- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജഭവനില്‍ പോയി ഗവര്‍ണ്ണറെ കണ്ട് സര്‍വ്വകലാശാലയില്‍ സമവായമുണ്ടാക്കാന്‍ പിണറായി ശ്രമിക്കുന്നതില്‍ ഷിജുഖാന്‍ കടുത്ത എതിര്‍പ്പ്; രജിസ്ട്രാറെ കൈവിട്ടുള്ള ഒത്തീര്പ്പില് അമര്‍ഷം ശക്തം; അര്‍ലേക്കറും മുഖ്യമന്ത്രിയും എല്ലാം പറഞ്ഞ് തീര്‍ക്കുമോ? ഭാരതാംബ വിവാദവും തീരുമെന്ന വിലയിരുത്തല്‍ ശക്തം; ഗവര്‍ണ്ണറുടെ ചായ കുടിക്കാന്‍ വീണ്ടും പിണറായി എത്തുമ്പോള്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരതര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരം വൈകുന്നതിന് കാരണം സിപിഎമ്മിനുള്ളിലെ എതിരഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശനുസരണം മന്ത്രി ആര്‍ ബിന്ദു മുമ്പോട്ട് വച്ച നിര്‍ദ്ദേശം സിപിഎമ്മിലെ ബഹുഭൂരിപക്ഷവും അംഗീകരിക്കുന്നില്ല. താന്‍ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ ആദ്യം പുറത്തുപോകണമെന്ന നിലപാടിലാണ് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍. അതിനുശേഷം സിന്‍ഡിക്കറ്റ് യോഗം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന നിലപാടിലാണ് വിസി. ഇത് തത്വത്തില്‍ മന്ത്രി അംഗീകരിച്ചു. രജിസ്ട്രാര്‍ നീണ്ട അവധിയില്‍ പോകുമെന്ന തരത്തില്‍ ഒത്തുതീര്‍പ്പെത്തി. എന്നാല്‍ ഇത് സിന്‍ഡിക്കേറ്റിലെ സിപിഎം പ്രതിനിധികള്‍ അംഗീകരിക്കുന്നില്ല. യുവ നേതാവ് ഷിജുഖാന്‍ കടുത്ത നിലപാടിലാണ്. വിസിയ്ക്ക് വഴങ്ങില്ലെന്നാണ് ഷിജുഖാന്‍ അടക്കമുള്ളവരുടെ പക്ഷം. ഇതോടെ ഒത്തുതീര്‍പ്പ് പ്രതിസന്ധിയിലായി. സര്‍വകലാശാലാ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരം രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവര്‍ണറെ കാണുമെന്നാണ് വിവരം. സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സമവായ നീക്കം. അര്‍ലേക്കറിനെ മുഖ്യമന്ത്രി കാണുന്നതും ഷിജുഖാനും കൂട്ടര്‍ക്കും പിടിച്ചിട്ടില്ല.
റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ച് തന്റെ നിലപാടില്‍ വൈസ്ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതിനെ തുടര്‍ന്നാണ് കേരളയിലെ പ്രശ്ന പരിഹാരം വൈകുന്നതെന്ന് ഇടതു കേന്ദ്രങ്ങള്‍ പറയുന്നു. സിന്‍ഡിക്കറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ നിര്‍ദേശം വിസി സ്വാഗതം ചെയ്തിട്ടില്ല. താന്‍ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ ആദ്യം പുറത്തുപോകണമെന്ന നിലപാടിലാണ് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍. അതിനുശേഷം സിന്‍ഡിക്കറ്റ് യോഗം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. താത്കാലിക രജിസ്ട്രാര്‍ ഡോ. മിനി കാപ്പന് ഫയലുകളുടെ ചുമതല ഉള്‍പ്പെടെ മുഴുവന്‍ ചുമതലയും കൈമാറണം. എന്നാല്‍ അടിയന്തര സിന്‍ഡിക്കറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് മന്ത്രി. ഈ യോഗത്തില്‍ അനില്‍കുമാര്‍ എത്താതെ നോക്കാമെന്നാണ് മന്ത്രി നല്‍കിയ ഉറപ്പ്. വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി നിയമപരമല്ലെന്നും നിയമം വിട്ട് പ്രവര്‍ത്തിച്ചത് വിസിയാണെന്നുമുള്ള വാദത്തിലാണ് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍. അതേസമയം വിഷയത്തില്‍ ആവശ്യമെങ്കില്‍ ചാന്‍സലറായ ഗവര്‍ണറുമായി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചര്‍ച്ച. ഇതും കടന്ന കൈയ്യാണെന്ന് ഷിജുഖാനും കൂട്ടരും വിലയിരുത്തുന്നു. :
അതിനിടെ വൈസ് ചാന്‍സലറുടെ നിര്‍ദേശം പാലിച്ചില്ലെന്ന് കാണിച്ച് ജോയിന്റ് റജിസ്ട്രാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉടന്‍ സിന്‍ഡിക്കേറ്റ് വിളിച്ചു ചേര്‍ക്കേണ്ടെന്ന നിലപാടിലാണ് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍. വൈസ് ചാന്‍സലര്‍ പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തു എന്ന് കാണിച്ചാണ് ജോയിന്റ് റജിസ്ട്രാര്‍ പി ഹരികുമാറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് വിസി ഡോ.മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദേശം. റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ പകരം ചുമതല നല്‍കിയത് ജോയിന്റ് റജിസ്ട്രാര്‍ പി. ഹരികുമാറിന് ആയിരുന്നു. വിസിയുടെ നിര്‍ദേശം അവഗണിച്ച് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനപ്രകാരം പ്രവര്‍ത്തിച്ചു എന്നതാണ് പി.ഹരികുമാറില്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്ന കുറ്റം. ഡോ. കെ.എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയതും ജോയിന്റ് രജിസ്ട്രാര്‍ ആയിരുന്നു. പിന്നാലെ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് വരരുത്, ഡോ.മിനി കാപ്പന് റജിസ്ട്രാര്‍ ഇന്‍ ചാര്‍ജായി പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കണം എന്നിവയാണ് വിസിയുടെ പ്രധാന ആവശ്യം.
ഭാരതാംബ ചിത്രത്തില്‍ തുടങ്ങി കേരള സര്‍വകലാശാല വിഷയങ്ങളില്‍ ഉള്‍പ്പെടെ മുറുകിയ പോര് നിലനില്‍ക്കുന്നതിനിടെയാണ് രാജഭവനില്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്. സര്‍വ്വകലാശാല വിഷയങ്ങളില്‍ സമവായം കണ്ടെത്താന്‍ വേണ്ടിയാണ് ഈ കൂടിക്കാഴ്ച നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ വിഷയം കൂടുതല്‍ വഷളാവുകയായിരുന്നു. കേരള സര്‍വകലാശാല വിസി നിയമനം, താല്‍ക്കാലിക വിസി നിയമനം, സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ അടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ് നിലനിന്നു കൊണ്ടിരിക്കുന്നത്. സ്ഥിര- താല്‍ക്കാലിക വിസിയമാരുടെ നിയമനം, കേരള സര്‍വകലാശാലയിലെ വിസി രജിസ്ട്രാര്‍ തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ കൂടികാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ 13ലും സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ലാതെ ഗുരുതര പ്രതിസന്ധിയാണ് ഉള്ളത്. ഇതിനുള്ള പരിഹാര ഫോര്‍മുല ചര്‍ച്ചയില്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.