കൊച്ചി: എനര്‍ജിക്കുവേണ്ടിയാണ് താന്‍ ലഹരി ഉപയോഗിച്ചതെന്ന് പോലീസിനോട് സമ്മതിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ എഫ് ഐ ആറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുമ്പോള്‍ പോലീസിന് പുതിയ സംശയം. താന്‍ ലഹരി ഉപയോഗിച്ചുവെന്ന് ചോദ്യം ചെയ്യലിനിടെ നടന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് സ്വയം തയ്യാറായി ഷൈന്‍ ടോം ചാക്കോ എത്തിയതില്‍ പോലീസിന് സംശയമുണ്ട്. എന്നാല്‍ എഫ് ഐ ആറിനെതിരെ നിയമ നടപടിക്കുള്ള നടന്റെ നീക്കം പോലീസ് നിരീക്ഷിക്കുന്നുണ്ട്. ജാമ്യമുള്ള വകുപ്പുകളിലാണ് കേസ്. ഷൈന്‍ ടോം ചാക്കോയുടെ പുതിയ നീക്കത്തോടെ വൈദ്യപരിശോധനയില്‍ ലഹരി കണ്ടെത്താതിരിക്കാനുള്ള മറുമരുന്ന് ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയം പോലീസിന് ഉണ്ട്.

മറുമരുന്ന് അഥവാ ആന്റിഡോട്ടുകള്‍ ഉപയോഗിച്ചാല്‍ ലഹരിപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് വിലയിരുത്തലുണ്ട്. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ശേഷം 48 മണിക്കൂറിന് ശേഷമാണ് പോലീസിന് മുന്നില്‍ ഹാജരായത്. ആവശ്യത്തിന് സമയം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓട്ടം മുതല്‍ തന്നെ നടന്‍ അഭിഭാഷകരെ ബന്ധപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഓട്ടത്തിന്റെ അടുത്ത ദിവസം രാവിലെ തന്നെ വാര്‍ത്തകളെത്തി. ഇതിന് ശേഷം വിശദ നിയമോപദേശം ഷൈന്‍ തേടി. രക്തപരിശോധനയുടെ സാധ്യതയും അറിയാം. ഈ സാഹചര്യത്തില്‍ അത്യാധുനിക മറുമരുന്നുകളുടെ സാധ്യത ഷൈന്‍ തേടിയിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയം. കഴിഞ്ഞവര്‍ഷം കൂത്താട്ടുകുളത്തെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തി ചികിത്സ തേടിയിരുന്നതായും ഷൈന്‍ മൊഴി നല്‍കിയിരുന്നു. അവിടെ പോയി വിവരങ്ങള്‍ ശേഖരിക്കും. ഷൈനിനെ ഈ കേസില്‍ ഒരു ചുക്കും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസം നടനെ പിന്തുണയ്ക്കുന്നവര്‍ പങ്കുവയ്ക്കുന്നുണ്ട്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ശനിയാഴ്ച രാവിലെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈനിനെ മൂന്ന് മണിക്കൂറിലേറെ സമയമാണ് ചോദ്യംചെയ്തത്. ഇതിന് ശേഷം ഷൈനിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് വൈദ്യപരിശോധനയ്ക്കു ശേഷം ഷൈനിനെ പോലീസ് ജാമ്യത്തില്‍ വിട്ടു. വീണ്ടും ചോദ്യം ചെയ്യാനായി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷൈനിനെതിരേ നര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിലെ (എന്‍ഡിപിഎസ്) 27, 29 വകുപ്പുകള്‍ പ്രകാരവും ബിഎന്‍എസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്. ഏകദേശം നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഷൈന്‍ ടോം ചാക്കോയെ പോലീസ് ലഹരിക്കേസില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരായ നടന്‍ ചോദ്യംചെയ്യലില്‍ പലതും നിഷേധിച്ചു. ലഹരി ഇടപാടുകാരെ അറിയില്ലെന്നായിരുന്നു നടന്റെ ആദ്യമറുപടി. എന്നാല്‍, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍വിളി വിവരങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടെ നിരത്തി പോലീസ് ചോദ്യംചെയ്തതോടെ കുറ്റസമ്മതം വന്നു.

ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം മാത്രം ലഹരി ഇടപാടുകാരനുമായി ഇരുപതിനായിരം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഓടിയ ദിവസം ലഹരി ഉപയോഗിക്കുകയോ ലഹരി കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈനിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റി ഡോപിംഗ് ടെസ്റ്റ് നടത്തുന്നത്. നടന്റെ രക്തവും നഖവും മുടിയും പരിശോധിക്കും. ആറ് മുതല്‍ 12 മാസം വരെ ലഹരി ഉപയോഗിച്ചത് ആന്റി ഡോപിംഗ് ടെസ്റ്റ് വഴി കണ്ടെത്താനാകും. താന്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് ഷൈന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇറങ്ങിയോടിയ ദിവസം ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി. ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണ്. സിനിമാ പ്രവര്‍ത്തകരാണ് ലഹരി എത്തിച്ച് നല്‍കുന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഷൈന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഹോട്ടലില്‍ ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ലഹരി ഇടപാടുകളില്‍ പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ് കണ്ടെത്തി.