- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി കിടക്കയിൽ നിന്നും വീട്ടിലേക്ക് തിരികെയെത്തുമ്പോൾ എന്റെ കുഞ്ഞുങ്ങൾ എന്നെ കണ്ട് പേടിക്കുമോ...? ശ്വാസം മുട്ടലിന് മരുന്ന് കഴിച്ച് ശരീരം കരിഞ്ഞു; എല്ലാത്തിനും കാരണം മരട് പി.എസ് മിഷൻ ആശുപത്രിയുടെ വീഴ്ച; ഡോ സിസ്റ്റർ ആനീ ഷീലയുടെ പിഴവ് ജീവിതത്തെ പ്രതിസന്ധിയിലാക്കി; ശരീരം വെന്തകഥ ഷിജിമോൾ പറയുമ്പോൾ
കൊച്ചി: ആശുപത്രി കിടക്കയിൽ നിന്നും വീട്ടിലേക്ക് തിരികെയെത്തുമ്പോൾ എന്റെ കുഞ്ഞുങ്ങൾ എന്നെ കണ്ട് പേടിക്കുമോ...? അവർ എന്റെ അടുത്തേക്ക് വരുമോ..? എന്നൊക്കെയുള്ള ആശങ്കയായിരുന്നു മനസ്സിൽ. കാരണം വിറകു കൊള്ളി പോലെ കരിഞ്ഞ മുഖവും ശരീരവും കണ്ണാടിയിൽ കണ്ട് ഞാൻ തന്നെ ഭയന്നു പോയിരുന്നു' ശ്വാസം മുട്ടലിന് ചികിത്സ തേടിയതിന് പിന്നാലെ മരുന്ന് കഴിച്ച് ശരീരം മുഴുവൻ വെന്തു പോയ തിരുവാങ്കുളം നന്ദനം വീട്ടിൽ ഷിജിമോൾ(46) ഓർമ്മകൾ ചികയുമ്പോൾ അന്നനുഭവിച്ച അതേ വേദന വാക്കുകളിൽ അലയടിക്കുന്നുണ്ടായിരുന്നു.
ഷിജിമോൾ തൃപ്പൂണിത്തുറ പേട്ടയിലെ ഒരു ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരിയാണ്. ഇതേ ഷോപ്പിൽ തന്നെയാണ് ഭിന്ന ശേഷിക്കാരനായ ഭർത്താവ് പ്രദീപും ജോലി ചെയ്യുന്നത്. ഷിജിമോളുടെ ജീവിതത്തിലും കണ്ണുകളിലും ഇരുൾ വീഴ്‌ത്തിയ സംഭവമുണ്ടായത് കഴിഞ്ഞ ഏപ്രിൽ മാസമാണ്. ശ്വാസം മുട്ടലിന് ചികിത്സ തേടിയാണ് ഷിജി മോൾ മരട് പി.എസ് മിഷൻ ആശുപത്രിയിലെത്തിയത്. ആശുപത്രിയുടെ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ ഡോ. സിസ്റ്റർ ആനീ ഷീലയെയാണ് ചികിത്സയാക്കായി കണ്ടത്. ശ്വാസം മുട്ടൽ മാറാനായുള്ള മരുന്ന് നൽകി.
ഒരാഴ്ചയായിട്ടും ശ്വാസം മുട്ടൽ പൂർണ്ണമായും വിട്ടുമാറാത്തതിനാൽ വീണ്ടും ഡോ. സിസ്റ്റർ ആനീ ഷീലയെ കണ്ടു. നേരത്തെ എഴുതിയ മരുന്ന് മാറ്റി പുതിയ മരുന്നു ഇൻഹേലറും ഉൾപ്പെടെ നൽകി. മരുന്ന് വാങ്ങി വീട്ടിലെത്തി രണ്ടു തവണ കഴിച്ചതോടെ അന്നു രാത്രി തന്നെ കടുത്ത പനി ബാധിച്ചു. അടുത്ത ദിവസം ഇതേ ആശുപത്രിയിലെത്തിയെങ്കിലും നേരത്തെ ചികിത്സിച്ച ഡോക്ടർ ഇല്ലായിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച ശേഷം പനിക്കുള്ള മരുന്ന് നൽകി. കൂടാതെ ശ്വാസം മുട്ടലിനുള്ള മരുന്ന് കഴിക്കണമെന്നും പറഞ്ഞു.
എന്നാൽ മരുന്ന് കഴിച്ചിട്ടും പനിമാറിയില്ല. കൂടാതെ ശരീരം പുകയുന്നതു പോലെയും നാവിൽ കുമിളകൾ പ്രത്യക്ഷപ്പെടാനും തുടങ്ങി. കണ്ണിന്റെ കാഴ്ച മറഞ്ഞു തുടങ്ങി. ശരീരം കറുത്തു കുമിളകൾ കൊണ്ടു നിറഞ്ഞു. ഇതോടെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിൽ ചികിത്സ തേടി എത്തുന്നത്. ആശുപത്രിയിലായിരിക്കെ ശരീരം മുഴുവൻ കറുത്തിരുണ്ടു. തൊലി പൂർണമായും ഇളകിപ്പോകുന്ന അവസ്ഥയിലേയ്ക്കായി. വായിലും ശരീരത്തുമെല്ലാം തൊലി അടർന്നു പോയി. ഭക്ഷണം കഴിക്കാനാവാത്തവിധം വായിലെ തൊലി പൂർണമായും പോയിരുന്നു. ജലാംശം നഷ്ടമായി ശരീരം പൂർണമായും തളർന്നു. കണ്ണുകളുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. സോഡിയം കുറഞ്ഞു സുബോധവും നഷ്ടപ്പെട്ട സാഹചര്യമുണ്ടായി. കിടക്കയിൽ വിരിച്ച ഷീറ്റിൽ മരുന്നൊഴിച്ച് അതിലായിരുന്നു കിടത്തിയിരുന്നത്.
പി.എസ്മിഷൻ ആശുപത്രിയിൽ നിന്നും മരുന്ന് കഴിച്ചതിന് ശേഷം ശരീരം മുഴുവൻ തീയിൽ പെട്ട് വെന്ത പോലെയായി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർ നവീന്റെ ചികിത്സയിൽ എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്തിടത്തു നിന്നു ആരോഗ്യ നില മെച്ചപ്പെട്ടു. പൂർണ്ണമായും നഷ്ട്പ്പെട്ട കാഴ്ച ശസ്ത്രക്രിയയിലൂടെ ഏകദേശം കാണാൻ ആകുന്ന വിധത്തിലെത്തി. 38 ദിവസത്തെ നീണ്ട ആശുപത്രി വാസത്തിന് ശേഷം ജീവിതം തിരിച്ചു പിടിച്ചു കൊണ്ടുവരികയാണ്.
'ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരികെ എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഞാൻ എന്റെ മുഖം കണ്ണാടിയിൽ കണ്ടത്. ഒരു വട്ടം മാത്രമേ നോക്കിയുള്ളൂ.. പേടി കൊണ്ട് ഞാൻ വിറച്ചു പോയി'; ഷിജി മോൾ പറയുന്നു. എന്റെ രൂപം കണ്ടിട്ട് എനിക്ക് തന്നെ പേടിയാകുന്നു. അപ്പോൾ എന്റെ മക്കൾ കണ്ടാലുള്ള അവസ്ഥ എന്താകും? ആശുപത്രിയിലായതിന് ശേഷം ഷിജിയെ മക്കൾ കണ്ടിട്ടില്ലായിരുന്നു. കാരണം പുറത്ത് നിന്നും ആരെയും അവിടെ പ്രവേശിപ്പിച്ചിരുന്നില്ല. വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോയ സുന്ദരിയായ അമ്മയുടെ രൂപം തിരിച്ചു വരുമ്പോൾ അവർ കാണുമ്പോഴത്തെ അവസ്ഥയെപറ്റി ഉറ്റ സുഹൃത്തായ സഹപ്രവർത്തകയോട് പങ്കു വച്ചു. അവർ എന്നും രണ്ടു മക്കളെയും വിളിച്ച് ഷിജിയുടെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി. അമ്മ വീട്ടിൽ വരുമ്പോൾ നിങ്ങൾ ഒരിക്കലും കരയരുതെന്നും സന്തോഷത്തോടെ സ്വീകരിക്കണമെന്നും പറഞ്ഞു. സ്നേഹത്തോടെ പരിചരിച്ച് അമ്മയെ ജീവിതത്തിലേക്കു തിരികെ കൊണ്ടു വരണമെന്നു പറഞ്ഞു. അതുകൊണ്ടു തന്നെ അമ്മയുടെ മുന്നിൽ കരയരുതെന്നു പറഞ്ഞത് അവർ അക്ഷരം പ്രതി പാലിച്ചു. നിറ തിരി തെളിഞ്ഞ നലവിളക്ക് പോലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അമ്മ കരി വിളക്കായി വന്നു കയറിയപ്പോൾ അവരുടെ ഇടനെഞ്ചു പൊട്ടിയെങ്കിലും ചിരിച്ചുകൊണ്ട് സ്നേഹത്തോടെയാണ് അവർ സ്വീകരിച്ചത്. ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ അവർ അമ്മയെ വേദനിപ്പിച്ചില്ല.
ചികിത്സാ പിഴവാണ് തന്റെ ആരോഗ്യം തകർത്തതെന്ന് ആരും പറഞ്ഞിട്ടില്ല. പിന്നീടു ചികിത്സ തേടിയ ആശുപത്രിയിൽ നിന്നു നൽകിയ ഡിസ്ചാർജ് സമ്മറിയിൽ മരുന്നു കഴിച്ച വിവരം പരാമർശിച്ചിട്ടുണ്ട്. ആരുടെയെങ്കിലും കുറ്റമാണെന്നു പറയുന്നില്ല. പക്ഷെ തന്നെ ചികിത്സിക്കുന്നതിലുണ്ടായ പിഴവാണ് ശരീരം മുഴുവൻ വെന്തുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചതെന്നതിൽ സംശയമില്ല. ഇക്കാര്യം ചോദിക്കുന്നതിനായി മരുന്നു നൽകിയ ഡോക്ടറെ കാണാൻ പോയെങ്കിലും അവർ ഇക്കാര്യം സമ്മതിച്ചു തന്നിട്ടില്ല. ഭക്ഷണത്തിന്റെ അലർജിയൊക്കെ ആകാമെന്നാണ് പിആർഒ ഉൾപ്പടെയുള്ളവർ പറയുന്നത്. ഇവരോടു ബഹളം വച്ചിട്ടു കാര്യമില്ലാത്തതിനാൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.
വേണ്ടത്ര ശ്രദ്ധയില്ലാതെ തനിക്കു മരുന്നു നൽകിയതാണ് ആരോഗ്യം തകർത്തതെന്നു ചൂണ്ടിക്കാട്ടി ഷിജിമോളും കുടുംബവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ഒരിടത്തു നിന്നു പോലും അനുകൂലമായ ഒരു മറുപടി ലഭിച്ചിട്ടില്ല. പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുമായി സംസാരിച്ചെന്നു പറയുന്നുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.
മാസങ്ങൾ നീണ്ട ചികിത്സ നടത്തുന്നതിന് ഇതുവരെ അഞ്ചു ലക്ഷം രൂപയിലേറെ ചെലവായിട്ടുണ്ട്. ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ചെലവിന്റെ വലിയൊരു ഭാഗം വഹിച്ചത്. നാട്ടുകാരും പരിചയക്കാരുമെല്ലാം സാമ്പത്തികമായി സഹായിച്ചതിനാൽ ഇതുവരെ ചികിത്സ മുന്നോട്ടു കൊണ്ടു പോകാനായി. സ്ഥാപനം ചെലവഴിച്ച തുക തിരികെ നൽകേണ്ടതാണ്. തുടർ ചികിത്സയ്ക്കാണെങ്കിലും കാര്യമായ സാമ്പത്തിക ആവശ്യങ്ങളുണ്ട്.
ഭിന്നശേഷിക്കാരനായ ഭർത്താവ് കടയിൽ നിൽക്കുന്നതാണ് കുടുംബത്തിന്റെ വരുമാനം. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ ബന്ധുവായ മറ്റൊരു യുവതിയെക്കൂടി ജോലിക്കു കൂടെക്കൂട്ടിയിട്ടുണ്ട്. കൂടെ പോയി കാര്യങ്ങൾ പറഞ്ഞു കൊടുക്കുമെങ്കിലും സ്വന്തമായി ഒന്നും ചെയ്യാനാവില്ല. കിട്ടുന്ന ശമ്പളത്തിന്റെ പകുതി ആ കുട്ടിക്ക് നൽകണം. പെൺ മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കണം. ജീവിതത്തിലേയ്ക്കു തിരികെ വന്നെങ്കിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ നിന്നു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. കുടുംബത്തിന്റെയും നാട്ടുകാരുടെയും മറ്റു നിരവധിപ്പേരുടെയും പിന്തുണയിലാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നതു തന്നെ. ഷിജിമോൾ പറയുന്നു.
ഷിജിമോളുടെ പേരിൽ ഫെഡറൽ ബാങ്ക് ചിറ്റൂർ റോഡ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 11530100116899
IFSC - FDRL0001153
മൊബൈൽ നമ്പർ/ ഗൂഗിൾ പേ: +91 95627 43553
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.