- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
16നു രാവിലെ അഞ്ചരയോടെ ഷൈന് ഹോട്ടലില്‍ മുറിയെടുത്തു; പത്തു മണിയോടെ നടനെ കാണാന്‍ ഒരു യുവതി എത്തി; മണിക്കൂറുകള്‍ക്കു ശേഷം ഇതേ നിലയില്‍ യുവതിക്കു വേണ്ടിയും ഒരു മുറിയെടുത്തു; ഫോര്‍ട്ടുകൊച്ചി ഷജീര്‍ മട്ടാഞ്ചേരി മാഫിയാംഗം; വേദാന്തയിലെത്തിയ കൂട്ടുകാരും അന്വേഷണത്തില്‍; ഷൈന് ടോം ചാക്കോ സത്യം പറയാന്‍ എത്തുമോ?
കൊച്ചി: ഡാന്‍സാഫ് സംഘം നടന്‍ ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയതു മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണെന്ന വിവരം പുറത്തു വരുമ്പോള്‍ നിറയുന്നത് സര്‍വ്വത്ര ദുരൂഹത. കൊച്ചി കേന്ദ്രീകരിച്ചുള്ള വ്യാപക ലഹരി ഇടപാടുകളിലെ കണ്ണിയായ ഫോര്‍ട്ട് കൊച്ചി സ്വദേശി ഷജീര്‍ എന്നയാളെ തേടിയാണു പോലീസ് 16 നു രാത്രി 11 നു എറണാകുളം നോര്‍ത്തിലുള്ള ഹോട്ടലില്‍ എത്തിയത്. ഇയാളുടെ ലൊക്കേഷന്‍ ഹോട്ടലിന്റെ സമീപത്തുവച്ച് അവസാനിച്ചിരുന്നു. ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ അവിടെ ഷൈന്‍ ടോം ചാക്കോയുണ്ടായിരുന്നു. തുടര്‍ന്ന് ആ മുറിയിലേക്ക് പോലീസ് പോയി. ഷൈന്‍ ഓടുകയും ചെയ്തു. 16നു രാവിലെ അഞ്ചരയോടെയാണു ഷൈന്‍ ഹോട്ടലില്‍ മുറിയെടുത്തത്. പത്തു മണിയോടെ നടനെ കാണാന്‍ ഒരു യുവതി എത്തി. മണിക്കൂറുകള്‍ക്കുശേഷം ഇതേ നിലയില്‍ യുവതിക്കുവേണ്ടിയും ഒരു മുറിയെടുത്തു. വൈകിട്ടോടെ പാലക്കാട് സ്വദേശിയായ ഒരാള്‍ ഷൈനെ കാണാനെത്തി. ഇതില്‍ ആ യുവതിയെ കണ്ടെത്താനും പോലീസ് ശ്രമിക്കും. ഇതുമായി ബന്ധപ്പെട്ടും ഷൈനില്‍ നിന്നും മൊഴിയെടുക്കും. മട്ടാഞ്ചേരി മാഫിയയിലെ പ്രധാനിയാണ് ഫോര്‍ട്ട് കൊച്ചി സ്വദേശി ഷജീര്‍. ഷജീറിന്റെ ഫോണ്‍ ഹോട്ടലിന് അടുത്തു വരെ എത്തിയതും പോലീസ് പരിശോധിക്കുന്നുണ്ട്. കല്ലൂരിലെ വേദാന്ത ഹോട്ടലിലായിരുന്നു എല്ലാം സംഭവിച്ചത്.
ഷജീറിനെ അന്വേഷിച്ചെത്തിയ ഡാന്‍സാഫ് സംഘം ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് കണ്ടുവെന്നാണ് വിശദീകരിക്കുന്നത്. നടന്റെ മുറിക്കു മുന്നിലെത്തിയ സംഘം, പല തവണ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. റൂം സര്‍വീസ് ഒന്നും വേണ്ട, തന്നെ ആരും ശല്യപ്പെടുത്തരുതെന്നു ഷൈന്‍ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്നാണു ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. പോലീസ് എത്തിയ വിവരം ഹോട്ടല്‍ ജീവനക്കാരില്‍നിന്നു ചോര്‍ന്നതായാണു പോലീസ് സംശയിക്കുന്നത്. മുറിയില്‍ പരിശോധന നടത്തിയ ഡാന്‍സാഫ് സംഘത്തിനു കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നതു ഷൈന്‍ ടോം ചാക്കോയാണെന്ന് മുറിയിലുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞു. സ്യൂട്ട് റൂമിന്റെ ലെന്‍സിലൂടെ പോലീസിനെ കണ്ട ഷൈന്‍ ടോം ചാക്കോ ജനല്‍ വഴി ചാടി, രണ്ടാം നിലയിലെ ഷീറ്റ് വഴി ഊര്‍ന്നിറങ്ങി സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കോണിപ്പടികള്‍ വഴി ഓടി രക്ഷപ്പെട്ടു. പേടിച്ചിട്ടാകാം മകന്‍ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടത് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ അമ്മ പ്രതികരിച്ചത്. 'യൂണിഫോമില്‍ അല്ല പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. റൂം സര്‍വീസിന് വന്നതാണോയെന്ന് അവന്‍ വിളിച്ച് ചോദിച്ചിരുന്നു. ആരേയും അയച്ചിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. താന്‍ ആരേയും വിളിച്ചിട്ടില്ലെന്ന് ഷൈനും പറഞ്ഞു. ഉറക്കത്തിനിടയില്‍ പെട്ടെന്നല്ലേ ഉദ്യോഗസ്ഥരെ കാണുന്നത്. അപ്പോള്‍ ഇറങ്ങി ഓടിയതാണ്. മകന്‍ എവിടെ എന്നറിയില്ല', അമ്മ മറിയ കാര്‍മല്‍ പറഞ്ഞു. എന്നാല്‍ പോലീസിനെ കണ്ടതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഷൈനിന്റെ നടപടി സംശയകരമാണെന്നാണ് പോലീസ് നിഗമനം.
നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിനെ കണ്ടപ്പോള്‍ എന്തിന് ഇറങ്ങി ഓടിയന്ന് ഇന്നറിയാം എന്നാണ് പോലീസ് പ്രതീക്ഷ. ഇതിനടക്കം 32 പൊലീസിന്റെ 32 ചോദ്യങ്ങള്‍ക്ക് നടന്‍ ഇന്ന് ഉത്തരം നല്‍കണം. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് ആണ് പ്രാഥമിക ചോദ്യാവലി തയാറാക്കിയത്. ഹോട്ടലില്‍ പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ഇഴകീറി ചോദിക്കാനാണ് പൊലീസിന്റെ നീക്കം. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ നടനെ സന്ദര്‍ശിച്ചവരുടെ വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഹോട്ടലുകളില്‍ ഷൈനിനെ ആരൊക്കെ സന്ദര്‍ശിച്ചു, ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും സാഹസികമായി ഇറങ്ങി ഓടിയത് എന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയത്. ഷൈന്‍ ഹാജരാവുകയാണെങ്കില്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയും പരിശോധിക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയതെങ്കിലും യാത്രയില്‍ ആയതിനാല്‍ വൈകിട്ട് മൂന്ന് മണിക്ക് ഹാജരാകാമെന്നാണ് ഷൈന്‍ അറിയിച്ചിട്ടുള്ളത്. തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയത്. കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഡാന്‍സാഫ് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട സംഭവത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുക. എന്നാല്‍ നടന്‍ പോലീസിന് മുമ്പില്‍ എത്തുമോ എന്ന് ഇനിയും വ്യക്തതയില്ല.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഷൈന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും പിതാവ് പ്രതികരിച്ചു. ദയവ് ചെയ്ത് ദ്രോഹിക്കരുതെന്ന് ഷൈന്‍ ടോം ചാക്കോയുടെ മാതാവും മാധ്യമങ്ങളോട് പ്രതികരിച്ചു.