കാഞ്ഞിരപ്പള്ളി: പച്ചക്കറി മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർക്കാൻ കോടതിയിൽ ഹർജിയിലെ തീരുമാനം എന്തായാലും പൊലീസുകാരനെ സർവ്വീസിൽ തിരിച്ചെടുക്കില്ല. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഈ അപേക്ഷയിലും മോഷണം സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസുകാരനെ തിരിച്ചെടുക്കില്ല.

പൊലീസിനോടു കോടതി റിപ്പോർട്ട് തേടി. ഇടുക്കി എആർ ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിന് എതിരെയാണു മാങ്ങ മോഷണക്കേസിൽ പൊലീസ് കേസെടുത്തത്. നിരവധി ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു. പൊലീസ് സേനയ്ക്ക് മുഴുവൻ അവമതിപ്പുണ്ടാക്കിയതാണ് ഈ സംഭവം. അതുകൊണ്ട് തന്നെ പരാതിക്കാരൻ പിന്മാറിയാലും പൊലീസ് കേസുമായി മുമ്പോട്ട് പോകും. കോടതി ഇതിന് അനുമതി നൽകിയില്ലെങ്കിലും പൊലീസുകാരനെ സേനയിൽ തിരിച്ചെടുക്കില്ല.

സെപ്റ്റംബർ 30നു പുലർച്ചെയാണു കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുൻപിൽ വച്ചിരുന്ന പച്ചമാങ്ങ പൊലീസുകാരൻ സ്‌കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരൻ. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 3ാം തീയതി കേസെടുക്കുകയായിരുന്നു. പിന്നീടു പൊലീസുകാരനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

കേസെടുത്തതോടെ ഒളിവിൽപെയ പൊലീസുകാരനെ ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. കടയുടമ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാബിനെതിരെ മോഷണക്കുറ്റം ചുമത്തിയാണു പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാൽ ഒളിവിലിരുന്ന് പൊലീസുകാരൻ നടത്തിയ നീക്കം ഫലിച്ചു. ഇതാണ് പരാതി പിൻവലിക്കാനുള്ള കാരണം. ഭീഷണിയും സമ്മർദ്ദവും ഇക്കാര്യത്തിൽ ഉണ്ടായെന്നാണ് സൂചന. ചില പൊലീസുകാരും ഷിഹാബിന് വേണ്ടി രംഗത്തു വന്നു. മതസംഘടനകളും ചരടു വലിച്ചു. അതാണ് കേസ് പിൻവലിക്കാനുള്ള കാരണം.

നേരത്തെ കണ്ണൂരിൽ മോഷണ കേസിൽ കുടുങ്ങിയ പൊലീസുകാരനെ തിരിച്ചെടുത്തിരുന്നു. പരാതി പിൻവലിച്ചതായിരുന്നു ഇതിനും കാരണം. സമാന രീതിയിൽ സർവ്വീസിൽ തിരിച്ചെത്താമെന്നാണ് ഷിഹാബിന്റേയും പ്രതീക്ഷ. എന്നാൽ മോഷണത്തിന്റെ സിസിടിവി ദൃശ്യം പ്രചരിച്ചത് ഈ കേസിൽ ഷിഹാബിന് തിരിച്ചടിയാകും. കണ്ണൂരിൽ സാങ്കേതിക തെളിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് പൊലീസുകാരന് സർവ്വീസിൽ തിരിച്ചെത്താനായത്. എന്നാൽ ഷിഹാബിനെതിരെ പ്രത്യക്ഷ തെളിവുണ്ട്. അതുകൊണ്ട് തന്നെ സർവ്വീസിൽ തിരിച്ചു കയറണമെങ്കിലും നിയമ പോരാട്ടം അനിവാര്യമാകും.

പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന മാങ്ങ ആണ് പൊലീസുകാരൻ മോഷ്ടിച്ചത്. ഇതിന് പിന്നാലെ ഇയാൾക്ക് സസ്‌പെൻഷൻ കിട്ടിയിരുന്നു. രാവിലെ കച്ചവടത്തിനെത്ത് എത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. കേസെടുത്തതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോയിരുന്നു. ൽിഹാബിനെ കണ്ടെത്താത്തതിനെതിരെ പ്രതിഷേധം ഉയർന്നുവന്നിരുന്നു. പൊലീസുകാരനായ ഷിഹാബിന് പൊലീസിന്റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താൻ കാഞ്ഞിരപ്പള്ളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകൾ പൊലീസിന് കിട്ടിയിരുന്നു. എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.

മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയാണ് ഷിഹാബ്. ഈ കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്. ബലാത്സംഗ കേസിലെ ഷിഹാബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളും പൊലീസ് ഇനിയും തുടങ്ങിയിട്ടില്ല. ഇതിനിടെ ഷിഹാബ് വിദേശത്തേക്ക് കടന്നെന്ന അഭ്യൂഹങ്ങളും നാട്ടിൽ ശക്തമായിട്ടുണ്ട്. ഇക്കാര്യം പക്ഷേ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.