കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും സാഹസികമായി ജനല്‍വഴി ചാടി രക്ഷപെട്ട സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. യാദൃച്ഛികമായാണ് ഹോട്ടലില്‍ ഷൈന്‍ ടോം ചാക്കോ ഉള്ള വിവരം ഡാന്‍സാഫ് സംഘം അറിഞ്ഞതെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ഡാന്‍സാഫ് സംഘം ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്. കൊച്ചി കേന്ദ്രീകരിച്ച് വ്യാപക ലഹരി ഇടപാടുകളിലെ കണ്ണിയായ ഷജീര്‍ എന്നയാളെ തേടിയാണ് പോലീസ് ഹോട്ടലില്‍ എത്തിയത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് സംഘം ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്ന സ്വകാര്യഹോട്ടലില്‍ എത്തിയത്.

ബുധനാഴ്ച രാത്രി 10.30-ന് ശേഷമാണ് ഡാന്‍സാഫ് സംഘം എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ എത്തിയത്. പിന്തുടര്‍ന്നെത്തിയ ലഹരി ഇടപാടുകാരന്റെ ലൊക്കേഷന്‍ ഹോട്ടലിന്റെ സമീപത്തുവെച്ച് അവസാനിച്ചു. ഇയാള്‍ ഹോട്ടലിലേക്ക് കടന്നു എന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് സംഘം ഇവിടെ കയറിയത്. എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് കണ്ടു. തുടര്‍ന്ന് ഷൈനിനെ കാണുന്നതിന് സംഘം ശ്രമിച്ചു.

ഷൈന്‍ ടോം ചാക്കോയുടെ മുറിക്ക് മുമ്പിലെത്തിയ സംഘം, പല തവണ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. റൂം സര്‍വീസ് ഒന്നും വേണ്ട, തന്നെ ആരും ശല്യപ്പെടുത്തരുത് എന്ന് ഷൈന്‍ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. പോലീസ് എത്തിയ വിവരം ഹോട്ടല്‍ ജീവനക്കാരില്‍നിന്ന് ചോര്‍ന്നതായാണ് പോലീസ് സംശയിക്കുന്നത്.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മുറിയുടെ വാതില്‍ തുറന്നത്. ഇതേ സമയത്ത് ഷൈന്‍ ജനാലയിലൂടെ താഴേക്ക് ചാടി ഓടുകയായിരുന്നു. തുടര്‍ന്ന് ഡാന്‍സാഫ് സംഘം മുറിയിലുണ്ടായിരുന്ന ഷൈനിന്റെ സുഹൃത്തിനെയും മുറിയും പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും ലഭിച്ചില്ല. അതുകൊണ്ടു തന്നെ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ എന്തിനാണ് ഷൈന്‍ ഓടിയത് എന്നതാണ് ഡാന്‍സാഫ് സംഘത്തിന് മനസിലാകാത്തത്. പൊലീസ് ആണെന്ന് മനസ്സിലാക്കി ഭയന്ന് ഓടിയതാകാമെന്നാണ് പ്രധാന സംശയം.

സ്യൂട്ട് റൂമിന്റെ ലെന്‍സിലൂടെ പോലീസിനെ കണ്ട ഷൈന്‍ ടോം ചാക്കോ ജനല്‍ വഴി ചാടുകയായിരുന്നു. രണ്ടാം നിലയിലെ ഷീറ്റ് വഴി ഊര്‍ന്നിറങ്ങി സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കോണിപ്പടികള്‍ വഴി ഓടി രക്ഷപ്പെട്ടു. മുറിയില്‍ പരിശോധന നടത്തിയ ഡാന്‍സാഫ് സംഘത്തിന് കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നത് ഷൈന്‍ ടോം ചാക്കോയാണെന്ന് സന്ദര്‍ശകനും പോലീസിനോട് വ്യക്തമാക്കിയിരുന്നു.

ലഹരി ഉപയോഗമോ ലഹരി വസ്തുക്കളോ കണ്ടെത്താത്ത സാഹചര്യത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കേസും എടുത്തിട്ടില്ല. എങ്കിലും എന്തിനാണ് ഇത്ര സാഹസികമായി ഷൈന്‍ ഓടി രക്ഷപ്പെട്ടത് എന്നതാണ് ഡാന്‍സാഫ് ടീമിന്റെ സംശയം.

പേടിച്ചിട്ടാകാം മകന്‍ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടത് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ അമ്മ പ്രതികരിച്ചത്. 'യൂണിഫോമില്‍ അല്ല പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. റൂം സര്‍വീസിന് വന്നതാണോയെന്ന് അവന്‍ വിളിച്ച് ചോദിച്ചിരുന്നു. ആരേയും അയച്ചിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. താന്‍ ആരേയും വിളിച്ചിട്ടില്ലെന്ന് ഷൈനും പറഞ്ഞു. ഉറക്കത്തിനിടയില്‍ പെട്ടെന്നല്ലേ ഉദ്യോഗസ്ഥരെ കാണുന്നത്. അപ്പോള്‍ ഇറങ്ങി ഓടിയതാണ്. മകന്‍ എവിടെ എന്നറിയില്ല', അമ്മ മറിയ കാര്‍മല്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ അഞ്ചരയോടെയാണ് ഷൈന്‍ ഹോട്ടലില്‍ മുറി എടുത്തത്. 10 മണിയോടെ ഷൈന്‍ ടോം ചാക്കോയെ കാണാന്‍ ഒരു യുവതി എത്തി. മണിക്കൂറുകള്‍ക്ക് ശേഷം ഇതേ നിലയില്‍ യുവതിക്കുവേണ്ടിയും ഒരു മുറിയെടുത്തു. വൈകീട്ടോടെ പാലക്കാട് സ്വദേശിയായ ഒരാള്‍ ഷൈനിനെ കാണാന്‍ എത്തി.

പോലീസിനെ കണ്ടതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഷൈനിന്റെ നടപടി സംശയകരമാണെന്നാണ് പോലീസ് നിഗമനം. കൈയില്‍നിന്ന് വഴുതിപ്പോയ നടനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാണ്. ഇയാളുടെ ഫ്ളാറ്റില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)