കോഴിക്കോട്: എലത്തൂരിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്. ലോറിയുടെ പുറകിലുണ്ടായിരുന്ന ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ പഞ്ചിങ് സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ നടന്ന അപകടത്തിൽ ഷിൽജ (40) ആണ് മരിച്ചത്. ഭർത്താവ് ബൈജുവിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ബൈജുവിന് പരുക്കേറ്റു. ലോറിക്കടിയിൽപ്പെട്ട ഷിൽജ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ആംബുലൻസ് സ്ഥലത്തെത്താൻ വൈകിയത് വിവാദമായി. ഒരു മണിക്കൂർ കഴിഞ്ഞാണ് ഷിൽജയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആദ്യം എത്തിയ 108 ആംബുലൻസിൽ മൃതദേഹം കയറ്റാൻ പറ്റിയില്ല. പിന്നീട് കോഴിക്കോട് കൺട്രോൾ റൂമിൽ നിന്നും പൊലീസ് ആംബുലൻസ് എത്തിയതിനുശേഷമാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇത്രയും സമയം മൃതദേഹം റോഡിൽ കിടന്നു. നാട്ടുകാർ ഉപരോധത്തിലായി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.

ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള വലിയ പൊലീസ് സന്നാഹം സംഭവസ്ഥലത്ത് എത്തിയിരുന്നു. പൊലീസ് നടത്തിയ ചർച്ചയെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിച്ചു. രണ്ടുമണിക്കൂറോളം കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

വെസ്റ്റ്ഹിൽ ചുങ്കത്തെ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ ആയിരുന്നു ഷിൽജ. ഇതേ സ്ഥാപനത്തിലെ ഫാർമസിസ്റ്റാണ് ഭർ്ത്താവ് ബൈജു. മക്കൾ: അവന്തിക (11), അലൻ (9). അപകടത്തിൽ ബൈജുവിന് നിസാര പരിക്കാണുണ്ടായത്.