കണ്ണൂര്‍: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഷെറിന്‍ പുറത്തിറങ്ങിയത്. അതീവരഹസ്യമായിയാണ് ഇവര്‍ കണ്ണൂരില്‍ എത്തിയത്. ഷെറിന്‍ ഉള്‍പ്പെടെ 11പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

പരോളില്‍ കഴിഞ്ഞിരുന്ന ഷെറിന്‍ കണ്ണൂരിലേക്ക് എത്തിയ അതീവ രഹസ്യമായാണ്. ക്യാമറാ കണ്ണുകള്‍ക്ക് പിടികൊടുക്കാതെയാണ് ഷെറിന്‍ ജയില്‍ മോചനത്തിനായി എത്തി മടങ്ങിയത്. ഇതിന് ജയില്‍ അധികൃതരുടെ ഒത്താശ ചെയ്തു. ഷെറിന്‍ എത്തിയ വിവരം മാധ്യമങ്ങളൊന്നു അറിഞ്ഞിരുന്നില്ല. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ സംരക്ഷണയാണ് ഷെറിന് ജയില്‍ മോചനത്തിന് അവസരം ഒരുക്കിയത്. കണ്ണൂരില്‍ ഷെറിനെ എത്തിക്കാനുള്ള നീക്കവും ഈ കേന്ദ്രങ്ങള്‍ തന്നെയാണ് നടത്തിയതെന്നാണ് സൂചന.

ഈമാസം 24ന് മുമ്പ് ഷെറിന് ജയിലില്‍ എത്തി ഒപ്പിട്ടു നല്‍കാനുള്ള ബാധ്യത ഷെറിനുണ്ടായിരുന്നു. കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണത്തിലെ വാര്‍ത്തകളിലായിരുന്നു മാധ്യമങ്ങള്‍. ഇതിനിടെയാണ് ഷെറിന്‍ ജയിലിലെത്തി ഒപ്പിട്ട് മടങ്ങിയത്. ഒപ്പിടാന്‍ വേണ്ടിയുള്ള സമയം മാത്രമാണ് കണ്ണൂര്‍ വനിതാ ജയിലില്‍ ഷെറിന്‍ ചിലവഴിച്ചത്. ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് മോചനത്തിനുള്ള സാധ്യത തുറന്നത്. ഷെറിന്‍ അടക്കം പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തത്.

കണ്ണൂര്‍ ജയിലില്‍ കഴിയുന്നതിനിടെ നൈജീരിയന്‍ സ്വദേശിനിയായ തടവുകാരിയെ മര്‍ദിച്ചെന്ന പരാതിയും ഷെറിനെതിരേയുണ്ട്. നൈജീരിയന്‍ സ്വദേശിനിയായ ജൂലിയെ മര്‍ദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. നല്ലനടപ്പിന് ഷെറിന് ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനുശേഷം കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ സംഭവം. 2009 നവംബര്‍ ഏഴിനാണ് ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ ഷെറിന്‍ കൊലപ്പെടുത്തിയത്.

ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. ദാമ്പത്യപൊരുത്തക്കേടുകളും മറ്റു ബന്ധങ്ങളും ചോദ്യം ചെയ്ത വിരോധത്തില്‍ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷെറിന്റെ ജയില്‍മോചന ഫയല്‍ വകുപ്പുകളില്‍ നീങ്ങിയത് അതിവേഗമായിരുന്നു. ആ ഫയലില്‍ ഒളിച്ചിരിക്കുന്ന 'ജീവനെ' സെക്രട്ടറിയേറ്റുകാര്‍ അതിവേഗം തിരിച്ചറിഞ്ഞു.

ഷെറിനെ ജയില്‍മോചിതയാക്കണമെന്ന കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ 2024 ഓഗസ്റ്റ് എട്ടിനാണ് ജയില്‍ ഡിജിപിക്കു സമര്‍പ്പിച്ചത്. പിന്നീട് ശരവേഗത്തിലായിരുന്നു ഷെറിന്റെ ജയില്‍മോചനത്തിനായുള്ള ഓരോ വകുപ്പിന്റെയും ഫയല്‍ നീക്കം. കഴിഞ്ഞ ജനുവരി 28നു ചേര്‍ന്ന മന്ത്രിസഭായോഗം ഷെറിനെ ജയില്‍മോചിതയാക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. നിയമവകുപ്പിന്റെ ശിപാര്‍ശയില്‍ ഇതു സംബന്ധിച്ച കോടതിവിധികള്‍ വിശദമായി പരിശോധിച്ചില്ലെന്ന കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോടതിവിധി വിശദമായി പരിശോധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന നിയമവകുപ്പ് അതിന്റെ ഉപസംഹാരത്തില്‍ തടവുകാരിക്ക് അകാലവിടുതല്‍ അനുവദിക്കുന്നതിനു നിയമതടസമില്ലെന്നും അഭിപ്രായപ്പെടുന്നു.

തുടര്‍ന്നാണ് ഷെറിന്‍ എന്ന തടവുകാരിയുടെ അകാല വിടുതല്‍ അനുവദിക്കണമെന്ന കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്. ജനുവരി 28നു ചേര്‍ന്ന മന്ത്രിസഭ ഇത് അംഗീകരിച്ചു. ഈ ഫയല്‍ ഗവര്‍ണര്‍ ആറുമാസം തടഞ്ഞു വച്ചു. നിയമോപദേശം അടക്കം തേടിയാണ് ഫയല്‍ മടക്കിയത്. 18 വര്‍ഷം എട്ടു മാസം തടവുശിക്ഷ അനുഭവിക്കേണ്ട ഷെറിന് 14 വര്‍ഷം നാലു മാസം 17 ദിവസം കൊണ്ട് ജയില്‍ മോചന നടപടിക്രമങ്ങള്‍ തുടങ്ങുകയായിരുന്നു. ഈ 14 വര്‍ഷത്തിനിടെ ഒന്നര വര്‍ഷത്തോളം ഇവര്‍ പരോളില്‍ പുറത്തായിരുന്നതായും ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു.

20 വര്‍ഷത്തിലേറെ ജയില്‍ശിക്ഷ അനുഭവിച്ചവരും പ്രായം ചെന്നവരുമായ തടവുകാര്‍ ജയില്‍ മോചനത്തിനായി കാത്തിരിക്കുന്നു. അതിനിടെയാണ് അതിവേഗ ഫയല്‍ നീക്കവുമായി ഷെറിന്‍ ജയില്‍മോചിതയാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇടതുമുന്നണിയിലെ പ്രമുഖന്റെ പ്രധാന ആവശ്യമായിരുന്നു ഷെറിന്റെ മോചനം. അതിലേക്കാണ് വേഗം ഫയല്‍ നീക്കത്തിലൂടെ കാര്യങ്ങളെത്തിയത്.

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്.

സമൂഹമാധ്യമമായ ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി. മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. കേസില്‍ ഷെറിന്റെ സുഹൃത്തുകള്‍ ജയിലില്‍ തുടരുകയാണ്.

2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്നു ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. വൈകാതെ ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇവിടെ വെച്ച് വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയിരുന്നു.