- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിശ്വനായകന് മീൻ കച്ചോടക്കാരൻ സുഹൃത്തോ? ജാത്യാൽ ഉള്ളത് വിൽ നോട്ട് ചേഞ്ച്'; ശശി തരൂരുമൊത്തുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത ഷിബു ബേബി ജോണിന് ജാതി അധിക്ഷേപ കമന്റ്; 'ഞാൻ മരയ്ക്കാൻ എന്നതിൽ അഭിമാനിക്കുന്നു' എന്നു പറഞ്ഞ് ചുട്ട മറുപടി നൽകി ഷിബുവും
കൊല്ലം: രാഷ്ട്രീയ നേതാക്കൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാൽ ചൊറിയാൻ വരിക എന്നത് ചിലരുടെ പതിവ് പരാപാടിയാണ്. അത്തരത്തിൽ ജാതിയുടെ പേരു പറഞ്ഞ് അധിക്ഷേപിക്കാൻ എത്തിയ ആൾക്ക് ചുട്ട മറുപടി നൽകി മുൻ മന്ത്രി ഷിബു ബേബി ജോൺ. ശശി തരൂർ തന്നെ കാണാൻ എത്തിയപ്പോഴുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തപ്പോഴാണ് ഒരാൾ ജാതി അധിക്ഷേപവുമായി രംഗത്തുവന്നത്.
തരൂർ അപ്രതീക്ഷിതമായി വീട്ടിലെത്തിയ കാര്യം സൂചിപ്പിച്ചായിരുന്നു ഷിബു ഫേസ്‌ബുക്കിൽ ചിത്രവും വീഡിയോയും സഹിതം പോസ്റ്റിട്ടത്. 'പ്രിയ സുഹൃത്ത്, ഡോ. ശശി തരൂർ അപ്രതീക്ഷിതമായി എന്റെ വസതിയിൽ എത്തിയപ്പോൾ' എന്ന കാപ്ഷനാണ് ചിത്രത്തിന് നൽകിയത്. ഈ ചിത്രം ഭൂരിപക്ഷം പേർക്കും ഇഷ്ടമായതിനാൽ ലൈക്കടിച്ചു.
എന്നാൽ ഇതിനിടെയാണ് ടി പി നിഷാൻ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നും അധിക്ഷേപ കമന്റ് എത്തിയത്. 'പ്രിയസുഹൃത്ത്. വിശ്വനായകന് മീൻ കച്ചോടക്കാരൻ സുഹൃത്തോ? ജാത്യാൽ ഉള്ളത് വിൽ നോട്ട് ചേഞ്ച്' എന്നായിരുന്നു ഈ അധിക്ഷേപ കമന്റ്. ഇതിന് ഷിബു തന്നെ ചുട്ട മറുപടി നൽകി. ' നിങ്ങൾക്ക് മീൻ കച്ചവടത്തോടുള്ള പുച്ഛം മനസ്സിലാക്കുന്നു. എന്നാൽ ഞാൻ മരയ്ക്കാൻ എന്നതിൽ അഭിമാനിക്കുന്നു' എന്നാണ് ഷിബു മറുപടി നൽകിയത്. ഈ അഭിപ്രായത്തിന് വലിയ പിന്തുണ തന്നെ സൈബറിടത്തിൽ നിന്നും ലഭിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരമായിരുന്നു ശശി തരൂർ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വീട്ടിൽ എത്തിയത്. ശശി തരൂർ തന്റെ സുഹൃത്തെന്ന് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ കൂടിക്കാഴ്‌ച്ചക്ക് ശേഷം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റിലും വിജയം ഉണ്ടാകാനാണ് ആർ എസ് പി ആഗ്രഹിക്കുന്നത്. കോൺഗ്രസിനുള്ളിൽ ഐക്യം ഉണ്ടാകണം. യു പി എ ഭരണം ഉണ്ടാകുമ്പോൾ അതിലെ ശക്തനായി ശശി തരൂർ ഉണ്ടാകണമെന്നാണ് ആഗ്രഹം.
സമീപകാലത്തേക്കാൾ ഐക്യം നിലവിൽ കോൺഗ്രസിനും യു ഡി എഫിനും ഉള്ളിൽ ഉണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഇരുവരും തമ്മിൽ സംസാരിച്ചതിന് ശേഷമാണ് ഷിബു ബേബി ജോൺ ഇക്കാര്യം വ്യക്തമാക്കിയത്.
മറുനാടന് ഡെസ്ക്