- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാട്ടാനയേയും പുലിയേയും ഭയന്നില്ല; മക്കള്‍ക്ക് വേണ്ടി വന്യ മൃഗങ്ങളോട് പൊരുതി മുമ്പോട്ട് പോയി; ഒടുവില്‍ വൈദ്യുത കെണിയില്‍ കുടുങ്ങി ജീവന് പോയി; പശുക്കടവ് കോങ്ങാട് മലയില്‍ ഷീബയുടെ ജീവനെടുത്തതും അനധികൃത വൈദ്യുതി കെണി; അന്വേഷണത്തിന് വനംവകുപ്പ്; കോങ്ങാട് തേങ്ങലില്‍
കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ദുരൂഹത പുതിയ തലത്തില്‍. മരണകാരണം ഷോക്കേറ്റതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോബിയുടെ കയ്യില്‍ ഷോക്കേറ്റ പാടുകള്‍ കണ്ടെത്തി. പശുവിന്റെ പോസ്റ്റ്‌മോര്‍ട്ടവും ഷോക്കേറ്റതിന്റെ സൂചനയാണ് നല്‍കുന്നത്. വൈദ്യുതി വേലി കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ആലക്കല്‍ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ചയാണ് ബോബി പശുവിനെ കാണാതായതോടെ തിരഞ്ഞുപോയത്.
രാത്രിയായിട്ടും തിരിച്ചു വരാതായതോടെ വനംവകുപ്പും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകരും നടത്തിയ തിരച്ചലില്‍ രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെ അനധികൃത വൈദ്യുതി വേലിയുണ്ടായിരുന്നുവെന്നാണ് സൂചന. പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങള്‍ കണ്ടെത്തിയത്. ബോബിയുടെ മൃതദേഹവും വളര്‍ത്തു പശുവിന്റെ ജഡവും സമീപത്താണ് കിടന്നിരുന്നത്. കൊക്കോ മരത്തില്‍ വൈദ്യുതി കമ്പി കുടുക്കാന്‍ സജ്ജീകരണം നടത്തിയിരുന്നു. മൃതദേഹം കിടന്നതിനു സമീപത്തുകൂടെ വൈദ്യുതി ലൈന്‍ കടന്നു പോകുന്നുമുണ്ട്. 15 മീറ്റര്‍ മാത്രം അകലെയാണ് ലൈന്‍ കടന്നു പോകുന്നത്. പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്താനാണ് വനം വകുപ്പിന്റെ നീക്കം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ബാബുരാജ് ആരോപിച്ചു.
കുറ്റ്യാടി പശുക്കടവ് ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ ഇന്നലെ ഉച്ചതിരിഞ്ഞ് ആയിരുന്നു കാണാതായത്. മേയാന്‍ വിട്ട വളര്‍ത്തു പശു തിരികെ എത്താഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ച് ഇറങ്ങിയ ബോബിയെ കാണാനില്ലെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കളാണ് പിതാവ് ഷിജുവിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷസേനയും വനംവകുപ്പും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കൊക്കോ തോട്ടത്തില്‍ അടുത്തടുത്തായി ബോബിയുടെ മൃതദേഹവും വളര്‍ത്തു പശുവിന്റെ ജഡവും കണ്ടെത്തുകയായിരുന്നു. കടുവ പിടികൂടിയതാണോ എന്ന സംശയമായിരുന്നു ആദ്യം ഉണ്ടായത് എങ്കിലും ബോബിയുടെ ശരീരത്തിലും പശുവിന്റെ ജഡത്തിലും കാര്യമായ പരുക്കുകള്‍ ഒന്നും ഇല്ലായിരുന്നു.
എട്ടുമാസം മുന്‍പ്, ബോബിയുടെ വീട്ടുമുറ്റത്തേക്ക് പുലി കുതിച്ചെത്തി ബോബിയുടെ വളര്‍ത്തുനായയെ പിടിച്ചു. കഴുത്തില്‍ പല്ല് ആഴ്ത്തിയിറക്കുമ്പോള്‍ ബോബി ഇതുകണ്ടു. പേടിച്ചോടാതെ ബഹളംവെച്ചും കൈയില്‍കിട്ടിയത് എടുത്തെറിഞ്ഞും പുലിയെ ഓടിച്ചു. പുലിയുടെ മുന്‍പില്‍പ്പോലും മനോധൈര്യം വിടാത്ത ബോബിയുടെ ജീവനാണ് വൈദ്യുതി കെണിയില്‍ കുടുങ്ങിയത്. പശുക്കടവ് മലയോരത്തിന്റെ ഏറ്റവുമറ്റത്ത് കോങ്ങാട് ഇഞ്ചിപ്പാറ റോഡ് അവസാനിക്കുന്നയിടത്താണ് ബോബിയുടെ വീട്. മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി, അല്ലാത്ത സമയത്ത് വന്യമൃഗശല്യവും ഉള്ള സ്ഥലമാണ്. കാട്ടാനയും മറ്റു വന്യജീവികളും ഇറങ്ങും. ഭര്‍ത്താവ് ഷിജുവിന് കണ്ണൂര്‍ ആലക്കോടിലാണ് ജോലി. ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ ആണ് വരുക. രണ്ടു മക്കള്‍ക്കൊപ്പം ഒറ്റപ്പെട്ടസ്ഥലത്ത് കഴിയുന്നതിന് ബോബിക്ക് ഭയമുണ്ടായിരുന്നില്ല. മൂത്തമകള്‍ ബെംഗളൂരുവില്‍ നഴ്സിങ് പഠിക്കുകയാണ്.
ബെംഗളൂരുവില്‍ നഴ്സിങ്ങിനുപഠിക്കുന്ന മൂത്തമകള്‍ ഷിജിനയെ സഹപാഠികള്‍ വഴി വിവരമറിയിച്ചിരുന്നു. അവള്‍ ഉടന്‍തന്നെ കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്കുപുറപ്പെട്ടു. ശനിയാഴ്ച വൈകീട്ടോടെയാണ് ഷിജിന നാട്ടിലെത്തിയത്. അപ്പോഴേക്കും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പാരിഷ് ഹാളില്‍ എത്തിച്ചിരുന്നു. അമ്മയുടെ മൃതദേഹം കാണാനെത്തിയപ്പോള്‍ മൂന്നുമക്കളും വിങ്ങിപ്പൊട്ടി. സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ കുട്ടികള്‍ പറഞ്ഞാണ് ബോബിയെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. ബോബിയുടെ ഭര്‍ത്താവ് ഷിജു ജോലിസ്ഥലമായ ആലക്കോടാണുണ്ടായിരുന്നത്. രാത്രിതന്നെ ഷിജുവും നാട്ടിലെത്തിയിരുന്നു.