനില്‍ പറഞ്ഞു.